"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...

സംസ്ഥാനത്തെ പവർകട്ട് ഉടൻ അവസാനിക്കും. മുഖ്യമന്ത്രി തന്നെയാണ് അതിനുള്ള പോം വഴി കണ്ടെത്തിയത്. പിണറായി വിജയൻ സർക്കാർ അധികാരമൊഴിഞ്ഞതോടെയാണ് കേരളത്തിൽ പവർകട്ട് തുടങ്ങിയത്. കഴിഞ്ഞ 10 വർഷം സംസ്ഥാനത്ത് പവർകട്ട് ഉണ്ടായിരുന്നില്ലെന്നാണ് പിണറായി പറയുന്നത്. എന്നാൽ അപ്രഖ്യാപിത പവർക്കെട്ടിന്റെ അയ്യരുകളിയായിരുന്നു ഇക്കാലത്ത്. അതേ സമയം വിശ്വസ്തരായ ഉദ്യോഗസ്ഥരെ കെ എസ് ഇബിയുടെ തലപ്പത്തിരുത്തി പവർക്കട്ട് ഇല്ലെന്ന് വരുത്തി തീർക്കാൻ പിണറായിക്ക് കഴിഞ്ഞു. പിണറായി അധികാരമൊഴിഞ്ഞതോടെ ഇതേ ഉദ്യോഗസ്ഥർ വിഡി സതീശന് പണി കൊടുക്കാൻ തുടങ്ങി. എങ്ങനെയാണോ പിണറായി സർക്കാർ പവർകട്ട് ഇല്ലെന്ന് വരുത്തിയത് അത്തരം മാർഗ്ഗങ്ങൾ ഉപയോഗിച്ച് തന്നെ കെ എസ് ഇ ബി പവർകട്ട് പ്രാബല്യത്തിലാക്കി.
ഇത് മുഖ്യമന്ത്രി വി ഡി സതീശൻ വൈകി മനസിലാക്കിയെന്ന് മാത്രം. അങ്ങനെയാണ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും മുൻ മാനേജ്‌മെന്റുകളുടെയും നിലപാടുകൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ രംഗത്തെത്തിയത്. കെ എസ് ഇ ബിയുടെ ചുക്കാൻ മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തു. കള്ളനെ കണ്ടെത്തിയാൽ ബാക്കി എളുപ്പമാണ്. പുനരുപയോഗ ഊർജ (റിന്യൂവബിൾ എനർജി) പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ച് പറയുമ്പോൾ കെഎസ്ഇബിയിലെ ചില ഉദ്യോഗസ്ഥർക്ക് ‘ചൊറിച്ചിലാണെന്ന് കൊച്ചിയിൽ കെഎസ്ഇബി സംഘടിപ്പിച്ച എക്സ്പോയിൽ സംസാരിക്കവേ അദ്ദേഹം തുറന്നടിച്ചു. സംസ്ഥാനത്ത് നിലവിൽ വൈദ്യുതി പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.
കെഎസ്ഇബി മുൻ ചെയർമാൻമാർ ഉൾപ്പെടെയുള്ളവർ വേദിയിലിരിക്കെയായിരുന്നു സതീശന്റെ വിമർശനം. പുനരുപയോഗ ഊർജ പദ്ധതികളെ എതിർക്കാൻ ചിലർ അനാവശ്യ തടസങ്ങൾ ഉന്നയിക്കുകയാണ്. ഇതിനു പിന്നിലെ യഥാർഥ കാരണം എന്താണെന്ന് വ്യക്തമാണ്. നിലവിൽ 13,000 കോടി രൂപയുടെ വൈദ്യുതിയാണ് പുറത്തുനിന്ന് വാങ്ങുന്നത്. ഈ വർഷം ഇത് 16,000 കോടിയായി ഉയരും. ഉദ്യോഗസ്ഥരിൽ ചിലർക്ക് ‘കുളം കലക്കി മീൻ പിടിക്കുന്ന’ സമീപനമാണുള്ളതെന്നും ഇത്തരം കാര്യങ്ങളാണ് തിരിച്ചടിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
