അടി കൊഴുക്കുമ്പോള്‍... ബെംഗളൂരു ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനായി ബെംഗളൂരുവില്‍ എത്താന്‍ പറയുമ്പോള്‍ മലയാളികളുടെ ഓര്‍മ്മയില്‍ എത്തുന്നത് അബ്ദുള്‍ നാസര്‍ മദനി; മയക്ക് മരുന്ന് കേസില്‍ നിര്‍ണായകമായ ചോദ്യം ചെയ്യലില്‍ കാതോര്‍ത്ത് മലയാളികള്‍

ബെംഗളൂരു ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനായി ബെംഗളൂരുവില്‍ എത്താന്‍ പറയുമ്പോള്‍ വര്‍ഷങ്ങളായി ജയിലില്‍ കിടക്കുന്ന അബ്ദുന്നാസിര്‍ മദനയുടെ കാര്യം എല്ലാവരും ഓര്‍ത്തു പോകുകയാണ്. ബംഗളൂരു സ്‌ഫോടന കേസില്‍ വിചാരണത്തടവുകാരനായി മദനി ജയില്‍ തുടരുന്നത് 10 വര്‍ഷത്തിലേറെ കാലമാണ്. കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ഒമ്പതര വര്‍ഷം ജയിലില്‍ കഴിഞ്ഞ്, ഒടുവില്‍ നിരപരാധിയെന്ന് കണ്ടെത്തി കോടതി മോചിപ്പിച്ചതിന് പിന്നാലെയായിരുന്നു ഈ കേസില്‍ കുരുങ്ങിയത്. രണ്ടുകേസിലുമായി ഒരു മനുഷ്യായുസിന്റെ നല്ലൊരുഭാഗമാണ് മദനി തടവറയില്‍ കഴിഞ്ഞത്.
ബെംഗളൂരു എന്‍.ഐ.എ കോടതിയില്‍ നടക്കുന്ന വിചാരണ അനന്തമായി നീളുന്നത് സുപ്രീംകോടതി തന്നെ ചൂണ്ടിക്കാട്ടിയപ്പോള്‍ നാല് മാസത്തിനകം കേസ് തീര്‍ക്കാമെന്ന് 2014ല്‍ അന്വേഷണ സംഘം നല്‍കിയ സത്യവാങ്മൂലം കടലാസിലൊതുങ്ങി. കേസിന്റെ നടപടിക്രമങ്ങള്‍ മൂന്നാം ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ സുപ്രീംകോടതി അനുവദിച്ച നിബന്ധനകളോടെയുള്ള ജാമ്യത്തില്‍ ബംഗളൂരുവിലെ വീട്ടില്‍ തടവറയില്‍ കഴിയുകയാണ് മഅ്ദനി.
ബിനീഷ് കോടിയേരിയെ ബെംഗളൂരിവിലേക്ക് ഇഡി വിളിക്കുമ്പോള്‍ ഞെട്ടുന്നത് അതുകൊണ്ടാണ്. മാത്രമല്ല കര്‍ണാടക ഭരിക്കുന്നത് ബിജെപിയാണ്. കേരളത്തിലാണെങ്കില്‍ ഭരിക്കുന്ന സ്വന്തം പാര്‍ട്ടിയാണുള്ളത്. എവിടേയും ഒരു കണ്ണുണ്ടാകും. കര്‍ണാടക ഭരിക്കുന്നതാകട്ടെ സിപിഎമ്മിന്റെ ശത്രുവായ യദ്യൂരപ്പയും. കൊറോണ സമയത്ത് അതിര്‍ത്തിയടച്ചതിന്റെ പേരില്‍ ഉണ്ടായ പുകില് ഇപ്പോഴും ഓര്‍മ്മയില്‍ തന്നെയുണ്ട്.
അതിനാല്‍ തന്നെ ചൊവ്വാഴ്ച അതി നിര്‍ണായകമാണ്. നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തു കേസില്‍ 12 മണിക്കൂര്‍ ചോദ്യംചെയ്യലിന് വിധേയനായതിന് പിന്നാലെയാണ് ബംഗളൂരു ലഹരിമരുന്ന് കേസിലും ബിനീഷ് കോടിയേരിയെ ഇ.ഡി ചോദ്യം ചെയ്യുന്നത്. ബിനീഷിനുമേലുള്ള ഇ.ഡിയുടെ കുരുക്ക് മുറുകുന്നതിന്റെ സൂചനയാണിത്.
ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച കേസെടുത്ത ഇ.ഡി. പരപ്പന അഗ്രഹാര ജയിലില്‍ അനൂപിനെ ചോദ്യം ചെയ്തിരുന്നു. അതിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനോട് ഹാജരാകാന്‍ നിര്‍ദേശിച്ചത്. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ എറണാകുളം വെണ്ണല സ്വദേശി അനൂപ് മുഹമ്മദിന്റെ സുഹൃത്താണ് ബിനീഷ്. അനൂപിനെ ചോദ്യംചെയ്തപ്പോഴാണ് കന്നട ചലച്ചിത്രതാരങ്ങള്‍ ഉള്‍പ്പെട്ട ലഹരി മാഫിയയുടെ വിവരങ്ങള്‍ പുറത്തുവന്നത്. അനൂപിനെ കേന്ദ്ര നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയാണ് (എന്‍.സി.ബി) അറസ്റ്റുചെയ്തത്.ബംഗളൂരുവിലെ ഹോട്ടല്‍ ബിസിനസിന് വലിയതുക ബിനീഷ് തന്നിരുന്നതായി അനൂപ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ബിനീഷ് സ്ഥിരീകരിച്ചെങ്കിലും ലഹരി ഇടപാടുകളെക്കുറിച്ച് അറിയില്ലെന്നാണ് നിലപാട്.
സ്വര്‍ണക്കടത്തിന് ലഹരി മാഫിയ സാമ്പത്തിക നിക്ഷേപം നടത്തിയതായി സംശയമുണ്ടെന്ന് എന്‍.സി.ബി റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് ഇ.ഡി. കൊച്ചി യൂണിറ്റ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്. ലഭിച്ച വിവരങ്ങള്‍ കൊച്ചി യൂണിറ്റ് ബംഗളൂരു ഇ.ഡിക്ക് കൈമാറിയിട്ടുണ്ട്. ക്‌ളീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് അന്ന് കൊച്ചി യൂണിറ്റ് വ്യക്തമാക്കിയിരുന്നു.
സ്വന്തം കമ്പനികളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ബിനീഷിന് വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ബിനീഷിന്റെ സ്വത്തു വിവരങ്ങള്‍ കൈമാറാന്‍ സംസ്ഥാനത്തെ രജിസ്ട്രാര്‍മാര്‍ക്കും ബിനീഷിനും ഇ.ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്.
കമ്മനഹള്ളിയില്‍ കേരളാ ഹോട്ടല്‍ തുറക്കാന്‍ സാമ്പത്തികമായി സഹായിച്ചത് ബിനീഷാണെന്ന അനൂപിന്റെ മൊഴി എന്‍.സി.ബി ബംഗളൂരുവിലെ കോടതിയിലും ഹാജരാക്കിയിട്ടുണ്ട്. എന്തായാലും ബെംഗളൂരുവും പരപ്പന അഗ്രഹാരവും ഒക്കെ മനസില്‍ ഓടിയെത്തുകയാണ്. രണ്ട് ദിവസത്തിനം എല്ലാം കല്ലും നെല്ലും തിരിയും.
"
https://www.facebook.com/Malayalivartha



























