എല്ലാം ചീറ്റിപ്പോകുമ്പോള്‍... എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം കിട്ടിയ ഉടനെ ആഞ്ഞടിക്കാന്‍ സിപിഎം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫും ബിജെപിയും നടത്തിയ അപവാദ പ്രചാരണങ്ങള്‍ക്കെതിരെ അതിശക്തമായ കാമ്പയിന്‍

എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം കിട്ടിയ ഉടനെ തുടങ്ങേണ്ട പ്രചാരണതന്ത്രങ്ങള്‍ തയ്യാറാക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി നടപടികള്‍ ആരംഭിച്ചു. ജാമ്യം കിട്ടിയാലുടന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യു ഡി എഫും ബി ജെ പിയും നടത്തിയ അപവാദ പ്രചാരണങ്ങള്‍ക്കെതിരെ അതിശക്തമായ കാമ്പയിനായിരിക്കും സി പി എം സംഘടിപ്പിക്കുക. തദ്ദേശതെരഞ്ഞടുപ്പിലും തുടര്‍ന്ന് നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പിലും ജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് സി പി എമ്മിന് ഇതോടെ ഉണ്ടായിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ അടിയന്തരമായി തെളിവുകള്‍ ഹാജരാക്കണമെന്ന കര്‍ശനനിര്‍ദേശവുമായി എന്‍ഐഎ കോടതി രംഗത്തെത്തിയതോടെ സി പി എമ്മിന് പ്രതീക്ഷ മുളച്ചത്. അടിയന്തരമായി എഫ്‌ഐആറില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികളെ ജാമ്യത്തില്‍ വിടേണ്ടി വരുമെന്നും എന്‍ഐഎ കോടതി അന്വേഷണ സംഘത്തിന് മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തന്നെ എന്‍ഐഎയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകും. കേസില്‍ അടിയന്തരമായി ഇന്ന് വിശദമായി വാദം നടക്കും.
കേസുമായി ബന്ധപ്പെട്ട് ആറ് പ്രതികള്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു. എണ്‍പത് ദിവസത്തോളമായി ജയിലില്‍ കഴിയുകയാണെന്നും, കൃത്യമായ തെളിവുകള്‍ ഹാജരാക്കാത്തതിനാല്‍ ഇനിയെങ്കിലും ജാമ്യം നല്‍കണമെന്നാണ് ഇവര്‍ ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടത്. കേസില്‍ നേരത്തേ സൂചിപ്പിച്ചതിനപ്പുറം, യുഎപിഎ കുറ്റം ചുമത്താന്‍ കഴിയുന്ന തരത്തിലുള്ള ഒരു തെളിവും എന്‍ഐഎ ഹാജരാക്കിയിട്ടില്ലെന്നും പ്രതികള്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ്, അടിയന്തരമായി കേസ് ഡയറി ഹാജരാക്കണമെന്നും, എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടിയ കുറ്റങ്ങള്‍ക്കെല്ലാം അനുബന്ധ തെളിവുകള്‍ ഉടനടി ഹാജരാക്കണമെന്നും എന്‍ഐഎ കോടതി ആവശ്യപ്പെട്ടത്.
എന്‍ഐഎയെ സംബന്ധിച്ച് സുപ്രധാനമായ നിര്‍ദേശമാണിത്. തെളിവുകള്‍ ഉടനടി ഹാജരാക്കിയിട്ടില്ലെങ്കില്‍ സ്വപ്ന ഉള്‍പ്പെടെയുള്ള പ്രതികള്‍ പലരും ജാമ്യത്തില്‍ പോകും. ഇത് അന്വേഷണത്തെ കാര്യമായിത്തന്നെ ബാധിക്കുന്നതുമാകും. ഇതോടെ, അടിയന്തരമായി തെളിവുകള്‍ കോടതിയില്‍ ഹാജരാക്കേണ്ടതിലെ സമ്മര്‍ദ്ദം എന്‍ഐഎയ്ക്ക് മേല്‍ ഏറുകയാണ്.
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് കസ്റ്റംസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം കിട്ടിയത് ശുഭസൂചകമായി സര്‍ക്കാരും സി പി എമ്മും കരുതുന്നു. 60 ദിവസം പിന്നിട്ട സാഹചര്യത്തില്‍ സ്വപ്നയ്ക്ക് സ്വാഭാവികജാമ്യമാണ് ലഭിച്ചത്. എന്നാല്‍ എന്‍ഐഎ ഉള്‍പ്പടെ റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയായതിനാല്‍ സ്വപ്ന സുരേഷിന് ഇപ്പോള്‍ പുറത്തിറങ്ങാനാകില്ല. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേകകോടതിയാണ് ജാമ്യം നല്‍കിയത്.
