നെറ്റിയിൽ ചന്ദനം, തലയിൽ മുല്ലപ്പൂ, സെറ്റ് സാരിയും ചുറ്റി മലയാളി മങ്കയായി പി വി സിന്ധു ; ബാഡ്‌മിന്‍റണിൽ ലോക കിരീടം ചൂടിയ താരത്തിന് ഇന്ന് കേരളത്തിന്റെ ആദരം

നെറ്റിയിൽ ചന്ദനം, തലയിൽ മുല്ലപ്പൂ, സെറ്റ് സാരിയും ചുറ്റി കേരളത്തിൽ എത്തിയ ആ പെൺകുട്ടിയെ ഏവരും ആകാംഷയോടെ നോക്കി. ഏതാ ഈ മലയാളി പെൺകൊടി എന്ന് പറയാൻ വരട്ടെ. കേരളത്തിന്റ തനത് വേഷത്തിൽ വന്നിരിക്കുന്നത് സാക്ഷാൽ പി വി സിന്ധുവായിരുന്നു. കേരള വേഷത്തിൽ എത്തിയ പി വി സിന്ധു പ്രശംസകൾ ഏറ്റു വാങ്ങി കൊണ്ടിരിക്കുന്നു. രാവിലെ പദ്‌മനാഭ സ്വാമിക്ഷേത്രത്തിലും ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലും സിന്ധു ദർശനം നടത്തി. ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ പി വി സിന്ധുവിന് വലിയ സ്വീകരണമായിരുന്നു ആരാധകർ നൽകിയത്.
ബാഡ്‌മിന്‍റണിൽ ലോക കിരീടം നേടിയ പി വി സിന്ധുവിനെ കേരളം ഇന്ന് ആദരിക്കുകയാണ്. ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ മൂന്ന് മണിക്കാണ് ആദരിക്കൽ ചടങ്ങ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയിൽ പത്ത് ലക്ഷം രൂപയും ഉപഹാരവും സിന്ധുവിന് നൽകും. ഇന്നലെ രാത്രി സിന്ധു തിരുവനന്തപുരത്ത് എത്തിയിരുന്നു. വിമാനത്താവളത്തില്‍ കേരള ഒളിംപിക് അസോസിയേഷന്‍ ഭാരവാഹികളും ആരാധകരും ചേര്‍ന്ന് സ്വീകരിക്കുകയുണ്ടായി. സിന്ധുവിനെ കാണാന്‍ വിമാനത്താവള പരിസരത്തും ആരാധകര്‍ തടിച്ചുകൂടിയിട്ടുണ്ടായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേസലില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലായിരുന്നു സിന്ധു ലോക കിരീടം ചൂടിയത്. ജാപ്പനീസ് സൂപ്പര്‍ താരം നൊസോമി ഒകുഹാരയെ ആയിരുന്നു സിന്ധുവിൻറെ എതിരാളി. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ആദ്യ കിരീടമാണിത്. ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടാനാകുമെന്നാണ് പ്രതീക്ഷയെന്ന് പി.വി.സിന്ധു പറഞ്ഞു.
https://www.facebook.com/Malayalivartha