കൊമ്പൈക്കാണിയില്‍ കാട്ടാന ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ നിലത്തടിച്ചു കൊലപ്പെടുത്തി .... സഹോദരനും ബന്ധുവും പരിക്കുകളോടെ രക്ഷപ്പെട്ടു

കൊമ്പൈക്കാണിയില്‍ കാട്ടാന ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ ചവിട്ടിക്കൊന്നു. സഹോദരനും ബന്ധുവിനുമൊപ്പം വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി ബാലനെയാണ് കാട്ടാന തുമ്പിക്കൈയില്‍ ചുറ്റി നിലത്തടിച്ച് കൊന്നത്. തെന്മല ആറ്റരികത്തുവീട്ടില്‍ ഗോപന്‍ കാണി-ബിന്ദു കാണിക്കാരി ദമ്പതികളുടെ മകന്‍ ഷിജുവാണ് (14) മരിച്ചത്. അമ്ബൂരി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ജ്യേഷ്ഠന്‍ അലനും സുഹൃത്തായ ശ്രീജിത്തും ഷിജുവിനോടൊപ്പം ശതാവരിക്കിഴങ്ങ് ശേഖരിക്കാന്‍ തെന്മലയില്‍ നിന്ന് ആറ് നീന്തിക്കടന്ന് കൊമ്പൈക്കാണിയില്‍ എത്തിയതായിരുന്നു. ശതാവരി കിഴങ്ങ് അടക്കമുള്ള വനവിഭവങ്ങള്‍ ശേഖരിച്ച് നടക്കുന്നതിനിടയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാലു കാട്ടാനകളുടെ മുന്നില്‍ അകപ്പെട്ടത്.
കാട്ടാനകള്‍ ഇവരുടെ മുന്നിലേക്ക് പാഞ്ഞടുക്കുന്നതിനിടയില്‍ മൂവരും കുതറിയോടി. അലന്‍, സഹോദരന്‍ ഷിജുവിനെയും കൂട്ടി വള്ളിപ്പടര്‍പ്പുകള്‍ക്കുള്ളില്‍ ഒളിച്ചു. മറുഭാഗത്തേക്ക് ഓടിയ ശ്രീജിത്ത് മരത്തിന് മുകളില്‍ കയറി. ഒളിച്ചിരുന്നു. വള്ളിപ്പടര്‍പ്പുകള്‍ക്കുള്ളില്‍ ഒളിച്ചിരുന്ന ഷിജുവിനെ ഒരു കാട്ടാനയെത്തി തുമ്പിക്കൈയില്‍ ചുറ്റിയെടുത്ത് നിലത്തടിക്കുകയായിരുന്നു.
സ്‌കൂള്‍ തുറക്കാത്തതും വീട്ടിലെ ഭക്ഷണദൗര്‍ലഭ്യവുമാണ് വിദ്യാര്‍ഥികള്‍ കായ്കനികള്‍ ശേഖരിക്കാന്‍ പോകാന്‍ കാരണം.
കാട്ടാനകളുടെ ചിന്നംവിളിയും കുട്ടികളുടെ നിലവിളിയും കേട്ട് നദിക്കക്കരെ ഉണ്ടായിരുന്ന രണ്ടുപേര്‍ വനപാലകരെ അറിയിച്ചതിനെത്തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും നെയ്യാര്‍ഡാം പൊലീസും സ്ഥലത്തെത്തി. ഷിജുവിന്റെ മൃതദേഹത്തോടൊപ്പം പരിക്കേറ്റവരെയും വനം വകുപ്പിന്റെ ബോട്ടില്‍ നെയ്യാര്‍ഡാമിലെത്തിച്ചാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആനകളുടെ ആക്രമത്തില്‍നിന്ന് ഓടി രക്ഷപ്പെടുന്നതിനിടയിലാണ് ഇരുവര്‍ക്കും പരിക്കേറ്റത്. ഷിജുവിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
https://www.facebook.com/Malayalivartha



























