സംസ്ഥാന സര്‍ക്കാരിന്റെ സ്പേസ് പാര്‍ക്ക് പദ്ധതിയില്‍ തനിക്കു നിയമനം ലഭിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ഇതില്‍ നിര്‍ണായക പങ്കുണ്ടെന്നും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് മൊഴി നല്‍കിയതായി ഇ.ഡി

സംസ്ഥാന സര്‍ക്കാരിന്റെ സ്പേസ് പാര്‍ക്ക് പദ്ധതിയില്‍ തനിക്കു നിയമനം ലഭിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ഇതില്‍ നിര്‍ണായക പങ്കുണ്ടെന്നും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് മൊഴി നല്‍കിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പ്രാഥമിക കുറ്റപത്രത്തില്‍ വെളിപ്പെടുത്തല്‍.
സ്വപ്നയും ശിവശങ്കറും ഔദ്യോഗികമായി എട്ടു തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അനൗദ്യോഗികമായി നിരവധി തവണ കണ്ടിരുന്നുവെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്. ആറു തവണ ശിവശങ്കറിനെ കണ്ടത് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലാണെന്നും സ്പേസ് പാര്‍ക്കില്‍ മാര്‍ക്കറ്റിംഗ് ലെയ്സണ്‍ ഓഫീസര്‍ ആയി കഴിഞ്ഞ നവംബറില്‍ നിയമിതയായ തന്നെ, യു.എ.ഇ കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറിയെന്ന നിലയില്‍ മുഖ്യമന്ത്രിക്ക് അറിയാമായിരുന്നെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.
ശിവശങ്കര്‍ മുഖേനയാണ് സ്വപ്നയ്ക്ക് ജോലി ലഭിച്ചത്. കേരള സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ എം.ഡി ഡോ. ജയശങ്കറിനെയും സ്‌പെഷ്യല്‍ ഓഫീസര്‍ സന്തോഷിനെയും കണ്ട് സ്‌പേസ് പാര്‍ക്കിലെ ജോലിയുടെ കാര്യം പറയണമെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ച് വേണ്ടതു ചെയ്യാമെന്നും ശിവശങ്കര്‍ പറഞ്ഞതായി സ്വപ്നയുടെ മൊഴിയുണ്ടെന്നും ഇ.ഡിയുടെ 303 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്ത്, രണ്ടാം പ്രതി സ്വപ്ന സുരേഷ്, നാലാം പ്രതി സന്ദീപ് നായര്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയത്.
സ്വര്‍ണക്കടത്തിലൂടെ പ്രതികള്‍ വന്‍തുക സമ്പാദിച്ചെന്നും കള്ളപ്പണം ഉപയോഗിച്ച് സ്ഥാവര- ജംഗമ വസ്തുക്കള്‍ വാങ്ങിക്കൂട്ടിയെന്നും കുറ്റപത്രത്തിലുണ്ട്. വിശദമായ അന്വേഷണത്തിനു ശേഷം ഇ.ഡി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും.
"
https://www.facebook.com/Malayalivartha



























