ബത്തേരി അഗ്‌നിരക്ഷാ സേന സ്റ്റേഷന്‍ ഓഫിസര്‍ എന്‍ഒസിക്ക് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റില്‍

നിര്‍മാണം തുടങ്ങാന്‍ പോകുന്ന 300 ചതുരശ്രമീറ്റര്‍ കെട്ടിടത്തിന് ഫയര്‍ എന്‍ഒസി നല്‍കാന്‍ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട് 5000 രൂപ ആദ്യഗഡുവായി കൈപ്പറ്റുമ്പോള്‍ ബത്തേരി അഗ്‌നിരക്ഷാ സേനാസ്റ്റേഷന്‍ ഓഫിസര്‍ കെ.എം. കുര്യന്‍ (51) വിജിലന്‍സ് പിടിയിലായി. 300 ചതുരശ്ര മീറ്റര്‍ വരെ ഫയര്‍ എന്‍ഒസി വേണ്ടെന്നിരിക്കെ തെറ്റിദ്ധരിപ്പിച്ചാണ് കൈക്കൂലി ഈടാക്കിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മീനങ്ങാടി സ്വദേശി അമ്പാട്ട് ബിനീഷിനോടാണ് കെ.എം. കുര്യന്‍ കൈക്കൂലി ആവശ്യപ്പെട്ടത്.
ഇക്കഴിഞ്ഞ 30-ാം തീയതി താന്‍ പണിയുന്ന കെട്ടിടത്തിന്റെ ഫയര്‍ എന്‍ഒസിക്കായി ബിനീഷ് ബത്തേരി ഫയര്‍ സ്റ്റേഷനിലെത്തിയിരുന്നു. അപേക്ഷ സ്വീകരിച്ച ശേഷം ഫോണില്‍ വിളിക്കാമെന്നു പറഞ്ഞ് തിരികെ വിട്ടു. തുടര്‍ന്ന് ഫോണില്‍ വിളിച്ച് 25,000 കൈക്കൂലി ആവശ്യപ്പെട്ടു. ബിനീഷ് ഈ വിവിരം ഉടന്‍ വിജിലന്‍സിനെ അറിയിച്ചു. അവര്‍ പറഞ്ഞതു പ്രകാരം 5000 രൂപ ആദ്യഗഡുവായി നല്‍കാമെന്ന് സ്റ്റേഷന്‍ ഓഫിസറെ അറിയിച്ചു.
ബാക്കി തുക പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ മതിയെന്നും വ്യവസ്ഥ സമ്മതിച്ച സ്റ്റേഷന്‍ ഓഫിസര്‍ അറിയിച്ചു. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഫിനോഫ്തലീന്‍ പുരട്ടി നല്‍കിയ 500 രൂപയുടെ 10 നോട്ടുകളുമായി ബിനീഷ് ഇന്നലെ വൈകിട്ട് നാലുമണിയോടെ ഓഫിസിലെത്തി കൈമാറി. തയാറാക്കി വച്ചിരുന്ന എന്‍ഒസി ബിനീഷിന് നല്‍കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഉടനെത്തി പിടികൂടുകയായിരുന്നു. കൈക്കൂലി വാങ്ങിയ പണവും പിടിച്ചെടുത്തു.
കെ.എം. കുര്യനെ ഇന്ന് തലശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. കെ.എം. കുര്യനെതിരെ സാമ്പത്തിക ക്രമക്കേടും കൈക്കൂലിയും സംബന്ധിച്ച പരാതികള്‍ മുന്‍പും ഉണ്ടായിരുന്നെന്ന് വിജിലിന്‍സ് പറഞ്ഞു. വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ പി.എല്‍.ഷൈജു, പി.ശശിധരന്‍, എസ്‌ഐമാരായ പി.കുഞ്ഞുബാവ, കെ.മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha



























