കടകംപള്ളി ഭൂമി തട്ടിപ്പ് കേസ്; സിവിൾ സ്വഭാവമുള്ള കേസിൽ ക്രിമിനൽ കേസ് നിലനിൽക്കില്ലെന്ന് കാണിച്ച് പ്രതികൾ വിടുതൽ ഹർജി സമർപ്പിച്ചു; വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്ന് പ്രതികൾ

കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാവശ്യവുമായി പ്രതികൾ. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ചു. സിവിൾ സ്വഭാവമുള്ള കേസിൽ ക്രിമിനൽ കേസ് നിലനിൽക്കില്ലെന്ന് കാണിച്ചാണ് വിടുതൽ ഹർജി. ഹർജിയിൽ നിലപാടറിയിക്കാൻ സിബിഐയോട് സി. ജെ. എം. പ്രഭാഷ് ലാൽ ഉത്തരവിട്ടു. തങ്ങൾക്കെതിരായ കുറ്റപത്രം അടിസ്ഥാന രഹിതമായതിനാൽ തങ്ങളെ വിചാരണ കൂടാതെ വിട്ടയക്കണമെന്നാനാണ് പ്രതികളുടെ ആവശ്യം. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 239 പ്രകാരമാണ് പ്രതികൾ വിടുതൽ ഹർജി സമർപ്പിച്ചത്.
കുറ്റം ചുമത്തലിന് ഹാജരാകാത്ത പ്രതികൾക്ക് തിങ്കളാഴ്ച ഹാജരാകാൻ കോടതി അന്ത്യശാസനം നൽകിയിരുന്നു. വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിന് നിലവിലുള്ള പതിനൊന്ന് പ്രതികളും തിങ്കളാഴ്ച നേരിട്ട് ഹാജരാകാൻ ഡിസംബർ 23 ന് കോടതി അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ തിങ്കളാഴ്ച ഹാജരായ പ്രതികൾ വിടുതൽ ഹർജി സമർപ്പിക്കുകയായിരുന്നു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 240 പ്രകാരം വിചാരണക്ക് മുന്നോടിയായി പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്താനിരിക്കെയാണ് കുറ്റവിമുക്തരാക്കണമെന്ന ആവശ്യവുമായി പ്രതികൾ പ്രതിക്കൂട്ടിൽ കയറി നിന്നത്. സിബിഐയുടെ ഭാഗം കൂട്ടി കേട്ട ശേഷം കോടതി വിടുതൽ ഹർജിയിൽ വിധി പറയും.
കടകംപള്ളി മുൻ വില്ലേജ് ഓഫീസർ സി.കെ. ജയറാം , കെ.എച്ച്.അബ്ദുൾ മജീദ് , എ. നിസാർ അഹമ്മദ് , ഭൂമാഫിയ സംഘത്തിലെ കണ്ണികളായ സുഹറാബീവി , മുഹമ്മദ് അഷ്റഫ് എന്ന അഷ്റഫ് , റഷീദ , ഷാനിദ സലാഹുദീൻ , നദീറാ റഷീദ് , സലീനാ താജ് , ഹസീന നാസർ , റീന , റഹീന ,മുഖ്യമന്ത്രിയുടെ ഗൺമാൻ എസ്.സലിം രാജ് , കെ.കെ. ദിലീപ് എന്നിവരെ ഒന്നു മുതൽ വരെ പതിനാലു പേരെ പ്രതിസ്ഥാനത്ത് ചേർത്ത് 2016നവംബർ 2 നാണ് സി ബി ഐ കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ ഒന്നാം പ്രതി സി.കെ.ജയറാം, മൂന്നാം പ്രതി നിസാർ അഹമ്മദ്, നാലാം പ്രതി സുഹറാബീവി എന്നിവർ മരണപ്പെട്ടു. ബാക്കിയുള്ള പതിനൊന്ന് പ്രതികളെ വിചാരണ ചെയ്യുന്നതിനാണ് ഇവർക്ക് മേൽ കോടതി കുറ്റം ചുമത്തുന്നത്.
കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ 7 കേസുകളിലായി വിഭജിച്ച കുറ്റപത്രമാണ് സിബിഐ സമർപ്പിച്ചത്. 5 കേസുകളിൽ തിരുവനന്തപുരം സി.ജെ.എം. കോടതിയിലും 2 കേസുകളിൽ സിബിഐ കോടതിയിലുമാണ് കുറ്റപത്രം സമർപ്പിച്ചത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 219 പ്രകാരം ഒരു വർഷത്തിൽ നടന്ന ഒരു പോലെയുള്ള 3 കുറ്റകൃത്യങ്ങൾക്ക് വീതം പ്രത്യേക കുറ്റപത്രം സമർപ്പിക്കണമെന്ന വ്യവസ്ഥ പ്രകാരമാണ് സിബിഐ വിഭജിച്ച 7 കുറ്റപത്രങ്ങൾ സമർപ്പിച്ചത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാൻ സലിം രാജ് രണ്ടു കേസുകളിൽ പ്രതിയാണ്. കടകംപള്ളി വില്ലേജിലെ 44.5 ഏക്കർ ഭൂമി യഥാർത്ഥ ഉടമകൾ അറിയാതെ വ്യാജ വിലയാധാരങ്ങൾ ചമച്ച് വ്യാജ പോക്ക് വരവ് ചെയ്ത് അവരുടെ വസ്തു വകകൾ തട്ടിയെടുത്തുവെന്നാണ് കേസ്. ഒരാൾ മറ്റൊരാൾക്ക് ഭൂമി കൈമാറുമ്പോഴും മരണപ്പെടുമ്പോഴും ഭൂമി വാങ്ങുന്നയാൾ , അവകാശികൾ എന്നിവർ പുതിയ തണ്ടപ്പേരിൽ കരം തീർക്കുന്നു. അപ്പോൾ വില്ലേജ് ഓഫീസിലെ തണ്ടപ്പേർ കണക്ക് ബുക്കിൽ പഴയ തണ്ടപ്പേർ ശൂന്യമായി കിടക്കും. ഈ ശൂന്യ തണ്ടപ്പേരിൽ വില്ലേജ് - റവന്യൂ അധികാരികളുടെ പങ്കാളിത്തത്തോടെ വ്യാജ പ്രമാണങ്ങളും പോക്കുവരവ് ഫയലുകളും ഉണ്ടാക്കി രേഖകളിൽ കൃത്രിമം കാട്ടിയാണ് സലിം രാജുൾപ്പെട്ട ഭൂമാഫിയ വസ്തുക്കൾ തട്ടിയെടുത്തത്. ക്രൈംബ്രാഞ്ച് , വിജിലൻസ് അന്വേഷണങ്ങൾ തൃപ്തികരമല്ലാത്തതിനാൽ ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറിയത്.
https://www.facebook.com/Malayalivartha