മെഡിക്കല്‍ കോളജിലെ സംയുക്ത സമര സമിതി പ്രതിനിധികളുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച വിജയം; സമരം പിന്‍വലിച്ചു

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും 4 ദിവസമായി നടത്തി വന്ന സമരം പിന്‍വലിച്ചു. കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിലെ സസ്‌പെന്‍ഷന്‍ നടപടികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരുന്നു സമരം. സംയുക്ത സമര സമിതി പ്രതിനിധികളുമായി മന്ത്രി കെ.കെ. ശൈലജ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
അച്ചടക്ക നടപടിക്ക് വിധേയരായവര്‍ ത്യാഗപൂര്‍ണമായ സേവനം ചെയ്തവരാണെന്നും ചെറിയ വീഴ്ചകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു. കോവിഡ് നോഡല്‍ ഓഫിസര്‍ ഡോ. അരുണ, ഹെഡ് നഴ്‌സുമാരായ ലീന കുഞ്ചന്‍, കെ.വി. രജനി എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത് പുനഃപരിശോധിക്കുമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഉത്തരവ് ഇറക്കുമെന്നും മന്ത്രി പറഞ്ഞു.
സമരം തുടങ്ങിയത് കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ്. ശനിയാഴ്ചയും, ഇന്നലെയും സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ 2 മണിക്കൂര്‍ ഒപി ബഹിഷ്‌കരിച്ചു. കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍, കേരള ഗവ. നഴ്‌സസ് യൂണിയന്‍ എന്നിവരാണ് സമരം പ്രഖ്യാപിച്ചിരുന്നത്.
സര്‍വീസ് സംഘടനകളുടെ പ്രതിനിധികള്‍, പിജി വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സംഘടനകള്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. വട്ടിയൂര്‍ക്കാവ് സ്വദേശി ആര്‍. അനില്‍കുമാറിനാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദുരിതമുണ്ടായത്. തുടര്‍ന്ന് പേരൂര്‍ക്കട ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടു.
https://www.facebook.com/Malayalivartha


