16000 കോടിയിൽ 10% കമ്മീഷൻ കണക്കാക്കിയാലും നമ്മെ ഭയപ്പെടുത്തുന്ന കണക്കാണ് പുറത്തുവരുന്നത്. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് സിപിഎമ്മുകാരായ ഉദ്യോഗസ്ഥർ പണം അടിച്ചെങ്കിലും സർക്കാരിനോട് അവർക്ക് പ്രതിബദ്ധതയുണ്ടായിരുന്നു. എന്നാൽ പതിനാറായിരം കോടി രൂപയിലേക്ക് വൈദ്യുതി വാങ്ങൽ വർധിപ്പിച്ചു മാക്സിമം കീശ വീർപ്പിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ആകട്ടെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ കഴിയാത്ത തരത്തിൽ നിസഹായകനുമാണ്. ഇക്കാര്യം സി പി എമ്മിന് നന്നായറിയാം.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി വഷളാകട്ടെ എന്ന് കരുതി ചിലയിടങ്ങളിൽ ഉദ്യോഗസ്ഥർ മനഃപൂർവം അനാവശ്യമായി നാലും അഞ്ചും തവണ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ 25 വർഷത്തേക്ക് യൂണിറ്റിന് 4 രൂപ 29 പൈസ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്ന ദീർഘകാല കരാർ ഒപ്പിട്ടിരുന്നു. എന്നാൽ നടപടിക്രമങ്ങളിലെ സാങ്കേതിക പിഴവുകൾ ആരോപിച്ച് എട്ടു വർഷത്തിനു ശേഷം കഴിഞ്ഞ സർക്കാർ ഈ കരാർ റദ്ദാക്കി. പകരം കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനു പകരമായി 8 രൂപ മുതൽ 14 രൂപ വരെ ഉയർന്ന നിരക്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങുകയാണ് ചെയ്തത് എന്നും അദ്ദേഹം വിമർശിച്ചു.
നിലവിലെ ഊർജ പ്രതിസന്ധി പരിഹരിക്കാൻ ശാശ്വത മാർഗം വൈദ്യുതി രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബറിൽ നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പുനരുപയോഗ ഊർജത്തെയും സൗരോർജത്തെയും പ്രോത്സാഹിപ്പിക്കുന്ന പുതിയ വൈദ്യുതി നയം പ്രഖ്യാപിക്കും. പുതിയ വൈദ്യുതി റെഗുലേറ്ററി പോളിസിയും ഇതിനൊപ്പം പുറത്തിറക്കും. ജലവൈദ്യുത പദ്ധതികൾക്ക് നിലവിൽ പരിമിതികളുള്ളതിനാൽ നോൺ-കൺവെൻഷണൽ എനർജി സ്രോതസുകൾ കണ്ടെത്തേണ്ടതുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് വൈദ്യുതിയുടെ ആവശ്യകതയിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. പുറത്തുനിന്നും വൈദ്യുതി വാങ്ങാൻ കിട്ടാത്ത സാഹചര്യവും നിലവിലുണ്ട്. എങ്കിലും പ്രതിസന്ധിയുടെ ഉത്തരവാദിത്തം ആരുടെയും തലയിൽ കെട്ടിവയ്ക്കാതെ അത് കാര്യക്ഷമമായി പരിഹരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻവർഷങ്ങളിൽ പവർ എക്സ്ചേഞ്ചിൽനിന്ന് ആവശ്യത്തിനനുസരിച്ച് ചോദിക്കുന്ന വില കൊടുത്ത് വൈദ്യുതി വാങ്ങിയാണ് കേരളം പ്രതിസന്ധി പരിഹരിച്ചിരുന്നത്. എന്നാൽ പല കാരണങ്ങളാൽ പുറംവൈദ്യുതിയും ലഭിക്കുന്നില്ല. വൈദ്യുതി വിൽപനക്കാരായ പവർ എക്സ്ചേഞ്ചിനാണ് ഇവിടെ നിയന്ത്രണം. തലേദിവസം വൈദ്യുതി വാങ്ങുന്ന ഡേ എഹെഡ് മാർക്കറ്റ് , ആവശ്യം അനുസരിച്ച് അപ്പപ്പോൾ വൈദ്യുതി വാങ്ങുന്ന റിയൽടൈം മാർക്കറ്റ് (റാം) എന്നിവ വഴി വൈദ്യുതി വാങ്ങണം.
