ഹെല്‍മറ്റില്ലാതെ ബൈക്കിനു പിന്നില്‍ യാത്ര ചെയ്ത വയോധികന്റെ മുഖത്തടിക്കുകയും വലിച്ചിഴച്ച് ജീപ്പില്‍ കയറ്റുകയും ചെയ്ത എസ്‌ഐയെ സ്ഥലം മാറ്റി

ചടയമംഗലത്ത് ഹെല്‍മെറ്റില്ലാതെ ബൈക്കിനു പിന്നില്‍ യാത്ര ചെയ്ത വയോധികനെ നടുറോഡില്‍ മര്‍ദിച്ച പൊലീസ് എസ്‌ഐയെ സ്ഥലം മാറ്റി. കുട്ടിക്കാനം കെഎപി ബറ്റാലിയനില്‍ കഠിനപരിശീലനത്തിനാണ് സ്ഥലം മാറ്റം. വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍നടപടിയെടുക്കുമെന്ന് കൊല്ലം റൂറല്‍ എസ്പി അറിയിച്ചു.
ബുധനാഴ്ച രാവിലെ രാമാനന്ദന്‍ നായരും സുഹൃത്തും ജോലിക്കു പോകുന്നതിനിടെ വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് കൈ കാണിച്ചു ബൈക്ക് നിര്‍ത്തിക്കുകയായിരുന്നു. ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. 1000 രൂപ പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇരുവരും കയ്യില്‍ പണമില്ലെന്ന് പറഞ്ഞു.
ബൈക്കോടിച്ച ആളെയാണ് ആദ്യം ജീപ്പില്‍ കയറ്റിയത്. താന്‍ പിന്നിലിരുന്ന ആളാണെന്നും പിഴയടക്കേണ്ട ആവശ്യമില്ലെന്നും രാമാനന്ദന്‍ പറഞ്ഞതോടെയാണ് എസ്‌ഐ ഷജീം ഇയാളെ അടിക്കുകയും വലിച്ചിഴച്ച് ജീപ്പില്‍ കയറ്റുകയും ചെയ്തത്. സ്റ്റേഷനില്‍ വന്ന് പിഴയടക്കാമെന്ന് പറഞ്ഞിട്ടും എസ്‌ഐ കൂട്ടാക്കിയില്ലത്രേ.
പിന്നീട് പുറത്തിറങ്ങിയ വയോധികന്‍ 'ഒന്നുകില്‍ കൊല്ലണം, അല്ലെങ്കില്‍ ആശുപത്രിയില്‍ കൊണ്ടുപോകണം' എന്ന് അലറുന്നത് വിഡിയോയില്‍ കാണാം.
https://www.facebook.com/Malayalivartha



























