കോന്നിയില്‍ അടൂര്‍ പ്രകാശിന്റെഅടുക്കള പണിക്കാരന്‍ സ്ഥാനാര്‍ഥിയോ; ഉപതിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിയിട്ടും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സമവായത്തില്‍ എത്താനാകാതെ യുഡിഎഫ്; കേരളത്തില്‍ കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

ഉപതിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിയിട്ടും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സമവായത്തില്‍ എത്താനാകാതെ യുഡിഎഫ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി ഇന്ന് വൈകിട്ട് മൂന്നുമണിക്ക് ചേരും. സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഏറെക്കുറെ ധാരണയായെങ്കിലും കോന്നിയില്‍ ഡിസിസിയും അടൂര്‍ പ്രകാശും തമ്മിലുള്ള ഭിന്നതയാണ് നേതൃത്വത്തെ അലട്ടുന്നത്.
പത്തനംതിട്ട ഡി.സി.സിയും അടൂര്‍ പ്രകാശും രണ്ടു തട്ടിലായതോടെ കെ.പി.സി.സി നേതൃത്വം കോന്നിയില്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അടൂര്‍പ്രകാശിനെ പിണക്കി ഒരു തീരുമാനമെടുക്കാന്‍ നേതൃത്വം തയാറായേക്കില്ല. അങ്ങനെ വന്നാല്‍ റോബിന്‍ പീറ്റര്‍ തന്നെ സ്ഥാനാര്‍ഥിയാകും എന്നാണ് സൂചന. എന്നാൽ ഈഴവ സ്ഥാനാര്‍ഥി തന്നെ വേണമെന്ന ഡി.സി.സി നിലപാടിന് നേതൃത്വം വഴങ്ങിയാല്‍ മറ്റ് പേരുകള്‍ പരിഗണിക്കേണ്ടിവരും.
കോന്നിയില്‍ സാമുദായ സമവാക്യങ്ങള്‍ പരിഗണിച്ച് ഈഴവ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്നാണ് ഡിസിസി അധ്യക്ഷന്‍ ബാബു ജോര്‍ജ്ജിന്‍റെ ആവശ്യം. എന്നാല്‍ ജാതിയല്ല ജയ സാധ്യത മാത്രമാണ് പരിഗണിക്കേണ്ടതെന്ന ഉറച്ച നിലപാടിലാണ് അടൂര്‍ പ്രകാശ്. തന്‍റെ പിന്‍ഗാമിയായി വിശ്വസ്തനായ പ്രമാടം പഞ്ചായത്ത് റോബിന്‍ പീറ്ററുടെ പേരാണ് അടൂര്‍ പ്രകാശ് മുന്നോട്ട് വെച്ചിരിക്കുന്നത്.
കോന്നിയില്‍ റോബിന്‍ പീറ്ററാണെങ്കില്‍ അരൂരില്‍ ഈഴവ സ്ഥാനാര്‍ഥിയായിരിക്കും. അവിടെ ഈഴവ സ്ഥാനാര്‍ഥിയായാല്‍ അരൂരില്‍ ഷാനിമോള്‍ ഉസ്മാന്റ പേരു പിന്നെയും ഉയര്‍ന്നേക്കാം. തിങ്കളാഴ്ചയ്ക്കകം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണമെന്നിരിക്കെ തിരഞ്ഞെടുപ്പ് സമിതിയോഗത്തില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് അന്തിമധാരണയിലെത്തിയേക്കും. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും കണ്‍വെന്‍ഷനുകളുമാണ് ഉച്ചയ്ക്ക്ശേഷമുള്ള യു.ഡി.എഫ് യോഗത്തിന്റ പ്രധാന അജണ്ട.
അതേസമയം വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവും. ഇതു സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം ജില്ലാ സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം സംബന്ധിച്ച് സിപിഎം നേതൃത്വത്തില്‍ ധാരണയായി. ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകും. ഇന്നു ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ ഭൂരിപക്ഷം പേരും പ്രശാന്തിനെയാണു പിന്തുണച്ചത്. ഇന്ന് ഉച്ചയ്ക്കു ശേഷം പാര്‍ട്ടി വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി ചേര്‍ന്നതിനു ശേഷമാകും അന്തിമ പ്രഖ്യാപനം ഉണ്ടാകുക.
https://www.facebook.com/Malayalivartha






