എക്സ്ചേഞ്ചിലും വൈദ്യുതി ക്ഷാമമുണ്ട്. ക്ഷാമം വന്നപ്പോൾ വൈദ്യുതി വില കൂട്ടി. റാമിൽ സെപ്റ്റംബർ ഏഴിന് 1000 മെഗാവാട്ട് ചോദിച്ചപ്പോൾ ലഭിച്ചത് 25 മെഗാവാട്ടാണ്. മാത്രമല്ല മറ്റ് സംസ്ഥാനങ്ങളുമായി മത്സരിച്ചു വേണം വൈദ്യുതി വാങ്ങാൻ. കേരളത്തിൽ ഒറ്റ ഏജൻസിയാണ് ലേലം വിളിക്കുന്നത്. മറ്റ് സംസ്ഥാനങ്ങൾ രണ്ടും മൂന്നും ഏജൻസികളെ നിയോഗിക്കുന്നു. 10 രൂപയിൽ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന് കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മിഷൻ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതും ഫലത്തിൽ അടിയന്തര വൈദ്യുതി ലഭ്യതയ്ക്ക് തടസ്സമാകുന്നു. ദിവസം ഏഴു കോടി രൂപ വരെയാണ് കെഎസ്ഇബിയുടെ അധികച്ചെലവ്.ഇത്തരം പ്രതിഭാസങ്ങളൊക്കെ പിണറായിയുടെ കാലത്തുമുണ്ടായിരുന്നു. എന്നാൽ പിണറായിക്ക് ഒന്നും സംഭവിച്ചില്ല. അതാണ് മിടുക്ക്. എം ശിവശങ്കർ കെ എസ് ഇബി ചെയർമാനായിരുന്ന കാലത്താണ് വൈദ്യുതി ഭവൻ സി പി എം ആസ്ഥാനമായത്. ശിവശങ്കർ പോയിട്ടും അതിൽ ഒരു മാറ്റവും ഉണ്ടായില്ല.
ഇത്തരക്കാരെ മുഖ്യമന്ത്രി കണ്ടെത്തി എന്നിടത്താണ് ഇനി പവർകട്ട് നിയന്ത്രണ വിധേയമാകുമെന്ന് പറഞ്ഞത്. സിപി എമ്മുകാർ നടത്തുന്ന ചതി മനസിലാക്കിയാൽ മുഖ്യമന്ത്രിക്ക് പിടിച്ചുനിൽക്കാം. അതിനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. വൈദ്യുതി ക്ഷാമം ഉണ്ടെന്നത് സത്യമാണ്.എന്നാൽ അതിനെ സർക്കാരിന് എതിരാക്കി മാറ്റുന്നതിലാണ് സി പി എം പക്ഷക്കാരായ ഉദ്യോഗസ്ഥർ വിജയിച്ചത്. ഇനി എന്താണ് കെ എസ് ഇ ബിയിൽ സംഭവിച്ചതെന്ന് നോക്കാം.
‘അര മണിക്കൂറിനകം വൈദ്യുതി ഉപഭോഗം കുറച്ചില്ലെങ്കിൽ ഞങ്ങൾ ഡിസ്കണക്ട് ചെയ്യും’. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ വൈദ്യുതി വിതരണം നിയന്ത്രിക്കുന്ന സെൻട്രൽ ലോഡ് ഡെസ്പാച്ചിങ് സെന്ററിന്റേ ആ മുന്നറിയിപ്പ് കഴിഞ്ഞയാഴ്ചയാണ് സംസ്ഥാനത്ത് എത്തിയത്.
അങ്ങനെയൊരു ‘ഡിസ്‌കണക്‌ഷൻ’ വന്നാൽ പൂർവസ്ഥിതിയാകാൻ രണ്ടു മണിക്കൂർ കഴിയും. അതോടെ കെഎസ്ഇബി ലോഡ് ഷെഡിങ് വഴി സ്വയം വൈദ്യുതി ഉപയോഗം നിയന്ത്രിച്ചു. അര മണിക്കൂർ ലോഡ് ഷെഡിങ് ചെയ്താൽ 500 മുതൽ 800 മെഗാവാട്ട് ലാഭിക്കാനാകും. പണ്ടൊക്കെ സെപ്റ്റംബർ കെഎസ്ഇബിക്ക് സമൃദ്ധിയുടെ മാസമാണ്. മഴ കഴിഞ്ഞാൽ അണക്കെട്ടുകളിൽ ഇഷ്ടംപോലെ വെള്ളം. ചൂടില്ലാത്തതിനാൽ വൈദ്യുതി ഉപഭോഗം കുറവും. വൈദ്യുതി പുറത്തേക്കു വിൽക്കാൻ വരെ കഴിഞ്ഞകാലം. എന്നാൽ ഇന്നത്തെ അവസ്ഥയെ കെ എസ് ഇ ബി വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്.
