അടച്ചുറപ്പുളള ഒരു വീടുണ്ടായിരുന്നങ്കില്‍... വീട്ടിലുറങ്ങിക്കിടന്ന പത്തുവയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു

പത്തനാപുരം മാങ്കോട് അംബേദ്കര്‍ ഗ്രാമത്തില്‍ പത്തുവയസ്സുകാരി ആദിത്യയാണ് പാമ്ബുകടിയേറ്റതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ മരിച്ചത്. ചരുവിള പുത്തന്‍വീട്ടില്‍ രാജീവ്‌സിന്ധു ദമ്ബതികളുടെ മൂത്തമകളാണ് മരിച്ച ആദിത്യ. വീട്ടില്‍ അനുജത്തിക്കൊപ്പം തറയില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ ശനിയാഴ്ച പുലര്‍ച്ചെയാണ് പാമ്ബുകടിയേറ്റ് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ പത്തനാപുരത്തെയും അടൂരിലെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍കോളേജിലേക്ക് മാറ്റി. എന്നാല്‍ ഇന്നലെ രാവിലെ മരിച്ചു.
അതേസമയം ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് ലഭിക്കാന്‍ ഈ കുടുംബം മൂന്നുതവണ അപേക്ഷിച്ചെങ്കിലും അധികൃതര്‍ നിരസിക്കുകയായിരുന്നു. പട്ടികജാതി വിഭാഗത്തില്‍പെട്ട ഈ പിഞ്ചുബാലികയുടെ മരണത്തിലെ ഒന്നാംപ്രതി സംസ്ഥാന സര്‍ക്കാരാണെന്നാണ് ആരോപണം ഉയരുന്നത്.
മണ്‍കട്ട കൊണ്ട് പണിത കുഞ്ഞുവീട്ടിലായിരുന്നു ഇവരുടെ താമസം. തറയും ഭിത്തിയും മേല്‍ക്കൂരയും തകര്‍ന്ന വീടിന്റെ മുകള്‍ഭാഗത്ത് പ്ലാസ്റ്റിക് ടാര്‍പ്പോളിന്‍ കെട്ടിയ നിലയിലാണ്. ഏതുനിമിഷവും തകര്‍ന്ന് വീഴാവുന്ന സ്ഥിതിയിലാണ് വീട്. തറയിലെ മാളത്തില്‍ ഒളിച്ചിരുന്ന ശംഖുവരയന്‍ ഇനത്തില്‍പെട്ട പാമ്ബാണ് ആദിത്യയെ കടിച്ചത്. ആദിത്യയുടെ അമ്മ സിന്ധു പലതവണ വീടിന് അപേക്ഷിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ അപേക്ഷകളെല്ലാം നിരസിച്ചു. പതിനഞ്ചുസെന്റിലധികം ഭൂമി ഉണ്ടെന്നതാണ് അപേക്ഷ നിരസിക്കാന്‍ പ്രധാന കാരണമായി പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha


























