കേരളത്തിൽ അറിയപ്പെടുന്ന നർത്തകനായ രാമകൃഷ്ണൻ ചെയ്ത തെറ്റ് ഇതാണ്; ഇതാണോ ഈ സർക്കാരിന്‍റെ സാംസ്ക്കാരിക നയം? സാമ്പത്തികമോ കുലമഹിമയോ വേഷഭൂഷാദികളോ ഭാഷയോ പത്രാസോ നോക്കി കല ചെയ്യുന്നവരെ വിലയിരുത്തരുത്

അങ്ങ് ഉത്തർപ്രദേശിലെ ദളിത് പെൺകുട്ടിക്ക് നീതി വാങ്ങിക്കൊടുത്തുകഴിഞ്ഞെങ്കിൽ സാംസ്കാരിക നായകർ തിരിച്ചു വരേണ്ടതാണ്. ഇവിടെ ഒരു പാവം ദളിത് ചെറുപ്പക്കാരൻ ജീവൻ നിലനിർത്താൻ പോരാട്ടത്തിലാണ്. അയാൾക്കും അൽപ്പം നീതി വേണ്ടേ.... പറഞ്ഞു വന്നത് ആർ. എൽ.വി രാമകൃഷ്ണൻ എന്ന പ്രഗത്ഭനായ നർത്തകനെപ്പറ്റിയാണ്. കലാഭവൻ മണിയുടെ അനുജൻ. അദ്ദേഹം ഇനി ജീവിക്കേണ്ട എന്ന് തീരുമാനിച്ചത് ശാരീരികമായ അക്രമം ഭയന്നല്ല. മറിച്ച് സാംസ്കാരിക നായകരുടെ മാനസിക പീഡനത്തിലും ജാതി അവേഹളനത്തിലും മനം നൊന്താണ്. ഉത്തർപ്രദേശിലെ പെൺകുട്ടിക്ക് ജീവൻ നഷ്ടമായത് സംസ്കാര ശൂന്യൻമാരായ കാട്ടാളൻമാരുടെ അക്രമത്തിലാണ്. അക്ഷരാഭ്യാസമില്ലാത്തവൻമാർ, മനുഷ്യാവകാശത്തെപ്പറ്റിയോ, നിയമസംഹിതകളെപ്പറ്റിയോ അറിവില്ലാത്ത വെറും നരാധമൻമാർ. അക്രമികളെ ഒറ്റ വാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. പക്ഷേ രാമകൃഷ്ണനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടവരോ? സംസ്കാര സമ്പൻമാർ, ഉന്നത വിദ്യാഭ്യാസമുള്ളവർ, ഉന്നത ജീവിത നിലവാരം പുലർത്തുന്നവർ, സമൂഹത്തിലെ മാന്യൻമാരെന്ന് നടിക്കുന്നവർ.
കോവിഡ് കാലത്ത് കലാകാരൻമാർക്ക് സഹായിക്കാൻ സംഗീത നാടക അക്കാദമി തുടങ്ങിയ ഓൺലെെൻ പരിപാടിയിൽ അവസരം ചോദിച്ചു എന്ന തെറ്റാണ് കേരളത്തിലെഅറിയപ്പെടുന്ന നർത്തകനായ രാമകൃഷ്ണൻ ചെയ്ത തെറ്റ്. രാമകൃഷ്ണൻ വെറും നർത്തകൻ മാത്രമല്ല. കേരളത്തിലെ ആദ്യ പുരുഷ മോഹിനായാട്ടം കലാകാരൻ, മോഹിനിയാട്ടത്തിൽ 4 വർഷത്തെ ഡിപ്ലോമാ, 2 വർഷത്തെ പോസ്റ്റ് ഡിപ്ലോമ, എം.ജി സർവ്വകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ മോഹിനിയാട്ടത്തിൽ എം.എ,കലാമണ്ഡലത്തിൽ നിന്ന് എംഫിൽ, അവിടെ നിന്ന് തന്നെ മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ്, പെർഫോമിംഗ് ആർട്സ് ഡാൻസിൽ യുജിസി നെറ്റ്, ദൂരദർശൻ കേന്ദ്രത്തിലെ ഗ്രേഡ് ആർട്ടിസ്റ്റ്, തൃപ്പൂണിത്തുറ ആർഎൽവി കോളേജ്, കാലടി സംസ്കൃത സർവ്വകലാശാല എന്നിവിടങ്ങളിൽ 12 വർഷത്തെ അദ്ധ്യാപന പരിചയം തുടങ്ങിയവയെല്ലാം രാമകൃഷ്ണനുണ്ട്. പക്ഷേ അക്കാദമിയിലെ തമ്പ്രാക്കൻമാർക്ക്ഇതൊന്നും പോര. അവർ രാമകൃഷ്ണന് അവസരം നൽകിയില്ല. കാരണം ദളിതനല്ലേ?. കോവിഡ് കാലത്ത് ആകെയുണ്ടായിരുന്ന ഗസ്റ്റ് ലക്ചർ ജോലി നഷ്ടമായി. വീട് ചോർന്നൊലിക്കുന്നു. നിത്യ വൃത്തിക്ക് പോലും ഗതിയില്ലാതായി. അക്കാദമി നടത്തുന്ന സർഗ്ഗ ഭൂമിക എന്ന ഓൺലൈന്‍ പരിപാടിയിൽ പങ്കെടുക്കാൻ അവസരം ചോദിച്ചത്. പക്ഷേ അവഹേളനവും അധിക്ഷേപവും മാത്രമായിരുന്നു മറുപടി.
