കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു, കൃഷിക്കാര്‍ക്ക് 60 വയസ്സിനു ശേഷം മാസം തോറും പെന്‍ഷന്‍

കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. പി.രാജേന്ദ്രന്‍ ചെയര്‍മാനായി കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ കൃഷിക്കാര്‍ക്ക് 60 വയസ്സിനു ശേഷം മാസം തോറും പെന്‍ഷന്‍ ഉറപ്പാക്കുന്ന ക്ഷേമനിധി ആരംഭിക്കും.
രാജ്യത്ത് ആദ്യമായാണ് കര്‍ഷക ക്ഷേമനിധി. ബില്‍ നിയമസഭ നേരത്തെ ഐകകണ്‌ഠ്യേന പാസാക്കിയിരുന്നു. കാര്‍ഷികോല്‍പാദന കമ്മിഷണര്‍, കൃഷി സെക്രട്ടറി, കൃഷി ഡയറക്ടര്‍, മൃഗസംരക്ഷണ ഡയറക്ടര്‍, ധന, നിയമ വകുപ്പ് പ്രതിനിധികള്‍, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ സിഇഒ തുടങ്ങിയവരടക്കം 22 ഡയറക്ടര്‍മാരും ഉണ്ടാകും.
ക്ഷേമനിധിയില്‍ 5 വര്‍ഷമെങ്കിലും അംഗത്വമുണ്ടായിരുന്നാല്‍ 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ അടച്ച അംശദായത്തിന്റെ തോതനുസരിച്ചുള്ള പെന്‍ഷന്‍ കിട്ടും. 100 രൂപയാണ് കുറഞ്ഞ അംശദായം. പെന്‍ഷന്‍ തുകയും മറ്റ് ആനുകൂല്യങ്ങളും ബോര്‍ഡ് തീരുമാനിക്കും. 5 സെന്റ് ഭൂമിയെങ്കിലും സ്വന്തമായി വേണം. വാര്‍ഷിക വരുമാനം 5 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. അംഗം മരിച്ചാല്‍ കുടുംബത്തിനു പെന്‍ഷന്‍ ലഭിക്കും. 250 രൂപ വരെയുളള അംശദായത്തിനു തുല്യമായ വിഹിതം സര്‍ക്കാരും ക്ഷേമനിധിയിലേക്ക് അടയ്ക്കും. ഇതില്‍ കൂടിയ തുകയും കൃഷിക്കാരന് അടയ്ക്കാം. 18 വയസ്സു തികഞ്ഞ കൃഷിക്കാരാണ് അപേക്ഷിക്കേണ്ടത്. 55 വയസ്സ് പൂര്‍ത്തിയാകരുത്. മറ്റു ക്ഷേമനിധികളില്‍ അംഗമായിരിക്കരുത്.
ഇപ്പോള്‍ കര്‍ഷക പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഇനി പുതിയ ക്ഷേമനിധി വഴിയാകും വിതരണം. ക്ഷേമനിധി ചട്ടങ്ങളുടെയും പദ്ധതിയുടെയും അംഗീകാരം അടുത്ത മന്ത്രിസഭാ യോഗവും നിയമസഭാ സിലക്ട് കമ്മിറ്റിയും തീരുമാനിക്കും. ബോര്‍ഡ് യോഗം ചേര്‍ന്നു നടപടിക്രമങ്ങള്‍ തീരുമാനിച്ച ശേഷമേ അപേക്ഷ സ്വീകരിച്ചു തുടങ്ങൂ. കൃഷി വകുപ്പിനു കീഴില്‍ 35 ലക്ഷം കൃഷിക്കാരാണു റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൃഗസംരക്ഷണം, മത്സ്യകൃഷി തുടങ്ങിയ മേഖലകളിലായി 15 ലക്ഷം പേരുമുണ്ട്. ആകെ അരക്കോടി കര്‍ഷകര്‍ക്കു ക്ഷേമനിധി പെന്‍ഷന്‍ നല്‍കാനാകുമെന്നാണു കണക്കുകൂട്ടല്‍.
https://www.facebook.com/Malayalivartha



