‘മൾട്ടിപ്പിൾ ഓർഗനൈസേഷൻ ഫെയിലർ’, വൈദ്യുതി ഉൽപാദന, വിതരണ രംഗത്തെ വിവിധ ഏജൻസികൾ പരാജയപ്പെട്ടു. അതാണ് ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്കു കാരണം.
കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് സെപ്റ്റംബർ ഏഴിന് തിങ്കളാഴ്ച 36.1 ഡിഗ്രിയായിരുന്നു കേരളത്തിലെ താപനില. അടുത്ത 3 ദിവസം 3 മുതൽ 4 ഡിഗ്രി വരെ ചൂട് ഉയരുമെന്ന് ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗം ഒറ്റയടിക്ക് 800 മെഗാവാട്ട് ഉയർന്നു. അതേസമയം കെഎസ്ഇബിക്ക് 900 മെഗാവാട്ടിന്റെ കുറവും. പ്രതിദിന ഉപയോഗം 5100 മെഗാവാട്ട് വൈദ്യുതിയായി ഉയർന്നു. മുൻ സെപ്റ്റംബറുകളിൽ ഉപയോഗം ശരാശരി 3600 മെഗാവാട്ട് മാത്രമായിരുന്നു.
കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ വിലക്കുണ്ട്. ആര്യാടൻ മുഹമ്മദ് മന്ത്രി ആയിരുന്നപ്പോൾ നടപ്പാക്കിയ ദീർഘകാല കരാർ റദ്ദാക്കിയതാണ് പ്രധാന കാരണം. കൂടിയ വില നൽകിയാലും വൈദ്യുതി ലഭിക്കുന്നില്ല. ഇതിനിടെ കേന്ദ്ര മന്ത്രി മുഖ്യമന്ത്രിയോട് ചോദിച്ചു, താപവൈദ്യുത നിലയം ആരംഭിച്ചുകൂടേയെന്ന്. എന്നാൽ എതിർപ്പുകാരണം അവ തുടങ്ങാനാവില്ല. .
ചൂട് നേരിടാൻ കൂടുതൽ ഉപഭോക്താക്കൾ എസി അടക്കമുള്ള സൗകര്യങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതാണ് കാരണമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ പറയുന്നു. കൂടാതെ എസിയും വൈദ്യുതി വാഹനങ്ങൾ രാത്രി ചാർജ് ചെയ്യുന്നതും ഉപഭോഗം കൂട്ടി. സോളർ പദ്ധതി വ്യാപകമായതോടെ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുന്നതും ഫലത്തിൽ രാത്രിയിൽ കൂടുതൽ ഉപയോഗത്തിന് കാരണമാവുന്നു.
സെപ്റ്റംബർ ഏഴിനു രാത്രി പലരും ഉറങ്ങിക്കഴിഞ്ഞപ്പോഴായിരുന്നു ലോഡ് ഷെഡിങ്. അതിനു കാരണമുണ്ട്. സമയം നോക്കിയുള്ള ലോഡ് ഷെഡിങ് കെഎസ്ഇബിയുടെ തന്ത്രമാണ്. ഉപയോഗം കൂടുമ്പോഴാണ് കെഎസ്ഇബി ലോഡ് ഷെഡിങ് നടത്തുന്നത്. അതാണ് തിങ്കളാഴ്ച രാത്രി കറന്റ് പോയത്. രാത്രി 7 മുതലാണ് വൈദ്യുതി ഉപഭോഗം കൂടുതലുള്ള ‘പീക്ക് അവർ’. 7 മുതൽ 8 വരെ പീക്ക് അവറിൽ 4000 മെഗാവാട്ട് വേണം.
