രമ്യ ഹരിദാസിന്റെ കാറിന് പിരിച്ചത് 6.13 ലക്ഷം; പിരിവു നൽകിയവർക്കു തന്നെ തിരികെ നൽകാൻ യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് കമ്മിറ്റി തീരുമാനം

രമ്യാ ഹരിദാസ് എംപിക്കു കാർ വാങ്ങാനായി പിരിച്ചെടുത്ത പണം, പിരിവു നൽകിയവർക്കു തന്നെ തിരികെ നൽകാൻ യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് കമ്മിറ്റി തീരുമാനം. പിരിവ് നടത്തിയതിൽ 6.13 ലക്ഷം രൂപയാണ് ഇതുവരെ പിരിച്ചത്. പിരിവെടുത്തു കാർ വാങ്ങുന്നതിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ രംഗത്തു വന്നതോടെ, കാർ സ്വീകരിക്കില്ലെന്നു രമ്യ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണു പിരിച്ചെടുത്ത തുക തിരികെ നൽകാൻ ഇന്നലെ ചേർന്ന പാർലമെന്റ് കമ്മിറ്റി തീരുമാനിച്ചത്.
പണം മടക്കി നൽകുമ്പോൾ രസീതുകൾ തിരികെ വാങ്ങി അടുത്ത മാസം 11നു ചേരുന്ന കമ്മിറ്റിയിൽ എത്തിക്കണമെന്ന് എല്ലാ നിയോജക മണ്ഡലം കമ്മിറ്റികൾക്കും നിർദേശം നൽകി. ഇതിനിടെ, കാർ വാങ്ങാനുള്ള തീരുമാനത്തിൽ നിന്നു കെപിസിസി ഉപദേശം മാനിച്ചു പിൻവാങ്ങിയ രമ്യയെ അഭിനന്ദിക്കുന്നുവെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ ഫെയ്സ്ബുക് പോസ്റ്റിൽ കുറിച്ചു. ലോക്സഭാംഗമല്ലെങ്കിൽ സഹപ്രവർത്തകരുടെ സ്നേഹസഹായം സ്വീകരിക്കുന്നതിൽ തെറ്റില്ല. ആരുടെ പക്കൽ നിന്നും ഉപഹാരമോ ദാനമോ സ്വീകരിക്കരുതെന്ന് എംപിമാരുടെ മാതൃകാ പെരുമാറ്റച്ചട്ടത്തിൽ നിഷ്‌കർഷിച്ചിട്ടുണ്ട്. ഇതു മുൻനിർത്തി ജ്യേഷ്ഠസഹോദരൻ എന്ന നിലയിലാണു വിയോജിപ്പു വ്യക്തമാക്കിയതെന്നു മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം, രമ്യയെ പിന്തുണച്ചു പി.ടി. തോമസ് എംഎൽഎ രംഗത്തെത്തി. രമ്യയ്ക്കു സഹപ്രവർത്തകർ കാർ വാങ്ങി നൽകുന്നതു മഹാ അപരാധമാണെന്ന പ്രചാരണം ശരിയല്ല. സിപിഎം നേതാക്കൾ ഈയിടെ വരെ കാർ വാങ്ങിയിരുന്നതു ജനങ്ങളിൽ നിന്നു പിരിവെടുത്താണ്. അതേസമയം, കെപിസിസി പ്രസിഡന്റിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വിഷയത്തിൽ രമ്യ ഹരിദാസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു....
യൂത്ത് കോൺഗ്രസ് പിരിവെടുത്തു തനിക്കായി കാർ വാങ്ങേണ്ടതില്ലെന്ന നിലപാടുമായി ആലത്തൂർ എംപി രമ്യ ഹരിദാസ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം അനുസരിക്കും. പൊതുജീവിതം സുതാര്യമായിരിക്കണമെന്നതു വ്രതവും ശപഥവുമാണെന്നും രമ്യ ഹരിദാസ് സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. മദർ തെരേസയുടെ ചിത്രമുൾപ്പെടെ പങ്കു വച്ചാണ് എംപി നിലപാട് വ്യക്തമാക്കിയത്.
‘എന്നെ ഞാനാക്കിയ എന്റെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഒരഭിപ്രായം പറഞ്ഞാൽ അതാണ് എന്റെ അവസാന ശ്വാസം ഞാൻ കെപിസിസി പ്രസിഡന്റിന്റെ വാക്കുകൾ ഏറെ അനുസരണയോടെ ഹൃദയത്തോടു ചേർക്കുന്നു. എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ സഹോദരങ്ങൾക്ക് ഒരു പക്ഷേ എന്റെ തീരുമാനം ഇഷ്ടപ്പെട്ടെന്നു വരില്ല. നമ്മുടെ കൂടപ്പിറപ്പുകളിൽ ഒരാൾ സംസ്ഥാനത്തെ യുവതയ്ക്കു വേണ്ടി ജീവൻ പണയം വച്ചു സമരം ചെയ്യുമ്പോൾ നമ്മുടെ കണ്ണും കാതും എല്ലാം ആ പോരാട്ടത്തിന് മധ്യേ ആയിരിക്കണം’ എന്നും രമ്യ സമൂഹമാധ്യമത്തിൽ കുറിച്ചു.
അതേസമയം ഈ വിഷയത്തിൽ രൂക്ഷ വിമര്ശനവുമായാണ് വിടി ബൽറാം മുന്നോട്ട് വന്നത്. സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഒരു നമ്പൂതിരിപ്പാട് പറഞ്ഞാൽ അത് ലാളിത്യം, വിനയം, സുതാര്യത, അഴിമതിയില്ലായ്മ... എന്നാൽ, കേരളത്തിലെ ഏറ്റവും ദരിദ്രയായ പാർലമെന്റംഗമായ, നിരവധി കടബാധ്യതകളുള്ള ഒരു ദലിത് പെൺകുട്ടിക്ക് സ്വന്തം സഹപ്രവർത്തകർ പിരിവിട്ട് ഒരു വാഹനം വാങ്ങിക്കൊടുത്താൽ അത് ആർത്തി, ആക്രാന്തം, അഹങ്കാരം, അട്ടയെ പിടിച്ച് മെത്തയിൽക്കിടത്തൽ... എന്ന് വരുത്തി തീർക്കും എന്ന് ബൽറാം വിമർശിച്ചു. മഹാനായ അംബേദ്കർ "എ ബഞ്ച് ഓഫ് ബ്രാഹ്മിൺ ബോയ്സ്" എന്ന് വിശേഷിപ്പിച്ച കമ്മ്യൂണിസ്റ്റുകാർക്കിടയിൽ പ്രിവിലിജിന്റെ അങ്ങേത്തലക്കലുള്ള സവർണ്ണന്റെ പ്രച്ഛന്ന ദാരിദ്ര്യത്തിനേ ഇന്നും മാർക്കറ്റുള്ളൂ എന്നും ബൽറാം പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























