പറ്റിപ്പോയെന്ന് പറയരുത്... പാലാരിവട്ടം പാലത്തിന് ചെലവാകുന്ന തുക മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞില്‍ നിന്നും ഈടാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ നിയമോപദേശം തേടുന്നു; ജലീലിനെ മുള്‍മുനയില്‍ നിര്‍ത്താനുള്ള യുഡിഎഫ് നീക്കത്തിന് ശക്തമായ തിരിച്ചടി

18.71 കോടി രൂപ ചെലവില്‍ സര്‍ക്കാര്‍ പുനര്‍നിര്‍മിക്കാന്‍ പോകുന്ന പാലാരിവട്ടം പാലത്തിന് ചെലവാകുന്ന തുക ലീഗ് നേതാവും മുന്‍മന്ത്രിയുമായ വി.കെ. ഇബ്രാഹിം കുഞ്ഞില്‍ നിന്നും ഈടാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ നിയമോപദേശം തേടുന്നു.
ഇബ്രാഹിംകുഞ്ഞില്‍ നിന്നും തുക ഈടാക്കാനായാല്‍ 2021 ല്‍ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞടുപ്പില്‍ ഒരു വജ്രായുധമായി മാറുമെന്ന് സര്‍ക്കാര്‍ കരുതുന്നു.
മുന്‍മന്ത്രി, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എന്നീവരില്‍ നിന്നും തുക ഈടാക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ശുപാര്‍ശ നല്‍കുമെന്നാണ് കേള്‍ക്കുന്നത്. ശുപാര്‍ശ കിട്ടിയാലുടന്‍ സര്‍ക്കാര്‍ നിയമനടപടികളിലേക്ക് പ്രവേശിക്കും.
ഇതിലൂടെ പി.കെ. കുഞ്ഞാലിക്കുട്ടിയെ തൊഴുത്തില്‍ കെട്ടാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നു. കെ.റ്റി. ജലീലിന്റെ ഖുറാന്‍ കേസില്‍ കോണ്‍ഗ്രസ് അയഞ്ഞിട്ടും അയയാത്ത ലീഗിനെ പാലാരിവട്ടത്തില്‍ തൂക്കി അകത്തിടാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇബ്രാഹിം കുഞ്ഞ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ്. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പരാമര്‍ശമുണ്ടായാല്‍ തങ്ങള്‍ രക്ഷപ്പെട്ടു എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ജലീല്‍ വിഷയത്തില്‍ ഒരു വിട്ടു വീഴ്ചക്കും തയ്യാറാകാത്ത കുഞ്ഞാലിക്കുട്ടിയെ പൊതുജന മധ്യത്തില്‍ നാറ്റിക്കാനാണ് സര്‍ക്കാരും സി പി എമ്മും ശ്രമിക്കുക.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സ്പീഡ് പദ്ധതിയില്‍പ്പെടുത്തി 2013 ലാണ് പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിന് പദ്ധതി തയ്യാറാക്കിയത്. അനധികൃത സ്വത്തു സമ്പാദന കേസില്‍ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഷനിലായിരുന്ന ടി ഒ സൂരജ് ഇതോടൊപ്പം പൊതുമരാമത്ത് സെക്രട്ടറിയായി സര്‍വ്വീസില്‍ തിരിച്ചെത്തി. ദേശീയപാത അതോറിറ്റി നിര്‍മിക്കേണ്ട പാലം പൊതുമരാമത്ത് വകുപ്പ് സ്വമേധയാ ഏറ്റെടുക്കുന്നു. മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ചെയര്‍മാനായ കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷ(ആര്‍ബിഡിസികെ)ന് മേല്‍നോട്ട ചുമതല നല്‍കി. സാങ്കേതിക പരിജ്ഞാനം കുറഞ്ഞ കിറ്റ്‌കോ കണ്‍സള്‍ട്ടന്‍സിയായി.
പാലം നിര്‍മാണം കരാര്‍ നല്‍കാനുള്ള രേഖകളില്‍ തിരുത്തലും കൃത്രിമവും കാണിച്ച് ആര്‍ഡിഎസ് പ്രോജക്ട്‌സ് എന്ന കമ്പനിക്ക് കരാര്‍ ഉറപ്പിച്ചുകൊടുത്തു. മറ്റു കരാറുകാരെ ഒഴിവാക്കാന്‍ പൊതുമരാമത്ത് സെക്രട്ടറിയുടെ ഇടപെടലും ഉണ്ടായതായി വിജിലന്‍സ് കണ്ടെത്തി. ആകെ 47.70 കോടി രൂപ വകയിരുത്തിയ നിര്‍മാണം ആറ് കോടിയോളം കുറവിലാണ് ആര്‍ഡിഎസ് കരാറെടുത്തത്. നിര്‍മാണത്തിന് മുന്‍കൂര്‍ പണം(മൊബിലിറ്റി അഡ്വാന്‍സ്) നല്‍കില്ലെന്ന് മറ്റു കരാറുകാരോട് പറഞ്ഞെങ്കിലും എട്ടേകാല്‍ കോടി രൂപ മന്ത്രിയുടെ ഇടപെടലില്‍ അതിവേഗം അനധികൃതമായി കരാറുകാരന് കൈമാറി. ഇതിന് മന്ത്രിയുടെ ഉത്തരവുണ്ടായിരുന്ന കാര്യം ടി ഒ സൂരജ് വെളിപ്പെടുത്തിയത് ക്രമക്കേടില്‍ വി കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്കിനുള്ള തെളിവായി. അതുവരെ പാലാരിവട്ടം ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയില്‍ ചുമത്തുകയായിരുന്നു മന്ത്രി വി കെ ഇബ്രാഹിംകുഞ്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ആര്‍ഡിഎസ് അത് മറികടക്കാന്‍ കൂടിയാണ് ഏറ്റവും കുറഞ്ഞ നിരക്കിലും പാലം നിര്‍മാണമേറ്റെടുത്തത്. യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സഹായത്തിനുള്ള പ്രതിഫലവും കരാര്‍ തുകയില്‍ നിന്ന് വീതിച്ചു. ബാക്കിയുള്ള തുകകൊണ്ട് പാലം പണിത കരാറുകാരന്‍ നിര്‍മാണത്തില്‍ ക്രമക്കേടുകള്‍ കാണിക്കുക സ്വാഭാവികം.
