അല്‍ഭുതം വീണ്ടും, അപൂര്‍വകാഴ്ച; ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിലെ കല്ലാനയ്ക്ക് ഒടുവിൽ ശാപമോക്ഷം

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിലെ കല്ലാനയ്ക്ക് ഒടുവിൽ ശാപമോക്ഷം. ക്ഷേത്രത്തിനു മുന്നിലെ ടാറിങിനിടെ താഴ്ന്ന കല്ലാനയെ പൂര്‍വ സ്ഥിതിയിലാക്കാന്‍ നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി പുരാവസ്തു വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിച്ചു. ക്ഷേത്രത്തിനു മുന്നില്‍ സ്ഥാപിച്ചിരുന്ന കല്ലാന പല സമയങ്ങളിലായി നടത്തിയ റോഡ് നവീകരണത്തില്‍ താഴ്ന്നു പോകുകയായിരുന്നു.
കാർത്തിക തിരുനാൾ രാമവർമയുടെ കാലത്താണ് പത്മതീർഥത്തിന് മുൻവശത്തായി കല്ലാന സ്ഥാപിച്ചത്. പ്രദേശത്തിന്റെ കാവൽക്കാരനനെന്ന സങ്കൽപം നിലനിർത്തി ശ്രീ പത്മനാഭ പ്രതിഷ്ഠക്ക് അഭിമുഖമായാണ് കല്ലാനയെ സ്ഥാപിച്ചിരിക്കുന്നത്. പലപ്പോഴായി നടത്തിയ റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കല്ലാനയുടെ മൂന്നിൽ രണ്ടു ഭാഗവും മണ്ണിനടിയിലായി.
കല്ലാനയുടെ പാദം വരെ കാണത്തക്ക വിധത്തില്‍ നവീകരണം നടത്താനാണ് തീരുമാനം. ടൈലുകള്‍ പാകി വശങ്ങളില്‍ കൈവരി ഘടിപ്പിക്കും. വെള്ളം കടക്കാതിരിക്കാനും ഒഴികിപോകാനുമുള്ള സൗകര്യമൊരുക്കും. ഇതിന്റെ ഭാഗമായി കല്ലാനയുടെ നാലു വശത്തു നിന്നുമായി മണ്ണ് നീക്കം ചെയ്യുന്ന ജോലി ആരംഭിച്ചു കഴിഞ്ഞു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ വി രതീശന്റെ നിര്‍ദേശ പ്രകാരം മാനേജന്‍ ബി ശ്രീകുമാറിന്റെ മേല്‍നോട്ടത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പൈതൃക സ്മാരകമെന്ന നിലയിൽ കല്ലാനയെ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. മുൻപ് ഓപ്പറേഷൻ അനന്തയുടെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ കല്ലാനയെ നിലവിലുള്ള സ്ഥലത്തു നിന്നു ഇളക്കി മാറ്റാൻ ശ്രമമുണ്ടായിരുന്നെങ്കിലും കടുത്ത പ്രതിഷേധത്തെ തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