അതേസമയം 9 മുതൽ 10 വരെ 5000 മെഗാവാട്ടിനു മുകളിലും ഉപഭോഗമുണ്ട്. എപ്പോഴാണെങ്കിലും അര മണിക്കൂർ ലോഡ് ഷെഡിങ് നടത്തിയാൽ അപ്പോഴത്തെ ഉപയോഗത്തിന്റെ എട്ടിലൊന്ന് വൈദ്യുതി കുറയും. അപ്പോൾ ഏഴു മണിക്ക് ലോഡ് ഷെഡ് ചെയ്താൽ 500 മെഗാവാട്ട് ലാഭമെങ്കിൽ 9ന് നടത്തിയാൽ ലാഭം 600 മെഗാവാട്ടിൽ അധികം. സ്മാർട്ട് മീറ്റർ മാത്രമല്ല, സ്മാർട്ട് ലോഡ്ഷെഡിങ്ങും കെഎസ്ഇബിക്ക് അറിയാമെന്നു ചുരുക്കം.
ഈ പ്രതിസന്ധി അപ്രതീക്ഷിതമാണോ? ഏതാനും ഘടകങ്ങൾ ഒരുമിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. കേരളത്തിൽ മഴ കുറഞ്ഞതും ഉത്തരേന്ത്യയിൽ മഴ കൂടിയതും കെഎസ്ഇബിക്ക് ഇരുട്ടടിയായി. അതിൽ പ്രധാനം നേപ്പാളിലെ മിന്നൽ പ്രളയമാണ്. പ്രളയത്തിൽ എല്ലാം തകർന്നതോടെ ഇന്ത്യയിൽ കേന്ദ്ര പൂളിൽ ഏതാണ്ട് 2800 മെഗാവാട്ട് വൈദ്യുതിയുടെ കുറവു വന്നു.
10 രൂപയിൽ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന് കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മിഷൻ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതും ഫലത്തിൽ അടിയന്തര വൈദ്യുതി ലഭ്യതയ്ക്ക് തടസ്സമാകുന്നു. ദിവസം ഏഴു കോടി രൂപ വരെയാണ് കെഎസ്ഇബിയുടെ അധികച്ചെലവ്.
അതിനിടെ ഉത്തരേന്ത്യയിൽ മഴയിൽ കൽക്കരിപ്പാടങ്ങൾ മുങ്ങി. അതോടെ ഒഡീഷ, ഛത്തീസ്ഗഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിലെ 45 കൽക്കരിപ്പാടങ്ങളിൽ ഖനനം നിലച്ചു. താപവൈദ്യുത നിലയങ്ങളിൽ വൈദ്യുതി ഉൽപാദനവും കുറഞ്ഞു. കേന്ദ്ര നിലയങ്ങളിൽ ഏകദേശം 25,000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കേണ്ട സ്ഥാനത്ത് ഇപ്പോൾ ഉൽപാദനം 2000 മെഗാവാട്ടിൽ താഴെ മാത്രം. കൂടാതെ പരിസ്ഥിതി നിയന്ത്രണങ്ങളുടെ ഭാഗമായി, കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള നിയന്ത്രണങ്ങളും ബാധിച്ചു.
കേന്ദ്ര പൂളിൽനിന്ന് ദിവസവും 1900 മെഗാവാട്ട് ലഭിച്ചിരുന്ന സ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ വിഹിതം 1500 മെഗാവാട്ടിൽ താഴെയായി. അതു മാത്രമല്ല കേരളത്തിലെ ജലവൈദ്യുത നിലയങ്ങളിൽ ആവശ്യത്തിന് വെള്ളമില്ല. രാത്രിയിലെ അധിക ഉപയോഗം നേരിടുന്നതിനുള്ള വൈദ്യുതി ലഭിച്ചിരുന്നത് ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള ഉൽപാദനം മൂലമായിരുന്നു. ജലവൈദ്യുത പദ്ധതികളിൽനിന്ന് 1600 മെഗാവാട്ടാണ് പ്രതിദിനം ലഭിച്ചിരുന്നതും.
ഭൂതത്താൻകെട്ടിലെ പദ്ധതി എങ്ങുമെത്തിയില്ല. 60 മെഗാവാട്ട് ശേഷിയുള്ള മൂഴിയാറിൽ കരാർ നൽകിയത് 10 മെഗാവാട്ട് ശേഷിയുള്ള കമ്പനിക്ക്. പെരിങ്ങൽകുത്തിൽ 100 മീറ്റർ പെൻസ്റ്റോക്ക് ഇടാൻ പോലും അനുമതിയില്ല. മണിയാർ തിരികെ വാങ്ങിയില്ല. ഇനിയുള്ള വഴി സോളർ പകൽവൈദ്യുതി സംഭരണ സംവിധാനമാണ്. 2026 അവസാനത്തോടെ 500 മെഗാവാട്ട് സംഭരിക്കാൻ സൗകര്യം ഒരുക്കും’’– മന്ത്രി പറയുന്നു.
കെഎസ്ഇബിയുടെ വാക്കു കേട്ട് സോളർ വൈദ്യുതി സ്ഥാപിച്ചവർക്കും രാത്രി വൈദ്യുതിയില്ല. സോളർ വൈദ്യുതി വിപ്ലവം നടത്തിയപ്പോൾ സംഭരണം അടക്കമുള്ള അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിലെ വീഴ്ചയും കാലതാമസവുമാണ് കാരണം. സംഭരണ സൗകര്യങ്ങൾ ഇല്ലെങ്കിൽ സോളർ വൈദ്യുതിക്ക് രാത്രിയിൽ പ്രയോജനമില്ല. പീക്ക് അവർ വൈദ്യുതി വില കൂടാനും ഇതു കാരണമാണ്. പവർ എക്സ്ചേഞ്ചിൽ പകൽ ശരാശരി ഒന്നര രൂപയ്ക്ക് വൈദ്യുതി കിട്ടും.
രാത്രി 10 രൂപയ്ക്ക് മുകളിലും. ഇതിനു പുറമേ കേരളത്തിൽ സോളർ ഉടമകൾക്ക് പകൽ രണ്ടു രൂപയുടെ വൈദ്യുതി വാങ്ങി രാത്രി 10 രൂപയുടെ വൈദ്യുതി തിരിച്ചുകൊടുക്കേണ്ട നഷ്ടവും കെഎസ്ഇബിക്കുണ്ട്. കേരളത്തിൽ സോളർ ഉൽപാദനം 2600 മെഗാവാട്ട് കഴിഞ്ഞു. പക്ഷേ ഇവ സംഭരിക്കാൻ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്സ്– BESS) പൂർത്തിയായി വരുന്നതേയുള്ളു. മൈലാട്ടി, ശ്രീകണ്ഠപുരം, മുള്ളേരിയ, അരീക്കോട്, പോത്തൻകോട്, ബ്രഹ്മപുരം എന്നിവിടങ്ങളിലാണ് ബെസ്സ് സ്ഥാപിക്കുന്നത്. ഇതുവഴി 500 മെഗാവാട്ട് പകൽവൈദ്യുതി രാത്രിയിലേക്കു സംഭരിക്കാം.
ഇത്തരം പ്രതിസന്ധികൾ പിണറായിയുടെ കാലത്തും സംഭവിച്ചിട്ടുണ്ട്. എന്നാൽ അന്ന് ഉദ്യോഗസ്ഥർ പിണറായിയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു.പിണറായി സർക്കാരിന്റെ ഇമേജ് തകരാതിരിക്കാനുളള ജാഗ്രതയാണ് അവർ പുലർത്തിയത്.അത്രത്തോളം ആത്മാർത്ഥത അവർ സ്വന്തം സർക്കാരിനോട് കാണിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ സർക്കാരിനോട് അവർക്ക് ആത്മാർത്ഥതയില്ല. ഈ സർക്കാരിന് എന്തു സംഭവിച്ചാലും അവർക്കൊന്നുമില്ല. ഇലക്ട്രിസിറ്റി ബോർഡ് സി പി എമ്മിന്റെ സ്വന്തം സ്ഥാപനമാണ് .ഡോ അശോക് ചെയർമാനായിരിക്കെ കെ എസ് ഇ ബി ചെയർമാനായിരിക്കെ സിഐ ടിയുമായി നേരിട്ട് പോരടിച്ചത് ചരിത്രമാണ്. സി പി എമ്മുകാർ അല്ലാത്ത ആര് അധികാരത്തിലെത്തിയാലും അവർ പണികൊടുക്കും.
https://www.facebook.com/Malayalivartha