ഗുണമേന്മ പരിശോധനകളൊന്നും നടത്താതെ, ചുമതലയുള്ളവരുടെ മേല്‍നോട്ടമില്ലാതെ തോന്നിയപടി നിര്‍മാണം പൂര്‍ത്തിയാക്കി. ഗതാഗതത്തിന് തുറന്ന പാലം ഒന്നാംദിവസം മുതല്‍ തന്നെ ബലക്ഷയം കാണിച്ചുതുടങ്ങി. വാഹനങ്ങള്‍ കയറുമ്പോള്‍ വലിയ ശബ്ദത്തോടെ പാലം ഇളകി. സ്പാനുകള്‍ക്കിടയിലെ ജൊയിന്റ് തകര്‍ന്നു. പാലത്തെയും തൂണിന്റെ മുകള്‍ഭാഗത്തെയും ബന്ധിപ്പിക്കുന്ന ബെയറിങുകള്‍ നിലവാരക്കുറവ് മൂലം തകര്‍ന്നു. കോണ്‍ക്രീറ്റ് നിര്‍മാണങ്ങളില്‍ പരക്കെ പൊട്ടലും വിള്ളലും രൂപപ്പെട്ടു. പാലം യാത്രായോഗ്യമല്ലെന്ന് വിലയിരുത്തലുണ്ടായതോടെ മദ്രാസ് ഐഐടിയെ പരിശോധനക്ക് നിയോഗിച്ചു. രണ്ടര വര്‍ഷത്തിനകം പൊളിഞ്ഞ പാലം കഴിഞ്ഞ ജൂണ്‍ ഒന്നിന് അടച്ചു.
ആദ്യം മദ്രാസ് ഐഐടിയും പിന്നീട് മെട്രോമാന്‍ ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘവും നടത്തിയ പരിശോധനയില്‍ കണ്ടത് രാജ്യത്തെയാകെ ഞെട്ടിച്ച വസ്തുതകളാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യപ്രകാരം ഇ ശ്രീധരനും മഹേഷ് ഠണ്ടനെ പൊലുള്ള വിദഗ്ധരുമുള്‍പ്പെട്ട സംഘം രണ്ട്‌വട്ടം പാലം പരിശോധിച്ചു.
പാലം പുനര്‍നിര്‍മ്മിക്കാനുള്ള നടപടികള്‍ക്കൊപ്പം നിര്‍മാണത്തിലെ അഴിമതി കണ്ടെത്താന്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചു.
നിര്‍മാണ മേല്‍നോട്ടം വഹിച്ച ആര്‍ബിഡിസികെ, കണ്‍സള്‍ട്ടന്‍സിയായ കിറ്റ്‌കോ, ഫണ്ടിങ് ഏജന്‍സിയായ കേരള റോഡ് ഫണ്ട് ബോര്‍ഡ് എന്നിവയുടെ ഓഫീസുകള്‍ പരിശോധിച്ച് വിജിലന്‍സ് 147 സുപ്രധാന രേഖകള്‍ പിടിച്ചെടുത്തു. ഉദ്യോഗസ്ഥര്‍ ഉള്‍ശപ്പടെ നൂറ്റമ്പതോളം പേരെ ചൊദ്യംചെയ്തു. 17 പേരെ പ്രതിസ്ഥാനത്തു സംശയിക്കുന്ന പട്ടിക തയ്യാറാക്കി.
പാലാരിവട്ടം പാലം നിര്‍മാണത്തിന് പിന്നില്‍ നടന്ന അഴിമതിയില്‍ രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന വിവരം വിജിലന്‍സ് കോടതിയെ അറിയിച്ചു. വിജിലന്‍സ് സമര്‍പ്പിച്ച അന്വേഷണ വിവരങ്ജളോട് കോടതികള്‍ ഞെട്ടലോടെയാണ് പ്രതികരിച്ചത്. അറസ്റ്റിലായ പ്രതികള്‍ക്ക് കോടതി തുടര്‍ച്ചയായി ജാമ്യം നിഷേധിച്ചു. അവര്‍ പുറത്തിറങ്ങിയാല്‍ കേസിനെ വഴിതിരിച്ചുവിടാന്‍ ഇടപെടുമെന്ന വിജിലന്‍സ് വാദം അംഗീകരിച്ചാണ് ഓരോ തവണയും ജാമ്യം നിഷേധിച്ചത്.
ഏതായാലും പാലാരിവട്ടം പാലത്തില്‍ സുപ്രീം കോടതിയില്‍ നിന്നും ഇത്തരമാരു ഉത്തരവ് സര്‍ക്കാര്‍ പ്രതീക്ഷിച്ചതല്ല. എന്നാല്‍ വീണു കിട്ടിയ അവസരം വെറുതെ കളയാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറല്ല. 18 കോടി കൊടുക്കേണ്ടെങ്കില്‍ കുഞ്ഞാലിക്കുട്ടി വഴിക്ക് വരണം.
"
https://www.facebook.com/Malayalivartha