ഇടപെടലിന് അപ്പുറം... ബിജെപിയുടെ തട്ടകത്തില്‍ ബിനീഷ് കോടിയേരിയെ എന്‍ഐഎ ചോദ്യം ചെയ്യുമ്പോള്‍ നെഞ്ചിടിപ്പ് കൂടുന്നു; കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തൂക്കിക്കൊന്നോട്ടെ എന്ന് പിതാവ് കോടിയേരി ബാലകൃഷ്ണന്‍ പറയുമ്പോഴും ഉള്ളിന്റെയുള്ളില്‍ വേദന മാത്രം; ഒന്നും ചെയ്യാനാകാതെ ബിനീഷിനെ ഇന്ന് ഇഡി ചോദ്യം ചെയ്യുമ്പോള്‍ ആകാംക്ഷ ഇരട്ടിക്കുന്നു

താന്‍ താന്‍ ചെയ്യുന്ന പാപകര്‍മ്മത്തിന്‍ ഫലം താന്‍താന്‍ തന്നെ അനുഭവിക്കണം എന്നാണ് പുരാണത്തിലെ ചൊല്ല്. അതായത് ഒരു കാട്ടാളന്‍ തന്റെ ഭാര്യയ്ക്കും മക്കള്‍ക്കും വേണ്ടി പാവങ്ങളെ കൊള്ളയടിച്ച് ജീവിച്ചു. ഈ കാട്ടാളനെ പാഠം പഠിപ്പിക്കാനായി പ്രത്യക്ഷപ്പെട്ട ദൈവത്തിന് മുന്നിലും തന്റെ ഭാര്യയും കുട്ടികളും താന്‍ ചെയ്യുന്നത് ന്യായീകരിക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടിയല്ലേ കൊള്ളയടിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ ഭാര്യയും മക്കളും തര്‍ക്കിച്ചു. അതെങ്ങനെ ശരിയാകും. അവനവന്‍ ചെയ്യുന്ന പാപത്തിന്റെ ഫലം അവനവന്‍ തന്നെ വച്ചനുഭവിക്കണം. അതിന്റെ പാപത്തിന് തങ്ങള്‍ക്ക് പങ്കില്ല. കണ്ടില്ലേ... അതാണ് പണ്ടത്തേയും ഇന്നത്തേയും അവസ്ഥ. അവസാനം ആ കാട്ടാളന്‍ എല്ലാ കൊള്ളയും ഉപേക്ഷിച്ച് നല്ലയാളായെന്നാണ് വയ്പ്പ്.
ബിനീഷ് കോടിയേരി കേസില്‍ പെട്ടപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ പിതാവായ കോടിയേരി ബാലകൃഷ്ണനോടും ഇതേ ചോദ്യം ചോദിച്ചു. കോടിയേരിയും ആ പാപഭാരം ഏറ്റെടുത്തില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അവനെ തൂക്കിക്കൊന്നോട്ടെ. ഇടപെടില്ല എന്നാണാണ് കോടിയേരി പറഞ്ഞത്.
കഥയും പുരാണങ്ങളും ഇങ്ങനെ പുരോഗമിക്കുമ്പോള്‍ ലഹരിമരുന്ന് കടത്തുകേസിലെ പ്രതിക്ക് പണം നല്‍കിയതുമായി ബന്ധപ്പെട്ട് ബെംഗലുരൂവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റ് ബിനീഷിനെ ഇന്ന് ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിന് വിധേയനാകാന്‍ ബിനീഷ് കോടിയേരി ഇന്നലെയാണ് ബെംഗളൂരുവിന് പുറപ്പെട്ടത്. രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം രാവിലെ പത്തിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് ബെംഗളുരുവിന് തിരിച്ചത്. വിമാനത്താവളത്തില്‍വച്ച് മാധ്യമങ്ങളോട് ബിനീഷ് പ്രതികരിച്ചില്ല. ഇന്ന് ബെംഗളൂരുവിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസിലാണ് ചോദ്യം ചെയ്യല്‍.
ലഹരിക്കേസില്‍ അറസ്റ്റിലായ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദുമായുള്ള പണമിടപാടുകള്‍, ബിനീഷിന്റെ ഉടമസ്ഥതയിലുള്ള ബെംഗളൂരു ബീ ക്യാപിറ്റല്‍സ് ഫോറെക്‌സ് ട്രേഡിങ് കമ്പനിയുടെ സാമ്പത്തിക സ്രോതസ് എന്നിവയാണു പ്രധാനമായും അന്വേഷിക്കുക. കമ്മനഹള്ളിയില്‍ ഹയാത്ത് എന്ന ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് പണം നല്‍കിയെന്നാണ് അനൂപിന്റെ മൊഴി. ഇതു ബിനീഷും സ്ഥിരീകരിച്ചിരുന്നു. 6 ലക്ഷം രൂപയാണ് നല്‍കിയതെന്നു പറയുന്നുണ്ടെങ്കിലും, കുറഞ്ഞത് 50 ലക്ഷം രൂപയുടെ ഇടപാടാണെന്ന് ഇഡി സംശയിക്കുന്നു.
ഈ ഹോട്ടലിന്റെ മറവിലാണ് അനൂപും ഒപ്പം അറസ്റ്റിലായ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രനും ലഹരി ഇടപാടുകള്‍ നടത്തിയിരുന്നതെന്നാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കണ്ടെത്തല്‍. ഇഡി ഇവരെ ചോദ്യം ചെയ്തതിനു പിന്നാലെയാണു ബിനീഷിനു സമന്‍സ്. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ ബിനീഷ് അടക്കം 3 പേര്‍ക്കു വന്‍തോതില്‍ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്നാണു ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. സംസ്ഥാനത്തെ 2 മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും വരുമാനത്തില്‍ കവിഞ്ഞ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപമുണ്ടെന്നാണ് അനൂപിന്റെ മൊഴി.
ബെംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് കഴിഞ്ഞയാഴ്ചയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റ് കേസെടുത്തത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍, കന്നഡ നടി അനിഖ എന്നിവരെ ജയിലിലെത്തി ഇഡി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ അനൂപില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ വിളിച്ചു വരുത്തുന്നത്. ബിനീഷിന്റെ ബിനാമിയാണെന്ന് ആരോപിക്കപ്പെടുന്ന തിരുവനന്തപുരത്തെ യുഎഫ്എക്‌സ് സൊലൂഷ്യന്‍സ് എന്ന കറന്‍സി എക്‌സ്‌ചേഞ്ച് കമ്പനി ഉടമ അബ്ദുള്‍ ലത്തീഫിനെ കഴിഞ്ഞ ദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
ബിനീഷ് ബെംഗളൂരുവില്‍ ഇഡിയുടെ മുന്നില്‍ എത്തിയതോടെ എല്ലാവര്‍ക്കും ആകാംക്ഷയുണ്ട്. ബിജെപിയുടെ തട്ടകത്തിലേക്കാണ് ബിനീഷ് പോയിരിക്കുന്നത്. അതും യദ്യൂരപ്പയുടെ നാട്ടില്‍. കേരളത്തിലായിരുന്നെങ്കില്‍ എല്ലാത്തിനും ഒരു കണ്ണുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha


























