കോൺഗ്രസ് അധികാരത്തിലെത്തുന്ന അന്ന് തന്നെ കർഷിക മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്രം അടുത്തിടെ പാസാക്കിയ മൂന്ന് കരിനിയമങ്ങളും കീറി കുപ്പത്തൊട്ടിയിൽ; ഇത് രാഹുലിന്റെ ഉറപ്പ് ; മോദിയുടെ ഞെഞ്ചിടിപ്പ് കൂടി !

കോൺഗ്രസ് അധികാരത്തിലെത്തുന്ന അന്ന് തന്നെ കർഷിക മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്രം അടുത്തിടെ പാസാക്കിയ മൂന്ന് കരിനിയമങ്ങളും കീറി കുപ്പത്തൊട്ടിയിൽ എറിയുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഞ്ചാബിലെ മോഗയിൽ കോൺഗ്രസിന്റെ ഖേടി ബചാവോ യാത്രയിലാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന. ഈ നിയമത്തിൽ രാജ്യത്തെ കർഷകർ സന്തുഷ്ടരാണെങ്കിൽ പിന്നെന്തിനാണ് അവർ രാജ്യം മുഴുവൻ പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കര്‍ഷകരുടെ ഭൂമി മോദി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് കൊടുക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. അംബാനിയുടെയും അദാനിയുടെയും സര്‍ക്കാരാണിത്. മോദിയുടെ ഗൂഢ ലക്ഷ്യം കര്‍ഷകര്‍ മനസിലാക്കണം. കോവിഡ് പോലുള്ള പ്രതിസന്ധിക്കിടെ ഒരു ചർച്ച പോലുമില്ലാതെ കാർഷിക നിയമങ്ങൾ പാസാക്കിയ കേന്ദ്രസർക്കാരിന്റെ നടപടിയെ രാഹുൽ കടന്നാക്രമിച്ചു. കഴിഞ്ഞ ആറു വർഷമായി പ്രധാനമന്ത്രി മോദി ജനങ്ങളോടു കള്ളം പറയുകയാണ്. ഈ സർക്കാരിന്റെ ചരട് അംബാനിമാരുടെയും അദാനിമാരുടെയും കൈകളിലാണ്. മൂന്ന് കരിനിയമങ്ങളാണ് പാസാക്കിയത്. ഇന്ത്യൻ കാർഷികവൃത്തിയുടെ അടിസ്ഥാന തൂണുകളായ താങ്ങുവില, ഭക്ഷ്യ സംഭരണം, മാൻഡി എന്നിവ തകർക്കുകയാണ് മോദി സർക്കാരിന്റെ ആവശ്യം. കോവിഡിന്റെ സമയത്ത് ഇത്രയ്ക്ക് ധൃതിപിടിച്ച് ഈ നിയമങ്ങൾ പാസാക്കിയത് എന്തിനാണ്? ലോക്സഭയിലും രാജ്യസഭയിലും എന്തുകൊണ്ട് കാര്യമായ ചർച്ചകൾ നടന്നില്ല? എന്നും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു.
കർഷക ഉൽപന്ന വ്യാപാര വാണിജ്യ ബിൽ, കർഷക (ശാക്തീകരണ, സംരക്ഷണ) ബിൽ, അവശ്യവസ്തു ഭേദഗതി ബിൽ 2020 എന്നിവ പാർലമെന്റ് പാസാക്കിയിരുന്നു. ഇവയ്ക്ക് രാഷ്ട്രപതി റാം നാഥ് കോവിഡ് അംഗീകാരം നൽകിയിരുന്നു. പുതിയ കർഷക നിയമം കർഷക വിരുദ്ധവും കോർപറേറ്റ് അനുകൂലവുമെന്നാണ് പ്രതിപക്ഷ ആരോപണം.
ആത്മനിർഭർ പാക്കേജിന്റെ ഭാഗമായി കാർഷിക വിപണിയുടെ പരിഷ്കാരത്തിനു മൂന്ന് ഓർഡിനൻസുകൾ ജൂണിൽ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ‘ഒരു രാജ്യം ഒരു കാർഷിക വിപണി’ എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെവിടെയും ഉൽപന്നങ്ങൾ വിറ്റഴിച്ച് കർഷകർക്കു പരമാവധി വരുമാനം നേടിക്കൊടുക്കുകയാണ് ഈ പരിഷ്കാരങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം. കൃഷിമേഖലയിലേക്കു കൂടുതൽ സ്വകാര്യ മൂലധനനിക്ഷേപവും അടിസ്ഥാന സൗകര്യ വികസനവും കേന്ദ്രം ലക്ഷ്യമിടുന്നു. എന്നാൽ, ഇതു കർഷകർക്കുള്ള ‘നിയമ’ക്കുരുക്കായി മാറുകയാണ്.
ജൂണിൽ ഓർഡിനൻസുകൾ ഇറങ്ങിയപ്പോൾ പ്രതിഷേധമുയർന്നതു പഞ്ചാബ് സർക്കാരിന്റെ ഭാഗത്തുനിന്നു മാത്രമാണ്. മൂന്നു മാസത്തിനു ശേഷം ഓർഡിനൻസുകൾ ബില്ലുകളായി പാർലമെന്റിനു മുന്നിലെത്തുമ്പോൾ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. ഓർഡിനൻസുകൾ ഇറങ്ങിയപ്പോൾ മൗനം പാലിച്ച പ്രതിപക്ഷ കക്ഷികൾക്ക് കർഷകർ തെരുവിലിറങ്ങിയപ്പോൾ മാത്രമാണു ഗൗരവം പിടികിട്ടിയത്.
പ്രതിഷേധം പഞ്ചാബിലും ഹരിയാനയിലും മാത്രമായി ഒതുങ്ങേണ്ടതല്ല. കാരണം കർഷകനെക്കാൾ, കോർപറേറ്റ് താൽപര്യങ്ങൾക്കു മുൻതൂക്കം നൽകുന്നവയാണ് ഈ നിയമപരിഷ്കാരങ്ങൾ. ഭരണഘടനയനുസരിച്ച് കൃഷി സംസ്ഥാന വിഷയമാണ്. എന്നാൽ, സംസ്ഥാനങ്ങളുടെ അഭിപ്രായം ചോദിക്കാതെ എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ ബാധകമായ കാർഷിക വിപണി പരിഷ്കാരങ്ങൾ ഏകപക്ഷീയമായി കേന്ദ്രം നടപ്പാക്കുന്നതു ജനാധിപത്യപരമല്ല എന്നതാണ് പ്രധാന വിമർശനം..
https://www.facebook.com/Malayalivartha



























