വയനാട് ചീയമ്പത്ത് കടുവയിറങ്ങി 3 ആടുകളെ കൊന്നു!

ചീയമ്പം ജനവാസകേന്ദ്രത്തില്‍ ഇന്നലെ വൈകുന്നേരം 4 മണിയോടെ കടുവയിറങ്ങി. എഴുപത്തിമൂന്ന് കോളനിയിലെ ഗിരിജ രാജുവിന്റെ വീടിനടുത്ത് മേയാന്‍ കെട്ടിയിരുന്ന 3 ആടുകളെ കടുവ കടിച്ചുകൊന്നു. ആടുകളുടെ നിലവിളി കേട്ട് ഉടമകള്‍ ഓടിയെത്തി കടുവയെ ഓടിച്ചു വിട്ടു.
ഓരോ തവണയും കടുവ ആക്രമണമുണ്ടാകുമ്പോള്‍ സ്ഥലത്തെത്തുന്ന വനപാലകര്‍ ക്യാമറ സ്ഥാപിക്കുകയും അടുത്ത ദിവസം കൂട് സ്ഥാപിക്കാമെന്ന് ഉറപ്പ് നല്‍കി മടങ്ങുകയുമാണു പതിവ്. ഒരു മാസത്തിനിടെ പ്രദേശത്ത് കടുവ കൊന്നത് 11 ആടുകളെയാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ സ്ഥലത്ത് ക്യാമറ സ്ഥാപിച്ചു. ഇന്നു കൂടെത്തിക്കുമെന്നും ഉറപ്പ് നല്‍കി.
ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥലത്തെത്തി. വനം മന്ത്രിയുമായി സംസാരിക്കുകയും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പഞ്ചായത്ത് അംഗം പ്രിയ മുരളി, നേതാക്കളായ കെ.കെ.വിശ്വനാഥന്‍, ബി.വി.ബോളന്‍, അപ്പിബോളന്‍, കെ.ഭാസ്‌കരന്‍, എന്‍.എം.രംഗനാഥ്, എം.കെ.ബിജു എന്നിവര്‍ പ്രതിഷേധ സമരത്തിനു നേതൃത്വം നല്‍കി.
ഗോത്രജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങളെ കേസെടുത്ത് അടിച്ചമര്‍ത്താനാവില്ലെന്ന് ജനകീയ സമിതി ചൂണ്ടിക്കാട്ടി. കടുവ കഴിഞ്ഞ തവണ ആടുകളെ കൊന്നപ്പോള്‍ ഫോറസ്റ്റ് സ്റ്റേഷന് മുന്നില്‍ സമരം നടത്തിയവരുടെ പേരില്‍ 5 വകുപ്പുകള്‍ ചേര്‍ത്ത് കേണിച്ചിറ പൊലീസ് കേസെടുത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്.
https://www.facebook.com/Malayalivartha



























