ഞാനിതാ വരുന്നു... കോവിഡ് മാറുന്നതിന് മുമ്പ് സകലരേയും അമ്പരപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു; കോവിഡ് മുക്തനായില്ലെന്ന് ഡോക്ടര്‍മാര്‍ ആണയിടുമ്പോഴും താന്‍ ആരോഗ്യവാനാണെന്ന് ട്രംപ്; ട്രംപിന്റെ വികൃതികള്‍ കണ്ട് പൊട്ടിച്ചിരിച്ച് ചൈന

കൊറോണ വൈറസിനെ എന്നും പുശ്ചത്തോടെ കണ്ട അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടില്‍ ഇപ്പോഴും മാറ്റം വന്നിട്ടില്ല. കോവിഡ് ബാധിച്ചിട്ടു പോലും ഡോക്ടര്‍മാര്‍ പറയുന്നത് കേള്‍ക്കാതെ ആശുപത്രിയ്ക്ക് പുറത്തിറങ്ങിയും വീട്ടില്‍ പോയും ആഘോഷിക്കുകയാണ് ട്രംപ്. അതേസമയം ട്രംപിന്റെ വികൃതികള്‍ കോവിഡ് പരത്താനേ ഉപകരിക്കൂവെന്നാണ് കോവിഡിന്റെ ആസ്ഥാന കവിയായ ചൈന കരുതുന്നത്.
കോവിഡ് ചികിത്സയിലിരിക്കെ ആശുപത്രിക്കു പുറത്തിറങ്ങി റോഡ് ഷോ നടത്തിയതിനു തൊട്ടുപിന്നാലെ ട്രംപ് ആശുപത്രി വിട്ടിരിക്കുകയാണ്. തന്റെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നും, ആശുപത്രി വിടുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തുടര്‍ന്ന് അദ്ദേഹം വൈറ്റ്ഹൗസിലേക്ക് മടങ്ങി. എന്നാല്‍ ട്രംപ് കോവിഡ് മുക്തനായില്ലെന്ന് ഡോക്ടര്‍ അറിയിച്ചു.
കോവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയിലുള്ളവര്‍ക്കു നല്‍കുന്ന മരുന്നുകള്‍ ട്രംപിനു നല്‍കിയതായി ഡോക്ടര്‍മാരുടെ പ്രസ്താവനകളില്‍ സൂചനയുണ്ടായിരുന്നു. ആശുപത്രി വാസം മടുത്ത ട്രംപ് എത്രയും വേഗം വൈറ്റ് ഹൗസില്‍ തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വാള്‍ട്ടര്‍ റീഡ് ആശുപത്രിക്കു മുന്നില്‍ കൂടിയ അനുയായികള്‍ക്കു നന്ദി പറയാനായി ഞാനിതാ വരുന്നുവെന്ന് വിഡിയോയില്‍ പറഞ്ഞതിനു ശേഷം എസ്‌യുവിയില്‍ കനത്ത സുരക്ഷാ സാഹങ്ങളോടെയാണ് ട്രംപ് റോഡ് ഷോയ്ക്ക് എത്തിയത്. മുന്നിലെ വഴിയിലൂടെ പ്രസിഡന്റിന്റെ വാഹനവ്യൂഹം കടന്നു പോകുമ്പോള്‍ റിപ്പബ്ലിക്കന്‍ അണികള്‍ ആര്‍ത്തുവിളിച്ചു. മാസ്‌ക് ധരിച്ചു പിന്‍സീറ്റിലിരുന്ന ട്രംപ് എല്ലാവരെയും കൈവീശിക്കാണിച്ചു. നവംബര്‍ 3നു പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, വോട്ടഭ്യര്‍ഥനയുമായി ഇന്നലെ ട്വിറ്ററിലും അദ്ദേഹം സജീവമായി.
തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അടുത്ത സംവാദത്തിന് ട്രംപ് ഉണ്ടാകുമെന്നു തന്നെയാണ് സൂചന. സാധാരണ ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദം ഇക്കുറി കൂടുതല്‍ ജനശ്രദ്ധ തേടുമോ തുടങ്ങിയ ചര്‍ച്ചകളും സജീവമായി.
കോവിഡ് ചട്ടപ്രകാരം സമ്പര്‍ക്കം ഒഴിവാക്കി കഴിയേണ്ട പ്രസിഡന്റ്, സഹായികളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ആരോഗ്യത്തിനു ഭീഷണിയാകുന്ന വിധം പുറത്തിറങ്ങിയതു വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. സുരക്ഷാ വാഹനം രാസായുധാക്രമണത്തെ പ്രതിരോധിക്കുമെങ്കിലും വാഹനത്തിലുണ്ടായിരുന്നവരുടെ ജീവന്‍ അപകടത്തിലായേക്കുമെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാരും രംഗത്തെത്തി. വളരെവേഗം പടരുന്നതും മരണകാരണമായേക്കാവുന്നതുമായ ഒരു വൈറസ് ബാധിച്ച ആളായിട്ടും ചികിത്സാ പ്രോട്ടോക്കോള്‍ ലംഘിക്കുന്ന ഒരു പ്രസിഡന്റ് രാജ്യത്തെ ജനങ്ങള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ ചോദിക്കുന്നു.
രോഗം മാറുന്നത് വരെ കോവിഡ് ബാധിച്ചവരെ ഐസൊലേറ്റ് ചെയ്യണമെന്ന ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശമാണ് ട്രംപ് ലംഘിച്ചത്. ഇതിലൂടെ ട്രംപ് ആശുപത്രി പരിസരത്ത് സഞ്ചരിക്കാന്‍ ഉപയോഗിച്ച വാഹനത്തിലുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മുഴുവന്‍ ആളുകളും 14 ദിവസത്തെ ക്വാറന്റീനിലേക്ക് പോകേണ്ടി വന്നുവെന്ന് ആളുകള്‍ കുറ്റപ്പെടുത്തുന്നു.
ഇവരില്‍ ആര്‍ക്ക് വേണമെങ്കിലും ട്രംപ് കാരണം രോഗം പകരാം. ചിലപ്പോള്‍ ആരെങ്കിലും മരണപ്പെടാനും ഇടയാക്കിയേക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നു. വെറുമൊരു രാഷ്ട്രീയ പ്രഹസനത്തിന് വേണ്ടി ട്രംപ് അവരുടെ ജീവനാണ് അപകടത്തില്‍ പെടുത്തിയതെന്ന് വിമര്‍ശകര്‍ പറയുന്നു. അതേസമയം ട്രംപിനൊപ്പം കാറിലുണ്ടായിരുന്നവരും സമീപത്തുണ്ടായിരുന്നവരും പിപിഇ കിറ്റടക്കമുള്ള സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നുവെന്ന് വിവാദത്തില്‍ വൈറ്റ് ഹൗസിന്റെ വാദം. എന്തായാലും സ്വന്തം ആരോഗ്യം നോക്കാതെ വീട്ടില്‍ പോയ ട്രംപിന്റെ പ്രവര്‍ത്തി ചൂട് പിടിക്കുകയാണ്.
0"
https://www.facebook.com/Malayalivartha


























