ഞരമ്പന്‍മാര്‍ പിടിയില്‍; ഓപ്പറേഷന്‍ പി ഹണ്ടില്‍ അറസ്റ്റിലായത് 41 പേര്‍; 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 285 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു; സംസ്ഥാന വ്യാപക പരിശോധനക്ക് നേതൃത്വം നല്‍കിയത് എഡിജിപി മനോജ് എബ്രഹാം

കുട്ടികള്‍ക്കെതിരായ സൈബര്‍ ആക്രമം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പോലീസിന്റെ ശക്തമായ നടപടി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ ഉപയോഗം വര്‍ധിച്ചിരുന്നു. വിദ്യാര്‍ഥികളുടെ ക്ലാസുകളും ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്. ഇത് വ്യാപകമായി ചിലര്‍ ദുരുപയോഗം ചെയ്തതായി പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈമാറുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി നടത്തിയ പരിശോധനയില്‍ 41 പേര്‍ അറസ്റ്റിലായി. അറസ്റ്റിലായവരില്‍ ഐടി വിദഗ്ധരും ഉള്‍പ്പെടുന്നു. ഓപ്പറേഷന്‍ 'പി ഹണ്ട്' എന്ന പേരിലായിരുന്നു സംസ്ഥാന വ്യാപക പരിശോധന നടത്തിയത്.
കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവരാണ് കുടുങ്ങിയത്. 285 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. സംസ്ഥാനമൊട്ടാകെ 326 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.
എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിശോധന. പോക്‌സോ നിയമപ്രകാരവും ഐടി നിയമപ്രകാരവുമാണ് പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന സൈബര്‍ ടോമിന്റെയും സെല്ലിന്റെ നേതൃത്വത്തിലാണ് കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയത്. കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനകള്‍.
https://www.facebook.com/Malayalivartha


























