കണ്ട് പഠിക്ക് കളക്ടര്‍മാരെ.... സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍; അവധി നല്‍കാനാകില്ലെന്ന് പത്തനംതിട്ട കളക്ടര്‍ തീരുമാനമെടുത്തതോടെ പൊങ്കാല; ദൈവം വിളി കേട്ട പോലെ ദേ വരുന്നു മറ്റൊരു അവധി

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി വേണമെന്നാണ് ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളുടേയും അഭിപ്രായം. പെരുമഴയത്ത് നനഞ്ഞ് പോയാല്‍ പനിപിടിച്ചാല്‍ ആര് നോക്കും. എന്തെങ്കിലും സംഭവിച്ചാല്‍ ആര് ഉത്തരം പറയും. മാത്രമല്ല എപ്പോള്‍ ഈ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിക്കുമെന്നുമറിയില്ല. പലപ്പോഴും അവധി നോക്കിയിട്ട് പോയില്ലെങ്കില്‍ ജോലിക്ക് പോകുന്ന രക്ഷിതാക്കള്‍ വെള്ളം കുടിക്കും. മക്കള്‍ തിരിച്ചെത്തിയാല്‍ ആരും വീട്ടില്‍ കാണില്ല. കഴിഞ്ഞ തവണത്തെ മഴയില്‍ തിരുവനന്തപുരം കളക്ടര്‍ രാവിലെ അവധി പ്രഖ്യാപിച്ചത് വളരെ വിവാദമായിരുന്നു. അതിനാല്‍ പത്രം നോക്കിയിട്ട് കാര്യമില്ല. വാട്‌സാപ്പോ ടിവിയോ നോക്കണം. വാട്‌സാപ്പ് നോക്കിയാല്‍ ചിലപ്പോള്‍ പണി കിട്ടും. ചില വിരുതന്‍മാര്‍ സ്വയം കളക്ടറായി അവധി പ്രഖ്യാപിച്ച് കളയും. അത് വൈറലാകുകയും ചെയ്യും. അത് തന്നെയാണ് കഴിഞ്ഞ ദിവസം മഴപ്രദേശമായ പത്തനംതിട്ടയിലും ഉണ്ടായത്.
അയ്യപ്പന്റെ സ്വന്തം നാടായ പത്തനംതിട്ടയുടെ കളക്ടര്‍ പി.ബി.നൂഹിന്റെ പേരില്‍ വ്യാജ മഴയവധി വന്നതാണ് സംഭവങ്ങളുടെ തുടക്കം. ഞായറാഴ്ച തന്റെ പേരില്‍ അവധി പ്രഖ്യാപിച്ച സന്ദേശം പ്രചരിക്കുന്നതു കണ്ട് പത്തനംതിട്ട ജില്ലാ കലക്ടര്‍ ഞെട്ടി. ഇത് എന്റെ സന്ദേശമല്ല. ഞാനറിഞ്ഞിട്ടേയില്ലെന്നും അവധിയില്ലെന്നും പറഞ്ഞ് ഫേസ്ബുക്കില്‍ കല്കടറുടെ ഔദ്യോഗിക പേജില്‍ തന്നെ പോസ്റ്റിട്ടു. പിന്നാലെ വന്ന കമന്റുകളാണ് അതിലും രസമായത്. സര്‍ അവധി തന്നില്ലെങ്കില്‍ സാധാരണ ഒരു ദിവസം പോലെ കടന്നുപോകും. പക്ഷേ അവധി തന്നാല്‍ അത് ചരിത്രമാകും. മഴയത്ത് നനഞ്ഞാണു പോകുന്നതെന്നും അടിവസ്ത്രം വരെ നനഞ്ഞ് ക്ലാസില്‍ പോയി ഇരിക്കേണ്ടിവരുമെന്നും ചിലര്‍ പറഞ്ഞു. എന്നാല്‍ കളക്ടര്‍ക്ക് യാതൊരു കുലുക്കവുമില്ല.
കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളില്‍ മഴ അവധി ആഘോഷമാണ്. മഴ നനഞ്ഞ മറ്റ് ജില്ലക്കാരായ വിദ്യാര്‍ത്ഥികള്‍ കൊതിയോടെയാണ് ഒരു അവധി കാത്തിരുന്നത്. പത്തനംതിട്ട ജില്ലക്കാരുടെ സ്വന്തം ദൈവമായ അയ്യപ്പന്‍ അവരുടെ വിളി കേട്ടു. ഒപ്പം മറ്റ് ജില്ലക്കാരുടേയും. കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം അവധി സമ്മാനിച്ച ദൈവമാണ് അയ്യപ്പന്‍. എത്ര ഹര്‍ത്താലുകളാ അയ്യപ്പന്റെ പേരില്‍ കിട്ടിയത്. അവസാനം കോടതി പോലും പറഞ്ഞു ഹര്‍ത്താല്‍ പാടില്ലെന്ന്. പ്രഖ്യാപിക്കുന്നവനെതിരെ കേസെടുക്കുമെന്ന്. ആ ഹര്‍ത്താല്‍ കേസില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് ഇപ്പോഴും വെള്ളം കുടിക്കുകയാണ്. അതിനാലാണ് കണ്‍ മുമ്പില്‍ അടി കണ്ടിട്ടും ഡീന്‍ ഇന്നലെ ഹര്‍ത്താല്‍ പ്രഖ്യാപിക്കാത്തത്. എങ്കിലുംദേ വരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ മൊത്തം അവധി. പ്രഖ്യാപിച്ചത് കളക്ടര്‍മാരല്ല. പിന്നെയോ സെക്രട്ടറിയേറ്റില്‍ നിന്നും അടികൊണ്ട കെ.എസ്.യു. യൂത്ത് കോണ്‍ഗ്രസുകാരാ കക്ഷികള്‍. സെക്രട്ടറിയേറ്റിന് മുന്നില്‍ കെ.എസ്.യു സമരത്തിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യയനം നാളെ തടഞ്ഞുകൊണ്ടുള്ള സമരത്തിനാണ് കെ.എസ്.യു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്നത്. തടയണമല്ലോ... ഇതോടെ കളക്ടറേകാളും പവറായ കെഎസ്.യുക്കാര്‍ക്ക് അഭിവാദനമര്‍പ്പിച്ച പോസ്റ്റുകളായി. ഒന്നു പോയ് പണി നോക്ക് കളക്ടര്‍മാരെ. ചുളുവിന് ഒരവധി കിട്ടിയല്ലോ. പക്ഷെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥകള്‍ക്ക് ഈ ബന്ദ് ബാധകമല്ലാത്തതിനാല്‍ അവരുടെ സങ്കടം ഇപ്പോഴും ബാക്കി. സാരമില്ല മഴ ഇനിയുമുണ്ടല്ലോ എന്ന് ആശ്വസിക്കാം.
അതേസമയം വടക്കന്‍ ജില്ലകളില്‍ ശക്തമായും തെക്കന്‍ ജില്ലകളില്‍ തെല്ലൊന്നു ശമിച്ചും മഴ തുടരുന്നു. മഴക്കെടുതിയില്‍ തൃശൂരും കോഴിക്കോടും കാസര്‍ഗോഡുമായി മൂന്നു മരണം. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി മണിക്കടവില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനെ കണ്ടെത്താനുള്ള തിരച്ചില്‍ രണ്ടാംദിവസവും തുടര്‍ന്നു.
കോഴിക്കോട് കടലില്‍ ഒരാളെ കാണാതായെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. വ്യാഴാഴ്ചവരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്
കാസര്‍ഗോഡ് വെള്ളരിക്കുണ്ട് കനപ്പള്ളിയില്‍ വീടു തകര്‍ന്ന് അഞ്ചുപേര്‍ക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം. കോഴിക്കോട് ജില്ലയിലെ മലയോരപ്രദേശങ്ങളില്‍ നാലുദിവസമായി തുടരുന്ന മഴയ്ക്ക് ശമനമായിട്ടില്ല. മൂന്നുദിവസമായി തുടരുന്ന മഴയില്‍ കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പയ്യന്നൂര്‍ മീന്‍കുഴി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കടലാക്രമണത്തെത്തുടര്‍ന്നു പൊന്നാനി തീരദേശത്തെ 60 വീടുകളില്‍ വെള്ളംകയറി. വയനാട്ടില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചുവെങ്കിലും മഴ ദുര്‍ബലമായിരുന്നു.
സംസ്ഥാനത്ത് 26 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ക്യാമ്പുകളില്‍ 1519 പേരാണുള്ളത്. കോട്ടയം ജില്ലയിലാണ് കൂടുതല്‍ ക്യാമ്പുകള്‍, ഒന്‍പതെണ്ണം. നാലു ക്യാമ്പുകളിലായി 680 പേരുള്ള തിരുവന്തപുരത്താണ് ഏറ്റവും കൂടുതലാളുകള്‍
https://www.facebook.com/Malayalivartha

























