പാക്ക് നിർമ്മിത വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം; വേണ്ടിയുണ്ടക്കൊപ്പം ലഭിച്ച ബിൽ തമിഴ്‌നാട്ടിലെ കോഴിഫാമിന്റെത്; ഫാമുടമയെ ചോദ്യം ചെയ്തു

പാക്ക് നിർമ്മിത വെടിയുണ്ട കണ്ടെത്തിയതിനു പിന്നിലെ അന്വേഷണം തുടരുന്നു . കുളത്തൂപ്പുഴയില്‍ പാക്കിസ്ഥാന്‍ നിര്‍മിത വെടിയുണ്ടയ്ക്കൊപ്പം ലഭിച്ച വൈദ്യുതി ബിൽ തമിഴ്‌നാട്ടിലെ കോഴിഫാമിന്റെതെന്ന് തെളിഞ്ഞു . ഫാമുടമയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. തിങ്കളാഴ്ച രാത്രി ഉന്നത ഉദ്യോഗസ്ഥര്‍ കൊല്ലത്തു യോഗം ചേര്‍ന്ന് അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു . വെടിയുണ്ടകള്‍ പൊതിഞ്ഞിരുന്നതു രണ്ടു മലയാള ദിനപത്രങ്ങളിലായിരുന്നു. ഇതിനോടൊപ്പം തമിഴ്നാട്ടിലെ വൈദ്യുതി ബില്ലും ലഭിച്ചിരുന്നു . ബില്ല് ഒരു കോഴിഫാമിന്റെതാണെന്നു അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
ഉടമയെ ചോദ്യം ചെയ്തു വിട്ടയച്ചെങ്കിലും ഇയാള്‍ക്കു കേസുമായുള്ള ബന്ധം സ്ഥിരീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല . അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്നു ഉള്‍പ്പെടെ നൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം ശേഖരിച്ചു . തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ സഹായവും തേടി. മാവോയിസ്റ്റുകളെയും തീവ്രവാദ സംഘടനകളെയും കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിച്ചുവരുകയാണ് . കുളത്തൂപ്പുഴ മുപ്പതടിപാലത്തിനു സമീപം ശനിയാഴ്ച ഉച്ചയോടെയാണ് 14 വെടിയുണ്ടകൾ കണ്ടെത്തിയത്.
വെടിയുണ്ടകളിൽ 12 എണ്ണത്തില്‍ പാക്ക് സൈന്യത്തിനു വേണ്ടി ആയുധങ്ങൾ നിർമിക്കുന്ന പാക്കിസ്ഥാന്‍ ഓർഡനന്‍സ് ഫാക്ടറിയുടെ ചുരുക്കെഴുത്തായ പിഒഎഫ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന പൊലീസിന്റെ തീവ്രവാദവിരുദ്ധ സ്ക്വാഡും കൊല്ലം റൂറല്‍ പൊലീസും സംയുക്തമായാണു കേസ് അന്വേഷിക്കുന്നത്. എന്‍ഐഎ, മിലിട്ടറി ഇന്റലിജൻസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളും സമാന്തരമായി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. വെടിയുണ്ടകള്‍ മുന്‍സൈനികരോ മറ്റോ ഉപേക്ഷിച്ചതാകാനുള്ള സാധ്യതയും അന്വേഷണസംഘം പരിഗണിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha