കനത്ത മഴയെത്തുടർന്ന് ചിറ്റിലപ്പള്ളിയിൽ വീട് മണ്ണിൽ ഇടിഞ്ഞു താഴ്ന്നു; അയൽ വീടുകളും അപകടാവസ്ഥയിൽ...

കനത്ത മഴയെത്തുടർന്ന് ചിറ്റിലപ്പള്ളിയിൽ വീട് മണ്ണിൽ ഇടിഞ്ഞു താഴ്ന്നു. ചിറ്റിലപ്പള്ളി സ്വദേശി കോരുത്തുകര ഹരിദാസിന്‍റെ വീടിന്‍റെ പിന്നിലെ കിണറും ഇടിഞ്ഞു താഴ്‍ന്നിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെ വീടിന്‍റെ പിൻഭാഗം പൂർണമായി മണ്ണിൽത്താഴുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. പക്ഷേ, അപകടഭീതി ഒഴിയുന്നില്ല. ഹരിദാസിന്‍റെ തൊട്ടടുത്തുള്ള വീടും അപകടാവസ്ഥയിൽ എപ്പോൾ ഇടിഞ്ഞു വീഴുമെന്നറിയാത്ത സ്ഥിതിയിലാണുള്ളത്. ആദ്യമായാണ് ഈ പ്രദേശത്ത് വീട് ഇടിഞ്ഞു താഴുന്ന പ്രതിഭാസമുണ്ടാകുന്നതെന്ന് നാട്ടുകാർ പറയുന്നു. താമസിക്കുന്ന വീട് അടക്കം ഇടിഞ്ഞ് താഴ്‍ന്നതിനാൽ പരിഭ്രാന്തിയിലാണ് നാട്ടുകാർ.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വീടിന് പിന്നിലുള്ള കിണർ ഇടിഞ്ഞു താഴ്‍ന്നതായി വീട്ടുടമ ഹരിദാസ് കണ്ടത്. വലിയ ശബ്ദം കേട്ടതിനെത്തുടർന്ന് ചെന്ന് നോക്കിയപ്പോൾ കിണർ ചുറ്റുമതിലടക്കം ഇടിഞ്ഞു താഴ്‍ന്നതായി കണ്ടു. തൊട്ടടുത്ത വീടിന്‍റെ മതിലിനും വിള്ളലുണ്ടായിരുന്നു. ഇന്നലെ മുതൽ ഈ കിണറിലെ വെള്ളം കലങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വീട് ഇടിഞ്ഞു താഴ്‍ന്നത്. വീട്ടിലുണ്ടായിരുന്ന സാധന സാമഗ്രികളെല്ലാം ചളിയിൽ പൂണ്ടു പോയ സ്ഥിതിയാണ്. സ്ഥലത്ത് വില്ലേജ് ഓഫീസറും പൊലീസുമെത്തി പരിശോധന നടത്തുകയാണ്.
https://www.facebook.com/Malayalivartha

























