വീടിന് മുന്നില്‍ വയോധികയെ ചോരവാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തി

ആലപ്പുഴ തുമ്പോളി പള്ളിക്ക് സമീപം വയോധികയെ വീടിനുമുന്നില്‍ ചോരവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. തുമ്പോളി കൊച്ചുതൈയ്യില്‍ വീട്ടില്‍ മറിയാമ്മ രാജപ്പനെ (79) ആണ് ഇന്ന് പുലര്‍ച്ചയോടെ വീടിനുമുന്നിലെ കാര്‍പോര്‍ച്ചില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ പത്രവിതരണത്തിനെത്തിയ ആളാണ് വൃദ്ധയെ മരിച്ച നിലയില്‍ കണ്ടത്. പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് ആലപ്പുഴ നോര്‍ത്ത് പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
ഭര്‍ത്താവ് മരിച്ച ഇവര്‍ മക്കളില്ലാത്തതിനാല്‍ കുറേ വര്‍ഷങ്ങളായി ബന്ധുക്കളുടെ കൂടെയായിരുന്നു താമസം. ബന്ധുവിന്റെ ചികിത്സയുടെ ആവശ്യത്തിനായി വീട്ടിലുള്ളവര്‍ തിരുവനന്തപുരത്ത് പോയതിനാല്‍ രണ്ടുമൂന്നുദിവസമായി ബന്ധുവിന്റെ വീടായ തോട്ടത്തില്‍വീട്ടില്‍ ഒറ്റയ്‌ക്കേ ഉണ്ടായിരുന്നുള്ളൂ.
പുലര്‍ച്ചെ ഗേറ്റ് തുറക്കാനായി പുറത്തേക്കിറങ്ങവെ തെന്നി വീണതിനെ തുടര്‍ന്ന് മരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൈയില്‍ ഗേറ്റിന്റെ താഴും താക്കോലും കാണപ്പെട്ടതാണ് ഈ നിഗമത്തിലേക്കെത്തപ്പെടാന്‍ കാരണം.
എന്നാല്‍ ശരീരത്തിലെ പല ഭാഗങ്ങളിലും മാംസം അടര്‍ന്ന നിലയില്‍ കാണപ്പെട്ടതിനാല്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് പോലീസ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഫോറന്‍സിക് വിരലടയാള വിദഗ്ധര്‍ സ്ഥലം പരിശോധിക്കും. ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയുമുണ്ടാകും. മരണത്തില്‍ ദുരൂഹതയുള്ളതായി ഇതുവരെ വിവരമില്ല.
https://www.facebook.com/Malayalivartha






















