സർക്കാർ വിൽക്കുന്നതും ആന്റിബയോടിക് ചിക്കൻ; മലയാളിക്ക് ആവശ്യമുള്ളതിന്റെ 25 ശതമാനം കോഴിയിറച്ചി മാത്രമാണ് കേരളത്തിൽ ഉൽപാദിപ്പിക്കാൻ കഴിയുന്നത്; പരോക്ഷ സൂചനയുമായി മന്ത്രി കെ.രാജു

സർക്കാർ ഉടമസ്ഥതതയിലുള്ള സ്ഥാപനങ്ങളിൽ വിൽക്കുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ആന്റിബയോടിക് ഇറച്ചികോഴികളാണെന്ന് സൂചന. മന്ത്രി കെ.രാജു തന്നെയാണ് ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഇറച്ചികോഴികളെ ആന്റിബയോട്ടിക് ചിക്കൻ എന്നാണ് വിളിക്കുന്നത്.
മലയാളിക്ക് ആവശ്യമുള്ളതിന്റെ 25 കോഴിയിറച്ചി മാത്രമാണ് കേരളത്തിൽ ഉൽപാദിപ്പിക്കാൻ കഴിയുന്നതെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കേരള ചിക്കൻ പദധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഉൽപാദിപ്പിക്കാൻ കഴിയാത്ത 75 ശതമാനം കോഴിയിറച്ചിയും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചിക്കൻ മലയാളികൾക്ക് പേടിസ്വപ്നമാണ്. പെട്ടെന്ന് വളരാൻ കുത്തിവയ്പ് എടുത്താണ് ഇത്തരം കോഴികൾ മാർക്കറ്റിലെത്തുന്നത്.
കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കേരള ചിക്കൻ പദ്ധതി ഗുണനിലവാരംകൊണ്ടും തൊഴിൽ ലഭ്യതകൊണ്ടും രാജ്യത്തിനു മാതൃകയായ പദ്ധതിയായി മാറുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു . കേരള ചിക്കൻ പ്രൊജക്ടിന്റെ ഭാഗമായി കഠിനംകുളത്ത് ആരംഭിക്കുന്ന ആദ്യ മേഖലാ കേന്ദ്രത്തിലെ ആധുനിക പൗൾട്രി പ്രൊസസിങ് പ്ലാന്റിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മേഖലാ കേന്ദ്രത്തിൽ നിർമിക്കുന്ന ബ്രോയ്‌ലർ പാരന്റ് സ്റ്റോക്ക് ഫാമിന്റെ ശിലാസ്ഥാപനം മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു നിർവഹിച്ചു.
കേരളത്തിന് ആവശ്യമായ ഗുണനിലവാരമുള്ള ഇറച്ചിക്കോഴി ചുരുങ്ങിയ വിലയ്ക്ക് ആവശ്യക്കാരിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കേരള ചിക്കൻ പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. 5000 കർഷകരെ 1000 കോഴികൾ വളർത്താൻ ശേഷിയുള്ളവരാക്കുക എന്നതാണു ലക്ഷ്യം. കേരള ചിക്കൻ പദ്ധതി വഴി ഇറച്ചിക്കോഴി ഉത്പാദനം മികച്ച രീതിയിൽ ആരംഭിക്കുന്നതോടെ കേരളത്തിലാകമാനം ഇതിന്റെ വിൽപ്പന കേന്ദ്രങ്ങൾ തുടങ്ങും. ഇതുവഴിയും നിരവധി പേർക്ക് തൊഴിൽ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന് ആവശ്യമുള്ള കോഴി ഇവിടെ ഉത്പാദിപ്പിക്കാൻ കഴിയുന്നതോടെ ഗുണനിലവാരം ഉറപ്പുവരുത്താനും കർഷകനും ഉപഭോക്താവിനും ന്യായവില ഉറപ്പാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
'കുടുംബശ്രീ കേരള ചിക്കൻ' എന്ന പേരിൽ സെപ്റ്റംബറിൽ കോഴിയിറച്ചി വിപണിയിലെത്തിക്കാനാണ് കുടുംബശ്രീ പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി കുടുംബശ്രീയിലെ മുഴുവൻ ബ്രോയ്‌ലർ കർഷകരെയും ഉൾപ്പെടുത്തി കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (കെ.ബി.എഫ്.പി.സി.എൽ.) എന്ന കമ്പനി രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ മേഖലാ യൂണിറ്റാണ് കഠിനംകുളത്ത് വരുന്നത്. കേരളത്തിലെതന്നെ ഐ.എസ്.ഒ. നിലവാരമുള്ള ആദ്യ പൗൾട്രി മാംസ സംസ്‌കരണ ശാലയ്ക്കാണ് ഇവിടെ ഇന്നലെ ശിലപാകിയത്. ഇതിനോടൊപ്പം ശിലാസ്ഥാപനം നടന്ന ബ്രോയ്‌ലർ പാരന്റ് സ്റ്റോക്ക് ഫാമിൽ ആഴ്ചയിൽ 50,000 ബ്രോയ്‌ലർ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാൻ കഴിയും.
ഏതായാലും സർക്കാരിന്റെ വായിൽ നിന്നു തന്നെയാണ് മറ്റൊരു കള്ളത്തരം മലയാളികൾ കണ്ടുപിടിച്ചത്. കെപ്കോ, മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളാണ് കേരളത്തിൽ ഇറച്ചി വിൽപ്പനക്കായി സർക്കാരിന്റെ ഉടമസ്ഥതതയിലുള്ളത്. ഇവിടങ്ങളിൽ വിൽക്കുന്നത് അവർ വളർത്തുന്ന കോഴികൾ ആണെന്നായിരുന്നു ഇതുവരെയുള്ള പ്രചരണം.
https://www.facebook.com/Malayalivartha

























