'ഒരുങ്ങിയിരിക്കുക എന്ന് പറയുന്നതിന് അർത്ഥം ദുരന്തം വരുമെന്നല്ല, ദുരന്തം വന്നാലും നേരിടാൻ നമ്മൾ തയ്യാറായിരിക്കും എന്ന് മാത്രമാണ്....' കുറിപ്പുമായി ഡോ. ഷിംന അസീസ്

സംസ്ഥാനത്ത് മഴ കണക്കുകയാണ്. ഇനി മൂന്ന് നാല് ദിവസത്തേക്ക് മഴ തുടരുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നിട്ടും പ്രളയ മുന്നറിയിപ്പ് ഇതുവരെ നൽകിയിട്ടുമില്ല. എന്നിരുന്നാൽ തന്നെയും കൂടുതൽ കരുതിയിരിക്കുക എന്ന് പറയുകയാണ് ഡോ.ഷിംന അസീസ്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇത് വ്യക്തമാക്കുന്നത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം;
മഴയാണ്, നല്ല അസ്സൽ മഴ. ഇടക്കിടെ ഇടി മുരളുന്നതും കേൾക്കുന്നുണ്ട്. ഇനി മൂന്നാല് ദിവസം ഇങ്ങനെ തന്നെയാണത്രേ. ഇപ്പോൾ വെള്ളം കയറുന്നയിടങ്ങളിൽ മിക്കതും വെള്ളം ഒഴുകി പോകാനുള്ള സൗകര്യങ്ങൾ കുറവുള്ള സ്ഥലങ്ങളാണെന്നാണ് മനസ്സിലാവുന്നത്. നിലവിൽ നമുക്കൊരു പ്രളയ മുന്നറിയിപ്പ് ലഭിച്ചിട്ടുമില്ല. വളരെ നല്ല കാര്യം.എന്നാലും കഴിഞ്ഞ രണ്ട് വർഷങ്ങൾ കൊണ്ട് നമ്മൾ പഠിച്ച ചില പാഠങ്ങൾ നന്നായി ഒന്ന് റിവിഷൻ നടത്തി വെക്കാം. നമ്മൾ പേടിച്ച് വിറച്ചിട്ട് മഴക്ക് കനിവ് തോന്നി മനസ്സലിഞ്ഞ് ഇറങ്ങി പോകുകയൊന്നും ചെയ്യില്ലല്ലോ. അഥവാ വെള്ളം കേറിയാൽ?
അത്യാവശ്യം വേണ്ട രേഖകൾ ഇപ്പഴേ ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് വെക്കാം. ഓൾറെഡി കൊറോണ പിടിച്ച വ്യവസ്ഥിതിയിൽ നിന്ന് മഴ നനഞ്ഞ കടലാസിലെ വിലയേറിയ രേഖകൾ തിരിച്ച് കിട്ടൽ വല്ല്യ പാടാവും. കുറച്ച് ബിസ്ക്കറ്റും നിലക്കടലയും ശുദ്ധജലവുമൊക്കെ സ്റ്റോക്ക് ഇരുന്നോട്ടെ. പെട്ടെന്ന് ബാറ്ററി തീരാത്ത ഒരു സാധാരണ ഫോണും, അത്യാവശ്യം മരുന്നുകളും ബാറ്ററിയുള്ള ടോർച്ചും കൂടി എടുത്ത് വെക്കാം.
എങ്ങനെ പോകും, എങ്ങോട്ട് പോകും, ഈ കൊറോണക്കിടയിൽ ആര് നോക്കും എന്നൊക്കെ ചിന്തിച്ച് കാട് കേറാൻ വരട്ടെ. ഒരുങ്ങിയിരിക്കുക എന്ന് പറയുന്നതിന് അർത്ഥം ദുരന്തം വരുമെന്നല്ല, ദുരന്തം വന്നാലും നേരിടാൻ നമ്മൾ തയ്യാറായിരിക്കും എന്ന് മാത്രമാണ്. ഒന്നും വരാതിരിക്കട്ടെ, ഇനിയും പരീക്ഷണങ്ങളിൽ പെടാതിരിക്കട്ടെ നമ്മൾ...
ഇനി അങ്ങനെ വല്ലതും സംഭവിച്ചാലോ? മഴ...വെള്ളം... വെള്ളക്കെട്ട്... മഴക്കാലരോഗങ്ങൾ... സഹനം...വന്നാൽ വരുന്നിടത്ത് വെച്ച് കാണും. മലയാളിയാണ്, കേരളമാണ്. നമ്മളൊന്നിച്ച് എന്തോരം ദുരന്തങ്ങളെ ഒറ്റക്കെട്ടായി നേരിട്ടിരിക്കുന്നു...ഏറ്റവും മോശമായത് തന്നെ പ്രതീക്ഷിക്കണം എന്ന് പറയില്ലേ? അങ്ങനെയെങ്ങാൻ സംഭവിച്ചാൽ, പ്രതീക്ഷിച്ചതല്ലേ വന്നുള്ളൂ എന്ന് കരുതാം. അങ്ങനെ സംഭവിച്ചില്ലെങ്കിൽ ഒന്നും സംഭവിച്ചില്ലല്ലോ എന്നോർത്ത് സന്തോഷിക്കാം...മ്മളെക്കൊണ്ട് സാധിക്കും. നമ്മളെക്കൊണ്ടല്ലെങ്കിൽ ആരെക്കൊണ്ട് സാധിക്കാനാണ് !!
Dr. Shimna Azeez
https://www.facebook.com/Malayalivartha
