ഇതിനെതിരെ രാമകൃഷ്ണൻ അക്കമാദമിക്ക് മുൻപിൽ സത്യാഗ്രഹം നടത്തിയെങ്കിലും അധികാരികളുടെ കണ്ണു തുറന്നില്ല. ഇതേപ്പറ്റി അക്കാദമി ചെയർപേഴ്സനും അഭിനേത്രിയും സാംസ്കാരിക നായികയുമായ കെപിഎസി ലളിതയോട് പരാതി പറഞ്ഞെങ്കിലും ഒരു കാര്യവുമുണ്ടായില്ല. അക്കാദമി സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടാൽ മതിയെന്നുമാണ് ലളിത നൽകിയ ഉപദേശം. എന്നാൽ പിന്നീട് ഇവർ അത് നിഷേധിച്ചു. തനിയ്ക്കുകൂടി ഒരു അവസരം വേണം എന്ന് കത്തു മൂലം ആവശ്യപ്പെടാൻ (ചെയർ പേഴ്സന്റെ നിർദ്ദേശം അനുസരിച്ച്) അക്കാദമിയിൽ എത്തിയ ശ്രീ.രാമകൃഷ്ണന് വലിയ തോതിൽ അവഹേളനവും പരിഹാസവും വിവേചനവും അനുഭവിയ്ക്കേണ്ടി വന്നു എന്ന് അദ്ദേഹം തന്നെ പൊതുസമൂഹത്തോട് പറഞ്ഞിരിയ്ക്കുന്നു.
ഒരു ജനകീയ സർക്കാറിന്‍റെ സാംസ്ക്കാരികനയത്തിന്‍റെ പ്രതിഫലനമാണ് അക്കാദമികളിൽനിന്ന് ഉണ്ടാകേണ്ടത്. അങ്ങനെയെങ്കിൽ നാം വീണ്ടും ചോദിക്കുകയാണ് , ഇതാണോ ഈ സർക്കാരിന്‍റെ സാംസ്ക്കാരിക നയം? തന്നെക്കാണാൻ വന്ന ഒരു കലാകാരനെ അക്കാദമി ഓഫിസിനു പുറത്ത് മാറ്റി നിർത്തുകയും പിന്നാലെ വന്ന പലർക്കും ദർശനം നൽകിയിട്ടും ഒന്നു നോക്കാൻ പോലും തയ്യാറാകാത്ത തരത്തിൽ എന്ത് അസ്പൃശ്യതയാണ് രാമകൃഷ്ണനുള്ളതെന്ന് സെക്രട്ടറി വ്യക്തമാക്കണം? മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് നേടിയ ഈ ആർടിസ്റ്റിനെ അംഗീകരിയ്ക്കാൻ അക്കാദമിയ്ക്ക് ഇത്ര മടി എന്തുകൊണ്ടാണ്? അദ്ദേഹത്തിന് ഒരു അവസരം കൊടുക്കാൻ എന്തായിരുന്നു തടസ്സം? 15 വർഷത്തെ കലാപഠനത്തിനൊടുവിൽ അദ്ദേഹം നേടിയ ബിരുദങ്ങൾക്ക് പുല്ലുവില പോലും അക്കാദമി നേതൃത്വം കല്പിയ്ക്കുന്നില്ലേ? ഒരു കലാകാരനെയോ കലാകാരിയെയോ വിലയിരുത്തേണ്ടത് അവരുടെ കഴിവിന്‍റെ അടിസ്ഥാനത്തിലായിരിക്കേണ്ടേ? അല്ലാതെ തൊലിയുടെ നിറമോ കുടുംബ മഹിമയോ നോക്കിയാകരുത്.സാമ്പത്തികമോ കുലമഹിമയോ വേഷഭൂഷാദികളോ ഭാഷയോ പത്രാസോ നോക്കി കല ചെയ്യുന്നവരെ വിലയിരുത്തരുത് അല്ലായെങ്കിൽ സാംസ്കാരിക കേരളം എന്ന നാട്യം അവസാനിപ്പിക്കാൻ സമയമായി.
https://www.facebook.com/Malayalivartha



























