തൃശൂരില്‍ കുത്തേറ്റുമരിച്ച വനിത ഡോക്ടര്‍ സോനയില്‍ നിന്ന് പ്രതിയും സുഹൃത്തുമായ മഹേഷ് തട്ടിയെടുത്തത് ലക്ഷങ്ങള്‍...

തൃശൂര്‍ കുട്ടനെല്ലൂരില്‍ കുത്തേറ്റുമരിച്ച വനിത ഡോക്ടര്‍ സോനയില്‍നിന്ന് പ്രതിയും സുഹൃത്തുമായ മഹേഷ് തട്ടിയെടുത്തത് ലക്ഷങ്ങള്‍. മഹേഷിന്റെ സാമ്പത്തിക ചൂഷണവും പീഡനങ്ങളും വീട്ടുകാരെ അറിയിച്ചതും അവര്‍ പരാതി നല്‍കിയതുമാണ് കൊലക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
മഹേഷ് പലപ്പോഴായി 35 ലക്ഷത്തിലധികം രൂപ കൈക്കലാക്കിയതായി സോനയുടെ ബന്ധുക്കള്‍ പറയുന്നു. കൂത്താട്ടുകുളം പാലക്കുഴ മൂങ്ങാംകുന്ന് വലിയകുളങ്ങരയില്‍ കെ.എസ്. ജോസ്-ഷേര്‍ളി ദമ്പതികളുടെ മകളാണ് സോന. കോളജ് പഠനകാലം മുതല്‍ പാവറട്ടി സ്വദേശി മഹേഷും സോനയും സുഹൃത്തുക്കളാണ്. ഇതിനിടെ അങ്കമാലി സ്വദേശിയുമായി സോനയുടെ വിവാഹം കഴിഞ്ഞെങ്കിലും വൈകാതെ പിരിഞ്ഞു. വിദേശത്തായിരുന്ന സോനയെ മഹേഷ് നിര്‍ബന്ധിച്ചാണ് നാട്ടില്‍ കൊണ്ടുവന്ന് കുട്ടനല്ലൂരില്‍ ഡെന്റല്‍ ക്ലിനിക് തുടങ്ങിയത്. ക്ലിനിക്കിന്റെ ഇന്റീരിയര്‍ ജോലികള്‍ക്കെന്ന പേരില്‍ ആറര ലക്ഷവും സ്ഥാപനത്തിന്റെ വരുമാനമായ 22 ലക്ഷവും ചിട്ടിയിലൂടെ ലഭിച്ച ഏഴു ലക്ഷവും മഹേഷ് കൈക്കലാക്കി. ഒരുമിച്ചുള്ള താമസവും സാമ്ബത്തിക ഇടപാടുകളും വീട്ടുകാരെ അറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നായതോടെ സോന കാര്യങ്ങള്‍ വീട്ടുകാരെ ധരിപ്പിച്ചു.
സെപ്റ്റംബര്‍ 25ന് വീട്ടുകാര്‍ തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതി പ്രകാരം ഒല്ലൂര്‍ സി.ഐ 29ന് സോനയെയും പിതാവിനെയും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. മണിക്കൂറുകള്‍ കാത്തുനിന്നിട്ടും മഹേഷ് എത്തിയില്ല. തുടര്‍ന്ന് ക്ലിനിക്കിലെത്തിയ സോനയോടും പിതാവിനോടും മധ്യസ്ഥചര്‍ച്ചക്ക് തയാറാണെന്ന് മഹേഷ് സുഹൃത്ത് വഴി അറിയിച്ചു. ക്ലിനിക്കിലെ ഇന്റീരിയര്‍ ജോലികളുടെ വകയില്‍ 20 ലക്ഷം കൂടി കിട്ടിയാലേ വിട്ടുവീഴ്ചക്കുള്ളൂ എന്നായിരുന്നു അവിടെയെത്തിയ മഹേഷിന്റെ നിലപാട്.
എന്നാല്‍, കൈക്കലാക്കിയ പണം മുഴുവന്‍ തിരികെ നല്‍കണമെന്നായിരുന്നു സോനയുടെ വീട്ടുകാരുടെ ആവശ്യം. കേസുമായി മുന്നോട്ടുപോകുമെന്ന് അവര്‍ വ്യക്തമാക്കിയതോടെ കത്തിയെടുത്ത് മഹേഷ് രണ്ടുതവണ സോനയെ കുത്തി. ഉടന്‍ സ്ഥലത്തുനിന്ന് മുങ്ങിയ ഇയാളെ അന്വേഷണത്തിനൊടുവില്‍ പിടികൂടി.
"
https://www.facebook.com/Malayalivartha


























