അയൽ പക്കത്തെ നായയുമായി അവിഹിത ബന്ധം കണ്ടുപിടിച്ചതിനെ തുടർന്ന് തെരുവിൽ ഉപേക്ഷിച്ചു; അനാഥനായി പൊമേറിയൻ

സ്വന്തം വീട്ടിൽ ഓമനിച്ചു വളർത്തിയ പോമറേനിയന്‍ പെൺ പട്ടി അടുത്ത വീട്ടിലുള്ള പട്ടിയുമായി അവിഹിത ബന്ധത്തിൽ ഏർപ്പെട്ടു എന്ന കാരണത്താൽ ഉടമ പട്ടിയെ തെരുവിൽ ഉപേക്ഷിച്ചു. ഞായറാഴ്ച രാത്രിയിൽ ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ പോമറേനിയന്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതായി പീപ്പിള്‍ ഫോര്‍ അനിമല്‍ അംഗം ഷമീം ഫാറൂഖിനെ ആരോ അറിയിച്ചു. കഴുത്തില്‍ കോളര്‍ ഘടിപ്പിച്ച നിലയിലായിരുന്നു പൊമേറിയനെ കണ്ടത്. പരിചയമില്ലാത്ത സ്ഥലത്ത് പരിഭ്രാന്തിയിലായിരുന്ന ഈ പെൺ പട്ടിയെ ഷമീം തൻറെ വീട്ടിലേക്ക് കൊണ്ട് വന്നു. പട്ടിയുടെ കഴുത്തില്‍ കെട്ടിയിരിന്ന കോളറില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ഒരു കുറിപ്പ് ഉണ്ടായിരുന്നു. ഉടമ എഴുതി വച്ചിരുന്ന കത്തിൽ നിന്നുമാണ് പട്ടിയെ ഉപേക്ഷിക്കാനുള്ള കാരണം അറിഞ്ഞതു. കത്ത് ഇപ്രകാരമായിരുന്നു: "നല്ല ഒന്നാന്തരം ഇനമാണ് .നല്ല ശീലം .അമിത ഭക്ഷണം ആവശ്യമില്ല .രോഗങ്ങൾ ഒന്നും ഇല്ല. അഞ്ച് ദിവസം കൂടുമ്പോൾ കുളിപ്പിക്കും. കുര മാത്രമേയുള്ളൂ. 3വർഷമായി ആരെയും കടിച്ചിട്ടില്ല, പാൽ, ബിസ്ക്കറ്റ്, പച്ച മുട്ട ഇവയാണ് പ്രധാനമായും കൊടുത്തിരുന്നത്. അടുത്തുള്ള ഒരു പട്ടിയുമായി അവിഹിത ബന്ധം കണ്ടത് കൊണ്ടാണ് ഇപ്പോൾ ഉപേക്ഷിക്കുന്നത് ". അനാഥനായി തെരുവിൽ ഉപേക്ഷിക്കപ്പെട്ട ഇതിനെ വളര്‍ത്താന്‍ താല്‍പര്യമുള്ളവർക്ക് നല്‍കുമെന്ന് ഷമീം അറിയിച്ചു.
മൃഗ സംരക്ഷണ ആക്ടിവിസ്റ്റ് ശ്രീദേവി എസ് കര്‍ത്ത പട്ടിയുടെ ഫോട്ടോയും കത്തും സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. എന്നാൽ ഈ കത്ത് എഴുതിയ മനുഷ്യന്‍റെ വീട്ടിലെ കുട്ടികളെ കുറിച്ച് വല്ലാത്ത ആശങ്ക തോന്നുന്നു .ഒരു നായയുടെ സ്വാഭാവിക ലൈംഗിക ബന്ധത്തെ "അവിഹിതമായി " കണക്കാക്കുന്ന മനുഷ്യൻ അയാളുടെ കുട്ടികൾ പ്രണയിച്ചാൽ അവരുടെ ജീവൻ പോലും അപായപെടുത്തിയേക്കാൻ സാധ്യത ഉള്ള തരം സദാചാര ഭ്രാന്താനായ മനോരോഗിയാണ് എന്നാണ് സംഭവത്തെ പറ്റി ശ്രീദേവി പ്രതികരിച്ചത്. നായകൾ തമ്മിൽ വിഹിത ബന്ധം ഉണ്ടെങ്കിൽ ജാതകപൊരുത്തവും നോക്കി സ്ത്രീധനവും കൊടുത്തു ഈ നായയുടെ തന്നെ വിവാഹം നിങ്ങൾ നടത്തി അവിഹിത പ്രശ്നം പരിഹരിച്ചു മനഃസ്വസ്ഥത നേടൂ സഹോദരാ എന്നായിരുന്നു ഫേസ്ബുക്കിലൂടെ അവർ പ്രതികരിച്ചത് . അതേ സമയം നായയെ ഉപേക്ഷിച്ച ആളെ കണ്ടുപിടിക്കാനുള്ള ശ്രമവും നടക്കുകയാണ്. ഈ നായയെ കണ്ടു പരിചയമുള്ളവർ 9567437063 എന്ന നമ്പറിൽ വിളിക്കാനും അറിയിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha

























