തിരക്കഥ മാറിമറിഞ്ഞു... രണ്ടര വര്‍ഷമായി പൊന്നാങ്ങളയെത്തേടി നടക്കുന്ന ഫൗസിയയും സുനിതയും ഷെമിയും മലയാളികളുടെ നൊമ്പരമാകുന്നു; രണ്ട് വര്‍ഷം മുമ്പ് തിരക്കഥ രജിസ്റ്റര്‍ ചെയ്യാന്‍ പുറപ്പെട്ട ആങ്ങളയെ കാണാനില്ല; പൊന്നാങ്ങളയെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തി സഹോദരിമാര്‍

മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ട ചിത്രമാണ് ഉദയനാണ് താരം. അതിലെ തിരക്കഥാ മോഷണവും തുടര്‍ന്ന് ശ്രീനിവാസന്‍ വലിയ താരമാകുന്നതെല്ലാം നര്‍മ്മത്തിലൂടെ നമ്മള്‍ ആസ്വദിച്ചതാണ്. മോഹന്‍ലാല്‍ വളരെ കഷ്ടപ്പെട്ട് എഴുതിയ ആ തിരക്കഥയുടെ നൊമ്പരം ഇപ്പോഴും ഓര്‍മ്മയിലുണ്ട്. എന്നാല്‍ ജീവിതത്തിലും ഇതുപൊലൊരു തിരക്കഥ വേദനയാവുകയാണ്. തൃശൂരില്‍ മൂന്ന് പെണ്‍കുട്ടികളാണ് തങ്ങളുടെ സഹോദരനെത്തേടി അലയുന്നത്. അതും തിരക്കഥയുമായി പുറപ്പെട്ട സഹോദരനെത്തേടി.
അവര്‍ എല്ലായിടത്തും സഹോദരനെ തിരയുകയാണ്. റെയില്‍വേ സ്റ്റേഷനിലും ബസ്റ്റാന്റിലുമെല്ലാം അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. കൈയിലുള്ള പ്ലക്കാര്‍ഡ് നീട്ടിയാണ് അവര്‍ ചോദിക്കുന്നത്. ആരെങ്കിലും ആ പ്ലക്കാര്‍ഡില്‍ ഒന്നുകൂടി നോക്കിയാല്‍ ചോദിക്കും, കണ്ടിട്ടുണ്ടോ, ഈ ഫോട്ടോയിലുള്ളയാളെ എവിടെയെങ്കിലും...? എന്നായിരിക്കും പ്രതീക്ഷയോടെയുള്ള അവരുടെ ചോദ്യം.
2017 ജൂലായില്‍ കണ്ണൂരിലെ വീട്ടില്‍നിന്ന് എറണാകുളത്തേക്ക് തിരക്കഥയുമായി പുറപ്പെട്ട ആങ്ങള അബ്ദുള്‍ നൗഷാദിനെയാണ് ഇവര്‍ തേടുന്നത്. രണ്ടുവര്‍ഷമായി പൊന്നാങ്ങളയെത്തേടി ഫൗസിയയും സുനിതയും ഷെമിയും പോകാത്ത സ്ഥലങ്ങളില്ല. പരാതി കൊടുക്കാത്ത ഇടങ്ങളില്ല.
നൗഷാദ് ഇവര്‍ക്ക് ആങ്ങളമാത്രമല്ല, നന്നേ ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട് ഏഴു സഹോദരങ്ങള്‍ മാത്രമായ കുടുംബത്തിന് ബാപ്പയും ഉമ്മയുമെല്ലാം മൂത്ത സഹോദരനായ നൗഷാദായിരുന്നു. മൂന്നു സഹോദരിമാരെയും വിവാഹം കഴിച്ചയച്ചതും നൗഷാദാണ്. ആങ്ങളയെ കണ്ടെത്തുംവരെ വിശ്രമമില്ലാതെ അലയുകയാണിവര്‍.
എഴുത്തുകാരനായ നൗഷാദ് കണ്ണൂര്‍ നാറാത്തെ വീട്ടില്‍നിന്നു പോകുമ്പോള്‍ കൂടെ കരുതിയത് താജ്മഹല്‍ എന്ന സമ്പൂര്‍ണ തിരക്കഥ. സിനിമയ്ക്കായി നിര്‍മാതാവിനെയും സംവിധായകനെയും കണ്ടെത്തിയ ശേഷം തിരക്കഥ രജിസ്റ്റര്‍ ചെയ്യാനാണു പോയത്. പത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കഥാരചനയില്‍ ഒന്നാമനായിരുന്നു. പ്രീഡിഗ്രിക്കാലത്ത് ഒെേട്ടറ നാടകങ്ങളെഴുതി അവതരിപ്പിച്ചു. പിന്നീടാണ് തിരക്കഥയിലേക്കു കടന്നത്. എഴുതിയ തിരക്കഥകള്‍ പലരെയും കാണിച്ചു. പിന്നീട് ഇക്കഥ മറ്റുപലരുടെയും പേരില്‍ സിനിമയായതോടെയാണ് താജ്മഹല്‍ രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചത്. അന്ന് പ്രായം 40 വയസായിരുന്നു.
മംഗളൂരു മുതല്‍ കേരളത്തിലുടനീളവും അന്വേഷിച്ച് കന്യാകുമാരിവരെ തേടി. തമിഴ്‌നാട്ടിലെ മധുരയിലും ഏര്‍വാടിയിലുമൊക്കെ പോയി അന്വേഷിച്ചു. ഇപ്പോഴും അന്വേഷണത്തിലാണ്. മൂന്ന് റെയില്‍വേ സ്‌റ്റേഷനുകളിലായാണ് ഓരോ ദിവസത്തെയും അന്വേഷണം. വെള്ളിയാഴ്ച ഷെമി തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനിലായിരിന്നു. സുനിത കാസര്‍കോട്ടും ഫൗസിയ ആലുവയിലും. ശനിയാഴ്ച ഇത് അടുത്ത സ്‌റ്റേഷനിലേക്കു മാറും. കണ്ടെത്തുംവരെ വിശ്രമമില്ല.
മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കുമടക്കം പരാതി നല്‍കിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലും പ്രശ്‌നം അവതരിപ്പിച്ചു. അതുകണ്ട് അവസാന വിളി വന്നത് ഡിസംബര്‍ 14ന്. തിരുവനന്തപുരത്തേക്കു പോകുന്ന മാവേലി എക്‌സ്പ്രസ് തീവണ്ടിയില്‍ നൗഷാദിനെപ്പോലൊരാള്‍ കിടക്കുന്നുവെന്നാണ് വിളിച്ചറിയിച്ചത്. ഫോട്ടോയുമിട്ടു. കായംകുളത്ത് തീവണ്ടി എത്തിയപ്പോള്‍ പരശോധിച്ചെങ്കിലും കണ്ടെത്താനായില്ല.
റെയില്‍വേ സ്‌റ്റേഷനുകള്‍ തോറും കാണ്മാനില്ല എന്ന നോട്ടീസ് ഇവര്‍ പതിക്കുന്നുണ്ട്. അതോടൊപ്പം പ്രാര്‍ഥിക്കുന്നുമുണ്ട്. ഈ നൗഷാദിനെ കണ്ടെത്താനായി നമുക്കും അവരെ സഹായിക്കാം.
"
https://www.facebook.com/Malayalivartha