കണ്ണൂര്‍ റയില്‍വേ സ്റ്റേഷനിലെ ഡിജിറ്റല്‍ ബോര്‍ഡ് യാത്രക്കാരെ വട്ടം കറക്കുന്നു

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത് സ്റ്റേഷന്‍ കെട്ടിടത്തിനു പുറത്തായി സ്ഥാപിച്ച, ട്രെയിനുകളുടെ വിവരം നല്‍കുന്ന കൂറ്റന്‍ ഡിജിറ്റില്‍ ബോര്‍ഡ് യാത്രികരെ വട്ടംകറക്കുന്നു. പ്രവേശന കവാടത്തില്‍ നിന്നുകൊണ്ടു തന്നെ രാത്രിയും പകലും ഒരു പോലെ വായിക്കാന്‍ കഴിയുന്ന തരത്തിലാണ് ഒരാഴ്ച മുമ്പ് ബോര്‍ഡ് സ്ഥാപിച്ചത്.
ഇലക്ട്രോണിക്‌സ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡിലൂടെ നിരന്തരം ട്രെയിന്‍ വിവരങ്ങള്‍ റണ്ണിംഗ് ലെറ്ററായി എഴുതിക്കാണിക്കും. ട്രെയിനുകളുടെ നമ്പര്‍, പേര്, ഏത് സ്റ്റേഷനില്‍ നിന്നും എവിടേക്കു വരെ എന്നീ വിവരങ്ങളും ട്രെയിനുകള്‍ വൈകി ഓടുന്നുണ്ടെങ്കില്‍ അക്കാര്യം ഉള്‍പ്പെടെയുള്ളവയും യാത്രക്കാരെ അറിയിക്കാനാണ് ഈ സംവിധാനം ഒരുക്കിയത്.
എന്നാല്‍ ചെന്നൈ കേന്ദ്രീകരിച്ചുള്ള റെയില്‍വേയുടെ പ്രത്യേക സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡില്‍ പലപ്പോഴും തെറ്റായ വിവരങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. കൃത്യ സമയത്ത് സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ പോലും വൈകിയാണ് ഓടുന്നതെന്ന തെറ്റായ വിവരം പോലും ബോര്‍ഡില്‍ പ്രത്യക്ഷപ്പെടും. റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമില്‍ നിന്നും യാത്ര പുറപ്പെടാന്‍ നില്‍ക്കുന്ന ട്രെയിന്‍ പോലും വൈകി ഓടുന്നുവെന്ന അറിയിപ്പായിരിക്കും ചിലപ്പോള്‍ ഉണ്ടാകുന്നത്.
ഇതു നോക്കി ട്രെയിന്‍ വരാന്‍ ഇനിയും സമയമുണ്ടെന്ന് ഏതെങ്കിലും യാത്രികന്‍ തെറ്റിദ്ധരിച്ചാല്‍ പെരുവഴിയാകും ഫലം. അതേ സമയം ഈസംവിധാനം പൂര്‍ണമായ തോതില്‍ പ്രവര്‍ത്തന സജ്ജമായിട്ടില്ലെന്നും സാങ്കേതിക പിഴവുകള്‍ പരിഹരിച്ച് വരികയാണെന്നുമാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.
https://www.facebook.com/Malayalivartha





















