കോടതി ഹാളിൽ ഡോക്ടറെയും ടെക്നീഷ്യനെയും വരുത്തി സാമ്പിൾ പരിശോധനക്കയച്ചു; അപൂർവ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി

അപൂർവ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി. തിരുവനന്തപുരം, രാജാജി നഗർ ചെങ്കൽച്ചൂള കണ്ണൻ കൊലക്കേസിൽ ഒന്നാം പ്രതിയുടെ രക്തസാമ്പിൾ കോടതി ഹാളിൽ വച്ചാണ് ഡോക്ടറെയും ലാബ് ടെക്നീഷ്യന്റെയും സാനിധ്യത്തിൽ പരിശോധനക്കയച്ചു. പരിശോധനാ ഫലം ചൊവ്വാഴ്ച ഹാജരാക്കാൻ ഉത്തരവിട്ട കോടതി ടെക്നീഷ്യനെ റിപ്പോർട്ട് സഹിതം പതിനാറാം തീയതി വിസ്തരിക്കാൻ ഉത്തരവിട്ടുകൊണ്ട് തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ക്രിമിനൽ നീതി നിർവ്വഹണ വ്യവസ്ഥയിലെ അപൂർവ്വ രംഗങ്ങൾക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു.
2011 ൽ നടന്ന കണ്ണൻ കൊലക്കേസിൽ നിലവിൽ അഞ്ച് പ്രതികളാണ് വിചാരണ നേരിടുന്നത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ചെങ്കൽച്ചൂള കണ്ണനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതികളായ പ്രഭിത്ത് , അനീഷ് , കോലൻ കണ്ണനെന്നും എരുമ കണ്ണനെന്നും അറിയപ്പെടുന്ന കണ്ണൻ , ഊളൻ പ്രദീപ് എന്ന പ്രദീപ് എന്നിവരാണ് കേസിലെ പ്രതികൾ.
എന്നാൽ താൻ നിരപരാധിയാണെന്നും കൃത്യവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും മരണപ്പെട്ടയാളിൻെറയും തന്റെയും രക്ത ഗ്രൂപ്പ് എ പോസിറ്റീവായതിനാൽ തന്നെ കേസിൽ കളവായി ഉൾപ്പെടുത്തിയതാണെന്നുമാണ് പ്രഭിത്തിന്റെ വാദം. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പോലീസ് തന്റെ രക്തസാമ്പിൾ എടുത്തിട്ടില്ലെന്നും പ്രതി കോടതിയിൽ ബോധിപ്പിച്ചു. അതിനാൽ ഡോക്ടറെക്കൊണ്ട് പരിശോധിപ്പിച്ച് തന്റെ രക്തസാമ്പിൾ എടുപ്പിച്ച് പരിശോധനക്കയക്കണമെന്ന ഹർജി അനുവദിച്ചു കൊണ്ടാണ് കോടതി മുറിയിൽ ജനറൽ ആശുപത്രി ഡോക്ടറെയും ലാബ് ടെക്നീഷ്യനെയും കോടതി വിളിച്ചു വരുത്തിയത്. കേസ് വിളിച്ച ശേഷം പ്രതിക്കൂട്ടിൽ നിന്നും ഡയസിന് സമീപം കോടതി പ്രതിയെ വിളിപ്പിച്ച് രക്ത സാമ്പിൾ എടുക്കാൻ ഡോക്ടറോടും ടെക്നീഷ്യനോടും ആവശ്യപ്പെടുകയായിരുന്നു.
അതേ സമയം കേസിലെ മറ്റൊരു പ്രതി താൻ കൃത്യ സമയം സംഭവസ്ഥലത്തില്ലായിരുന്നുവെന്നും അതിനാൽ തന്നെ വിട്ടയക്കണമെന്ന വാദവുമായി രംഗത്തെത്തി. താൻ തൽസമയം ഒരു പരിപാടിയിൽ ചെണ്ടമേളത്തിന് ചെണ്ടകൊട്ടാൻ പോയിരുന്നതായി വാദിച്ച പ്രതി ഇത് തെളിയിക്കാനായി പരിപാടിയുടെ സംഘാടകരെ പ്രതിഭാഗം സാക്ഷിയാക്കി വിസ്തരിച്ചു. ഇന്ത്യൻ തെളിവ് നിയമത്തിലെ വകുപ്പായ അലിബി ( സംഭവ സമയം താൻ കൃത്യ സ്ഥലത്തില്ലായിരുന്നുവെന്ന പ്രതിഭാഗം പ്രതിരോധം) പ്രകാരം തന്നെ വിട്ടയയ്ക്കണമെന്ന വാദവുമായി രംഗത്തെത്തിയത്.
പ്രതികൾ കൃത്യത്തിനുപയോഗിച്ച ആയുധങ്ങൾ കന്റോൺമെന്റ് പോലീസ് മഹസ്സറിൽ വിവരിച്ച് ബന്തവസ്സിലെടുത്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. ബോംബിന്റെ അവശിഷ്ടങ്ങൾ , രക്തക്കറ പുരണ്ട വെട്ടുകത്തി തുടങ്ങിയവയാണ് ഹാജരാക്കിയത്.
പ്രോസിക്യൂഷൻ ഭാഗം സാക്ഷി വിസ്താരം പൂർത്തിയായിക്കഴിഞ്ഞു. പ്രതിഭാഗം സാക്ഷി വിസ്താരം പൂർത്തിയാകുന്ന ഘട്ടത്തിലാണ് കോടതിയിൽ രക്തസാമ്പിൾ എടുത്തത്.
https://www.facebook.com/Malayalivartha