പ്രവാസിയുടെ പക്കല്‍നിന്ന് 80 ലക്ഷം തട്ടിയെടുത്തു, ഒരു കോടി രൂപ നല്‍കിയാല്‍ 2 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം!

തിരൂര്‍ പയ്യനങ്ങാടി സ്വദേശി കുഞ്ഞുമുഹമ്മദിന്റെ വീട്ടില്‍നിന്ന് 80 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. പ്രധാന പ്രതി മുംബൈയിലേക്കു കടന്നതായാണു വിവരം. കണ്ണൂര്‍ തളിപ്പറമ്പ് പുതിയവീട്ടില്‍ റിവാജ് (34) ആണ് തിരൂര്‍ പൊലീസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ ഗുണ്ടാ നിയമപ്രകാരമടക്കം 17 കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
പയ്യനങ്ങാടിയിലെ വീട്ടിലെത്തിയ നാലംഗസംഘം ഒരു കോടി രൂപ നല്‍കിയാല്‍ കുഞ്ഞഹമ്മദിന്റെ വിദേശത്തുള്ള മകന് 2 കോടി രൂപയ്ക്കു തുല്യമായ തുക കൈമാറാമെന്ന് കുഞ്ഞഹമ്മദിനോട് പറഞ്ഞു. മകന്റെ സുഹൃത്തായ കാസര്‍കോട് സ്വദേശിയാണ് സംഘത്തെ പരിചയപ്പെടുത്തിയത്. കഴിഞ്ഞ 25-ന് വീട്ടിലെത്തിയ സംഘം ആദ്യം പണം നേരിട്ടു കാണണമെന്നാവശ്യപ്പെട്ടു. എന്നാല്‍ മകന്റെ അക്കൗണ്ടിലേക്ക് തുക എത്തിയാല്‍ മാത്രമേ പണം കൈമാറൂ എന്ന് കുഞ്ഞഹമ്മദ് നിലപാടെടുത്തു.
തുടര്‍ന്ന് പുറത്തിറങ്ങിയ സംഘം രാത്രി തിരിച്ചെത്തി വീട്ടില്‍ അതിക്രമിച്ചുകയറി പണം തട്ടിയെടുക്കുകയായിരുന്നു എന്നാണു പരാതി. ബലപ്രയോഗത്തിനിടയില്‍ 20 ലക്ഷം രൂപ വീടിനകത്തുതന്നെ വീണു. ബാക്കി 80 ലക്ഷം രൂപയുമായാണ് സംഘം കടന്നത്. തുടര്‍ന്ന് കുഞ്ഞുമുഹമ്മദ് തിരൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവിയില്‍ പതിഞ്ഞ കാര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ റിവാജിന് കാര്‍ വാടകയ്ക്ക് നല്‍കിയയാളെ കണ്ടെത്തി.
സിസിടിവിയില്‍ പതിഞ്ഞ കാര്‍ തളിപ്പറമ്പില്‍നിന്ന് വാടകയ്‌ക്കെടുത്തതാണെന്നു മനസ്സിലാക്കിയ പൊലീസ് റിവാജിനെ നിരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു. തളിപ്പറമ്പ് മന്നയിലെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇയാള്‍ എല്ലാ ദിവസവും ക്രിക്കറ്റ് കളിക്കാന്‍ എത്താറുണ്ടെന്നു പൊലീസ് മനസ്സിലാക്കി.
തുടര്‍ന്ന് പൊലീസ് വേഷം മാറിയെത്തി ഇന്നലെ തളിപ്പറമ്പ് മന്നയിലെ സ്‌കൂള്‍ മൈതാനത്തു ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്‌കൂള്‍ ഗ്രൗണ്ടില്‍നിന്നു പിടികൂടുകയായിരുന്നു. കളിക്കിടെ പൊലീസിനെ തിരിച്ചറിഞ്ഞ ഇയാള്‍ ഓടിക്കളയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
തിരൂര്‍ സിഐ ടി.പി.ഫര്‍ഷാദ്, എസ്‌ഐമാരായ ജലീല്‍ കറുത്തേടത്ത്, കെ.ഷറഫുദ്ദീന്‍, കെ.പ്രമോദ്, എഎസ്‌ഐ ഷിബു വള്ളിക്കുന്ന്, കെ.അഭിമന്യു, തളിപ്പറമ്പ് സിഐ സത്യനാഥന്‍, എസ്‌ഐ സഞ്ജയ കുമാര്‍, അഡിഷനല്‍ എസ്‌ഐ അബ്ദുല്‍ റൗഫ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സ്‌നേഹേഷ്, ബീനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. റിവാജിനെതിരെ പരിയാരം, തളിപ്പറമ്പ് സ്റ്റേഷനിലും കേസുകളുണ്ട്. ദിവസങ്ങള്‍ക്കുമുന്‍പ് പരിയാരത്ത് പഴയ കറന്‍സി നോട്ടിനു പകരം പുതിയ നോട്ട് നല്‍കുമെന്ന് വിശ്വസിപ്പിച്ചശേഷം ഉത്തരേന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിലും ഇയാള്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
ഈ കേസില്‍ റിവാജിനു വേണ്ടി അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ പിടിയിലായത്. ഈ കേസില്‍ ചോദ്യം ചെയ്യുന്നതിനായി റിവാജിനെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പരിയാരം സിഐ കെ.വി.ബാബു പറഞ്ഞു. 2012ല്‍ തളിപ്പറമ്പില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം തട്ടിയെടുത്ത കേസിലും പരിയാരത്ത് പൊലീസിനെ ആക്രമിച്ചെന്ന കേസിലും ഇയാള്‍ പ്രതിയാണ്.
പ്രധാന പ്രതി പ്രവാസിയില്‍നിന്ന് തട്ടിയെടുത്ത 80 ലക്ഷം രൂപയുമായി മുംബൈയിലേക്കു കടന്നതായാണ് വിവരം. പിടിയിലായ പ്രതി റിവാജിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് കുടുതല്‍ തെളിവുകള്‍ ലഭിച്ചത്. സംഭവത്തിനു പിന്നില്‍ രാജ്യാന്തര ബന്ധമുള്ള നോട്ടിരട്ടിപ്പ് സംഘമാണെന്നും വിവരം ലഭിച്ചിട്ടുണ്ട്.
കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘങ്ങളാണ് ഇത്തരം തട്ടിപ്പുകള്‍ക്കു പിന്നിലെന്നാണു വിവരം. നാട്ടില്‍ നല്‍കുന്നതിന്റെ ഇരട്ടി പണം വിദേശത്തു നല്‍കുമെന്ന് വാഗ്ദാനം ചെയ്താണു തട്ടിപ്പ്. വിദേശത്തുള്ള ബിസിനസുകാര്‍ ഉള്‍പ്പെടെയുള്ളവരെ പരിചയപ്പെട്ടാണു തട്ടിപ്പിന് ഇരയാക്കുന്നത്. പിന്നീട് ക്വട്ടേഷന്‍ സംഘം എത്തി പണം തട്ടിയെടുക്കുകയാണു പതിവ്.
തിരൂര്‍ പയ്യനങ്ങാടിയിലെ വീട്ടിലെത്തിയ നാലംഗ സംഘം വീട്ടുകാരുമൊത്ത് ഭക്ഷണം കഴിച്ച് സൗഹൃദത്തിലായ ശേഷമാണ് പണം തട്ടിപ്പറിച്ചത്. വീട്ടുകാര്‍ക്കൊപ്പം വൈകിട്ട് നമസ്‌കാരവും നടത്തിയാണ് പുറത്തിറങ്ങിയത്. പിന്നീട് സംഘം രാത്രി തിരിച്ചെത്തി പണം കവര്‍ന്ന് ഓടുകയായിരുന്നു.
https://www.facebook.com/Malayalivartha



























