യൂണിവേഴ്‌സിറ്റി കോളജില്‍ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചു... അമല്‍ ചന്ദ്ര പ്രസിഡന്റും ആര്യ എസ്. നായര്‍ വൈസ് പ്രസിഡന്റും

18 വര്‍ഷങ്ങള്‍ക്ക് ശേഷം യൂണിവേഴ്‌സിറ്റി കോളജില്‍ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചു. സെക്രട്ടേറിയേറ്റ് പടിക്കല്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന നിരാഹാര സമര പന്തലില്‍ വെച്ചാണ് യൂണിറ്റ് രൂപീകരണം സംബന്ധിച്ച് പ്രഖ്യാപനം നടന്നത്. അമല്‍ ചന്ദ്ര പ്രസിഡന്റും ആര്യ എസ്. നായര്‍ വൈസ് പ്രസിഡന്റുമാണ്. ഏഴംഗ കമ്മറ്റിയില്‍ രണ്ട് പേര്‍ പെണ്‍കുട്ടികളാണ്.
കോളജില്‍ സമാധാനപൂര്‍വം പ്രവര്‍ത്തനം നടത്തുമെന്നും ശക്തവും ആരോഗ്യകരവുമായ സംഘടനാ പ്രവര്‍ത്തനം കാഴ്ചവെക്കാനാണ് തീരുമാനമെന്നും കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി ചുമതലയേറ്റ അമല്‍ ചന്ദ്ര പറഞ്ഞു.
എസ്.എഫ്.ഐ പ്രവര്‍ത്തകനെ എസ്.എഫ്.ഐ നേതാക്കള്‍ കുത്തിവീഴ്ത്തിയ സംഭവത്തെ തുടര്‍ന്ന് പത്ത് ദിവസമായി അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളജ് കനത്ത സുരക്ഷാ വലയത്തില്‍ ഇന്ന് തുറന്നു. തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചശേഷമാണ് അധ്യാപകരെയും അനധ്യാപകരെയും വിദ്യാര്‍ഥികളെയും കോളജില്‍ പ്രവേശിപ്പിക്കുന്നത്.
കോളജ് കവാടത്തിലും പുറത്തും കനത്ത പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ പ്രിന്‍സിപ്പല്‍ ഡോ. സി.സി. ബാബു കഴിഞ്ഞദിവസം ചുമതലയേറ്റിരുന്നു. അക്രമസംഭവങ്ങള്‍ക്ക് ശേഷം കോളജില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ നേരിട്ട് ഇടപെട്ട് തിരുത്തല്‍ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