ജൂലൈ 8ന് ബംഗളുരുവില്‍ നിന്നാണ് സ്വപ്ന സുരേഷ് അറസ്റ്റിലാകുന്നത്. കേസില്‍ ആകെയുള്ള 17 പ്രതികളില്‍ 10 പേര്‍ക്ക് ഇതുവരെ ജാമ്യം കിട്ടി. സ്വപ്നയ്ക്ക് ഒപ്പം പിടിയിലായ സന്ദീപ് നായര്‍ക്ക് ഇതേ കേസില്‍ മുമ്പ് ജാമ്യം ലഭിച്ചിരുന്നു. സ്വപ്ന ബാംഗ്ലൂരില്‍ ഒളിവില്‍ താമസിച്ചത് മുഖ്യമന്ത്രിയുടെ മകളുടെ ഫ്‌ലാറ്റിന് സമീപമാണെന്ന് വരെ ആരോപണം ഉയര്‍ന്നിരുന്നു.
സ്വപ്ന സുരേഷിനെ മുന്‍നിര്‍ത്തിയാണ് പ്രതിപക്ഷം മുഖ്യമന്ത്രിയെ വേട്ടയാടിയത്. സ്വപ്നയുടെ പേരില്‍ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ അഴിച്ചുവിട്ട പ്രചരണങ്ങള്‍ക്ക് കൈയും കണക്കുമില്ല. സരിതാ നായരെ മുര്‍നിര്‍ത്തി ഉമ്മന്‍ ചാണ്ടിക്ക് എതിരെയും ബാര്‍കേസ് മുന്‍നിര്‍ത്തി കെ. എം മാണിക്ക് എതിരെയും നടന്നതു പോലുള്ള അതിക്രമം തന്നെയാണ് പിണറായി വിജയന് നേരെയും നടന്നത്. സ്വപ്ന വിവാദത്തില്‍ മുഖ്യന്ത്രിയുടെ കുടുംബത്തെ വരെ വലിച്ചിഴച്ചു. പത്ര സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി ക്ഷോഭിച്ചു. മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കറിനെ നിരന്തരം വേട്ടയാടി. അദ്ദേഹത്തിന് സായാഹ്ന നടത്ത പോലും ഒഴിവാക്കേണ്ടി വന്നു.
ബിജെപിയുടെ കൈയിലാണ് കേന്ദ്രത്തിന്റെ താക്കോല്‍. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സംസ്ഥാനത്ത് എന്‍ ഐ എ എത്തിയത്. ബി ജെ പി. സര്‍ക്കാരിന് സംസ്ഥാനത്തെ ഭയക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. എന്നിട്ടും എന്‍ ഐ എക്ക് സ്വപ്നക്കെതിരെ ഒന്നും കണ്ടെത്താനായില്ലെങ്കില്‍ അതിനര്‍ത്ഥം സ്വപ്ന ദേശവിരുദ്ധ പ്രവര്‍ത്തനമൊന്നും നടത്തിയിട്ടില്ല എന്നതാണെന്ന് സിപിഎം വാദിക്കുന്നു . യഥാര്‍ത്ഥത്തില്‍ സ്വപ്ന എ. കെ. ജി, സെന്ററിന്റെ വിളക്കായി മാറിയിരിക്കുകയാണ് ഇപ്പോള്‍.
ഒരു തവണ കൂടി പിണറായി വിജയന്‍ കേരളത്തിന്റെ ഭരണ സാരഥ്യത്തിലെത്തും എന്ന് സി പി എം പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. ജോസ് കെ മാണി ഇടതുമുന്നണിയില്‍ എത്തുന്നതോടെ അതിനുള്ള സാഹചര്യം ഒരുങ്ങുമെന്നാണ് സി പി എം വിശ്വസിക്കുന്നത്. തെരഞ്ഞടുപ്പിന്റെ കേളി കൊട്ട് ഉയരുമ്പോള്‍ സ്വപ്ന മാഞ്ഞുപോയാല്‍ തങ്ങള്‍ക്ക് നിഷ്പ്രയാസം ജയിച്ചുകയറാമെന്ന് സി പി എം കരുതുന്നു.
https://www.facebook.com/Malayalivartha


























