ചോമ്പാല ഹാര്‍ബറില്‍ പണിക്ക് ഇറക്കിയ കരിങ്കല്‍ കടത്തിയ ലോറി നാട്ടുകാര്‍ പിടികൂടി

ശനിയാഴ്ച രാത്രിയില്‍ വടകര ചോമ്പാല ഹാര്‍ബറില്‍ നിര്‍മാണ പ്രവൃത്തിക്ക് ഇറക്കിയ കരിങ്കല്ല് അനുമതിയില്ലാതെ പുറത്തേക്കു കടത്തിയതായി പരാതി.
2 ലോറികള്‍ കല്ലുമായി പോകുന്നതു കണ്ട് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അതോടെ മൂന്നാമത്തെ ലോഡുമായി എത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞു. ഹാര്‍ബറില്‍ ഇറക്കിയ കല്ല് പുറത്തേക്ക് കൊണ്ടു പോകാന്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ലെന്ന് ഹാര്‍ബര്‍ എന്‍ജിനീയര്‍ അറിയിച്ചതോടെ ലോറിയുടെ താക്കോല്‍ പൊലീസിന് കൈമാറി.
പൊലീസ് സ്ഥലത്ത് എത്തി ലോറിയിലുണ്ടായിരുന്ന കല്ല് ഹാര്‍ബറില്‍ തന്നെ തിരിച്ചിറക്കി. ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. കല്ല് കയറ്റാന്‍ ഉപയോഗിച്ച മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറും സ്ഥലത്തുണ്ടായിരുന്ന മറ്റൊരാളും സ്ഥലത്തു നിന്നു മുങ്ങിയത് ദുരൂഹത വര്‍ധിപ്പിക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു. സംഭവം സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
ചോമ്പാല്‍ ഹാര്‍ബറില്‍ നിന്നു കല്ലു മോഷണം പോയതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. കുറ്റക്കാരെ നിയമത്തിന് മുന്‍പില്‍ കൊണ്ടു വരണമെന്ന് ഭാരവാഹികളായ ഷംസീര്‍ ചോമ്പാല, വി.എം.അഷറഫ്, എം.കെ. റഹീസ് എന്നിവര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























