സി.പി.എമ്മിലെ കെ. ശ്രീകുമാര്‍ തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി എല്‍ഡിഎഫിലെ കെ ശ്രീകുമാര്‍ (സിപിഎം) തെരഞ്ഞെടുക്കപ്പെട്ടു. രാവിലെ കൗണ്‍സില്‍ ഹാളില്‍ നടന്ന വോട്ടെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പേട്ട കൗണ്‍സിലര്‍ ഡി. അനില്‍കുമാറിനേയും ബിജെപി സ്ഥാനാര്‍ഥി നേമം കൗണ്‍സിലര്‍ എം ആര്‍. ഗോപനേയുമാണ് പരാജയപ്പെടുത്തിയത്. മേയറായിരുന്ന വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവ് എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മേയര്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്. മൂന്നു സ്ഥാനാര്‍ഥികള്‍ മത്സരത്തിനുണ്ടായിരുന്നതിനാല്‍ വോട്ടെടുപ്പ് രണ്ടു റൗണ്ടായിരുന്നു. ആദ്യം ഏറ്റവും കുറഞ്ഞ വോട്ടുകിട്ടിയ യുഡിഎഫ് സ്ഥാനാര്‍ഥി ഡി. അനില്‍കുമാറിനെ ഒഴിവാക്കി. രണ്ടാം റൗണ്ടില്‍ കെ ശ്രീകുമാറും ബിജെപി.യിലെ എം.ആര്‍ ഗോപനും തമ്മിലായിരുന്നു മത്സരം.
ആദ്യ റൗണ്ടില്‍ ആകെ 99 പേര്‍ വോട്ടുചെയ്തപ്പോള്‍ കെ ശ്രീകുമാറിന് 42 വോട്ടും എം ആര്‍ ഗോപന് 35 വോട്ടും ഡി അനില്‍കുമാറിന് 20 വോട്ടും ലഭിച്ചു. മൂന്ന് വോട്ട് അസാധുവായി. കോണ്‍ഗ്രസ് അംഗം സി ഓമന, ബിജെപി അംഗം ജ്യോതി സതീഷ്, സ്വതന്ത്ര അംഗം എന്‍ എസ് ലതാകുമാരി എന്നിവരുടെ വോട്ടാണ് അസാധുവായത്. സ്വതന്ത്ര അംഗം ആര്‍ക്കും വോട്ട് ചെയ്തില്ല. രണ്ടാം റൗണ്ടില്‍ ശ്രീകുമാറിന് 42 വോട്ടും എം ആര്‍ ഗോപന് 34 വോട്ടും കിട്ടി. ഇതോടെ ശ്രീകുമാറിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. 100 അംഗങ്ങളുള്ള കോര്‍പറേഷനിലെ കക്ഷിനില: എല്‍ഡിഎഫ് 43, ബിജെപി 35, യുഡിഎഫ് 21, സ്വതന്ത്രന്‍ ഒന്ന്്. ചാക്ക വാര്‍ഡ് കൗണ്‍സിലറും കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനുമായ ശ്രീകുമാര്‍ സിപിഐ എം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗവുമാണ്. മേയറായിരുന്ന വി.കെ പ്രശാന്തിന്റെ വാര്‍ഡിലേക്ക് താമസിക്കാതെ ഉപതെരഞ്ഞെടുപ്പ് നടക്കും.
https://www.facebook.com/Malayalivartha
























