മംഗലംഡാം ആസ്ഥാനമായി പുതിയ പഞ്ചായത്ത്; വണ്ടാഴി പഞ്ചായത്തിന് എതിര്‍പ്പില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി

2015-ല്‍ യുഡിഎഫ് ഭരണകാലത്ത്, വടക്കഞ്ചേരിയില്‍ മംഗലംഡാം ആസ്ഥാനമായി പുതിയ പഞ്ചായത്ത് രൂപീകരണത്തിനു നടപടികള്‍ നടന്നെങ്കിലും പിന്നീടത് നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ അതിന്റെ നടപടികള്‍ അന്തിമഘട്ടത്തിലാണ്.
വണ്ടാഴി, കിഴക്കഞ്ചേരി പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ ഉള്‍പ്പെടുത്തിയാണ് മംഗലംഡാം പഞ്ചായത്ത് രൂപീകരിക്കുന്നത്. പുതിയ പഞ്ചായത്ത് രൂപീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു കാണിച്ച് വണ്ടാഴി പഞ്ചായത്ത് ഡിഡിപിക്ക് റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്. വണ്ടാഴി പഞ്ചായത്തിലാണ് ഇപ്പോള്‍ മംഗലംഡാം മേഖലയുള്ളത്.
പുതിയ പഞ്ചായത്തിനായി കിഴക്കഞ്ചേരി, വണ്ടാഴി എന്നീ പഞ്ചായത്തുകളില്‍നിന്നും എത്ര വാര്‍ഡുകള്‍ എടുക്കുമെന്നതിനെക്കുറിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. നിര്‍ദിഷ്ട മംഗലംഡാം മലയോരപഞ്ചായത്തില്‍ കുടിയേറ്റ കര്‍ഷകരുടെയും ആദിവാസികളുടെയും സ്വാധീനം ശക്തമാണ്.
കാല്‍ലക്ഷത്തില്‍പരം വരുന്ന ജനസംഖ്യയില്‍ പകുതിയില്‍ കൂടുതലും കുടിയേറ്റ മലയോര കര്‍ഷകരാണ്. പഞ്ചായത്ത് രൂപീകരണം ഈ ജനങ്ങള്‍ക്കെല്ലാം ഉപകാരപ്രദമാകും. ഇതിനാല്‍ നിലവിലുള്ള രാഷ്ട്രീയ സാമുദായിക സമവാക്യങ്ങളും മാറും. രാഷ്ട്രീയപാര്‍ട്ടി നേതൃത്വങ്ങളും പുതിയ പഞ്ചായത്ത് രൂപീകരണത്തെ തുടര്‍ന്ന് ഉണ്ടാകുന്ന പുതിയ സമവാക്യങ്ങളുടെ കണക്കുകൂട്ടലിലാണ്.
https://www.facebook.com/Malayalivartha





















