ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ച് തർക്കം നിലനിന്നതിന് പിന്നാലെ പോലീസുകാരന്റെ ഭാര്യയെ കണ്ടെത്തിയത് മുറിയിൽ മരിച്ച നിലയിൽ: അഞ്ജുവിനെ ആശുപത്രിയിൽ എത്തിക്കാതെ തൂങ്ങി മരിച്ചുവെന്ന് ബന്ധുക്കളെ അറിയിച്ചത് മൂന്നുമണിക്കൂർ വൈകി- ഭർതൃ വീട്ടിൽ എത്തിയപ്പോൾ അഞ്ജു കട്ടിലിൽ കിടക്കുകയായിരുന്നുവെന്നും, ശരീരത്തിൽ അടിയുടെ പാടുകൾ ഉണ്ടായിരുന്നെന്നും, മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് യുവതിയുടെ കുടുംബം

പൊലീസുകാരന്റെ ഭാര്യയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. നിയമസഭയിലെ പൊലീസ് ഉദ്യോഗസ്ഥനായ സുരേഷ് കുമാറിന്റെ ഭാര്യയും ബാലരാമപുരം സ്വദേശിയുമായ അഞ്ജുവിനെയാണ് ഭര്‍ത്തൃവീട്ടില്‍ മരിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. മൂന്ന് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മിൽ നേരത്തെ മുതൽ തർക്കം നിലനിന്നിരുന്നതായി അഞ്ജുവിന്‍റെ ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ ദിവസവും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് അഞ്ജുവിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ലെന്നും മൂന്ന് മണിക്കൂറിന് ശേഷമാണ് മറ്റുളളവരെ വിവരമറിയിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. അഞ്ജു തൂങ്ങിമരിച്ചുവെന്നാണ് സുരേഷിന്റെ കുടുംബം പറയുന്നത്. എന്നാൽ, മറ്റുളളവർ വീട്ടിലെത്തുമ്പോൾ കട്ടിലിൽ ആയിരുന്നു മൃതദേഹം. ഇതും ദുരൂഹമാണെന്നാണ് അഞ്ജുവിന്റെ കുടുംബത്തിന്റെ ആരോപണം. യുവതിയുടെ ശരീരത്തിൽ അടിയുടെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. നെയ്യാറ്റിൻകര പൊലീസ് ഭർത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha