രാഷ്ട്രീയ ലക്ഷ്യത്തോടെ യൂണിവേഴ്‌സിറ്റി കോളജിനെ പൂര്‍ണമായും തകര്‍ക്കാനുള്ള ശ്രമം ചില കോണുകളില്‍ നിന്നുയരുന്നു, അത് അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ നേതാക്കള്‍ സഹപ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെതിരെയും അതിന്റെ മറവില്‍ കോളജിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരെയും രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോളജിനകത്ത് അക്രമം അനുവദിക്കില്ല. അത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കണം. തെറ്റ് തിരുത്തണം. എസ്.എഫ്.ഐയുടെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി താക്കീത് നല്‍കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു. ആരേയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി. തെറ്റായ പ്രവണതകള്‍ കണ്ടാല്‍ ആ പ്രസ്ഥാനം തന്നെ വേണ്ടതില്ല എന്ന നിലപാട് വേണ്ടതില്ല. എലിയെ പേടിച്ച് ഇല്ലം ചുടാനൊക്കില്ല. അക്രമ പ്രവര്‍ത്തനം തിരുത്തണം. ഒപ്പം സ്ഥാപനത്തെ ഉന്നതമായ അവസ്ഥയിലേക്കെത്തിക്കാന്‍ സഹായകമായ നിലപാട് എല്ലാവരില്‍ നിന്നും പ്രതീക്ഷിക്കുന്നു. പകരം രാഷ്ട്രീയ ലക്ഷ്യത്തോടെ യൂണിവേഴ്‌സിറ്റി കോളജിനെ പൂര്‍ണമായും തകര്‍ക്കാനുള്ള ശ്രമം ചില കോണുകളില്‍ നിന്നുയരുന്നു. അത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി.
അക്കാദമിക് നിലവാരത്തിലും പാരമ്പര്യത്തിലും കേരളത്തിലെ പ്രധാനപ്പെട്ട മൂന്നാല് കോളജുകളില്‍ ഒന്നാണ് യൂണിവേഴ്‌സിറ്റി കോളജ്. നാക്ക് റാങ്കിംഗില്‍ ഇന്ത്യയില്‍ 23ാമതാണ്. സംസ്ഥാനത്തെ ഓട്ടോണോമസ് കോളജുകള്‍ ഉള്‍പ്പെടെ പരിശോധിച്ചാല്‍ യൂണിവേഴ്‌സിറ്റി കോളജ് ഒന്നാമതാണ്. മിടുക്കരായ വിദ്യാര്‍ത്ഥികളാണ് അവിടെ പഠിക്കുന്നത്. സയന്‍സ് ബിരുദത്തിന് 93 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചവര്‍ക്കും ആട്‌സ് വിഷയങ്ങളില്‍ 80 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് കിട്ടിയവര്‍ക്കും പി.ജിക്ക് 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ഉള്ളവര്‍ക്കും സംവരണ വിഭാഗത്തില്‍ പെട്ട 80 ശതമാനം മാര്‍ക്കുള്ളവര്‍ക്കും ആണ് കഴിഞ്ഞ അധ്യായന വര്‍ഷം പ്രവേശനം നല്‍കിയതെന്നും മുഖ്യമന്ത്രി ചൂണ്ടാക്കാട്ടി. 3294 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്.
18 ഡിഗ്രി കോഴ്‌സുകളും 20 പി.ജി കോഴ്‌സുകളും 17 ഗവേഷണ വകുപ്പും പ്രവര്‍ത്തിക്കുന്നു. 224 അധ്യാപകരില്‍ 70 ശതമാനം പേരും പി.എച്ച്.ഡിക്കാരാണ്. 70 റിസര്‍ച്ച് ഗൈഡുകളുണ്ട്. 29 പേര്‍ ഗവേഷണം നടത്തുന്നു. വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും അടിസ്ഥാന വിഭാഗത്തില്‍ പെട്ടവരുടെ മക്കളാണ്. 70 ശതമാനം വിദ്യാര്‍ത്ഥികളും സ്‌കോളര്‍ഷിപ്പോടെയാണ് പഠിക്കുന്നത്. കഴിഞ്ഞ വര്‍ഷം 32 റാങ്കുകളാണ് ലഭിച്ചത്. കുറേ വര്‍ഷങ്ങളായി 30 റാങ്കുകള്‍ തുടര്‍ച്ചയായി ലഭിക്കുന്നു. ഡിഗ്രിക്ക് 75 ശതമാനവും പി.ജിക്ക് 95 ശതമാനവും ആണ് വിജയം. യൂണിവേഴ്‌സിറ്റി കോളജ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുകയും പകരം സ്വകാര്യ സ്വാപനങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നത് സ്വകാര്യവിദ്യാഭ്യാസ മേഖലയില്‍ വ്യാപകമാണ്. സംസ്ഥാന സര്‍ക്കാര്‍, സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളെ വികസിപ്പിക്കാനും ശക്തിപ്പെടിത്താനും ഉള്ള സമീപനമാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
യൂണിവേഴ്‌സിറ്റി കോളജ് പാളയത്ത് നിന്ന് മാറ്റി കാര്യവട്ടത്തേക്ക് കൊണ്ടുപോകാന്‍ യു.ഡി.എഫ് സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നപ്പോഴെല്ലാം ശ്രമിച്ചിരുന്നു. അത്തരത്തിലുള്ള നീക്കം ഇപ്പോഴും നടക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അത്തരം ശ്രമങ്ങള്‍ക്ക് ചില മാധ്യമങ്ങളും കുടപിടിക്കുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. അത് നല്ലതാണോ എന്ന് മാധ്യമങ്ങള്‍ പരിശോധിക്കണം. മാധ്യമങ്ങളെ വിമര്‍ശിക്കാനുള്ള സമയമല്ലാത്തത് കൊണ്ട് കൂടുതലൊന്നും പറയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























