മാലിന്യം തള്ളി മുങ്ങിയവരെ മാലിന്യ ചാക്കിലെ ബില്ലിലെ മേല്‍വിലാസം വച്ച് പിടികൂടി

കറുകച്ചാല്‍ വാഴൂരില്‍ മാലിന്യം തള്ളി മുങ്ങിയവരെ നാട്ടുകാര്‍ പിടികൂടി. 12, 14 വാര്‍ഡുകളുടെ അതിര്‍ത്തി പങ്കിടുന്ന പാറാംതോട്-കളപ്പുരയിടം റോഡിലെ ചെട്ടിയാരപ്പള്ളി ഭാഗത്തെ റോഡരികിലാണ് ചാക്കില്‍ കെട്ടി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളിയത് കണ്ടെത്തി.
നാട്ടുകാരും ഹരിത കര്‍മ സേനാംഗങ്ങളും സംയുക്തമായി മാലിന്യ ചാക്ക് പരതി. അതില്‍ നിന്നും കറുകച്ചാലിലെ ഒരു വ്യാപാര സ്ഥാപനത്തിലെ ബില്ല് ലഭിച്ചു. തുടര്‍ന്ന് ഇവര്‍ പഞ്ചായത്തിലും പൊലീസിലും പരാതി നല്‍കി. അന്വേഷണത്തില്‍ ഉടമയെ കണ്ടെത്തി. പഞ്ചായത്തില്‍ നിന്നും കുറ്റക്കാര്‍ക്ക് നോട്ടിസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തു.
കടക്കാരന്‍ ആക്രിക്കാരനു നല്‍കിയ മാലിന്യങ്ങളായിരുന്നു ഇവ. ആക്രിക്കാരന്‍ ആവശ്യമായവ എടുത്ത ശേഷം ബാക്കി റോഡരികിലേക്ക് വലിച്ചെറിയുകയായിരുന്നു.
കൊടുങ്ങൂര്‍-പാല റോഡില്‍ കൊടുങ്ങൂര്‍ കവലയ്ക്കു സമീപം അമ്പാട്ടി പടിയില്‍ കഴിഞ്ഞ ദിവസം ഹോട്ടല്‍ മാലിന്യങ്ങളും മൊബൈല്‍ ഫോണ്‍ കടയിലെ മാലിന്യങ്ങളും ചാക്കില്‍ നിക്ഷേപിച്ചതും സമാന രീതിയില്‍ ഹരിത കര്‍മ സേന കണ്ടെത്തി. വാഴൂരിലെ ഒരു ഹോട്ടലിലെയും പള്ളിക്കത്തോട്ടിലെ ഒരു മൊബൈല്‍ കടയിലെയും മാലിന്യങ്ങളായിരുന്നു ഇവ. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പിഴ ഈടാക്കുകയും ഇട്ടവരെ കൊണ്ടു തന്നെ മാലിന്യം നീക്കം ചെയ്യിപ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























