മലമ്പുഴയിലെ 'യക്ഷി'ക്ക് മോഡലായ നഫീസ വിടവാങ്ങി; പാവാട കാലിന്റെ മുട്ടിന്റെ ഭാഗംവരെ ഉയർത്തിവെച്ച് എന്നാൽ തന്റെ നഗ്നത ഒരുതരത്തിലും വെളിപ്പെടുത്താതെ നഫീസ, കാനായി കുഞ്ഞിരാമന്റെ വിഖ്യാതശില്പത്തിന് ഊർജമായി മാറിയത് ഓർത്തെടുത്ത് ശില്പനിർമാണത്തിന് സഹായികളായിരുന്ന വേലായുധനും പഴനിസ്വാമിയും

പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്റെ വിഖ്യാത ശില്പമായ മലമ്പുഴയിലെ 'യക്ഷി'ക്ക് മോഡലായ നഫീസ എന്ന നബീസുമ്മ വിടവാങ്ങി. ബുധനാഴ്ച മലമ്പുഴയിലായിരുന്നു അന്ത്യം. ലോക പ്രശസ്തമായ ശില്പത്തിന് ഊർജമായെങ്കിലും അർഹിക്കുന്ന അംഗീകാരം നേടാതെയാണ് നഫീസ ഓർമയാകുന്നത്.
ശില്പത്തിന്റെ സുവർണജൂബിലി ആഘോഷങ്ങൾ കഴിഞ്ഞ വർഷം നടന്നപ്പോള്‍ കാനായി ആശുപത്രിയിലെത്തി നഫീസയെ കണ്ടത് വാർത്തയായിരുന്നു. എന്നാൽ നഫീസയെയും ശില്പം യാഥാർത്ഥ്യമാകാൻ സഹായിച്ച മറ്റ് നാലുപേരെയും സർക്കാരും ലളിതകലാ അക്കാദമിയും അവഗണിച്ചു. 1967 മുതൽ രണ്ടുവർഷംകൊണ്ടാണ് ശില്പം പൂർത്തിയായത്. നഫീസയ്ക്കുള്ള ആദരം എന്ന നിലയിലാണ് ശില്പി തന്നെ അവരെ അന്ന് ആശുപത്രിയെത്തി കണ്ടത്.
മലമ്പുഴ ഡാമിന്റെ ഉദ്യാനത്തിന് അരികെ 30 അടി ഉയരത്തിലാണ് നഗ്നയായ യക്ഷി ഇരിക്കുന്നരീതിയിലുള്ള ശില്പം സ്ഥിതി ചെയ്യുന്നത്. സൗന്ദര്യം കൊണ്ടുമാത്രമല്ല, വലുപ്പവും ആകാരഭംഗികൊണ്ടും കൊണ്ടും ഏറെ പ്രശസ്തി ശില്പത്തിന് ലഭിച്ചു. ശില്പത്തിന്റെ മുകൾഭാഗം കാനായി പൂർത്തിയാക്കിയത് ഒരു വിദേശ സ്ത്രീയുടെ നഗ്ന ചിത്രം കണ്ടാണ്. കാലിന്റെ ഭാഗത്തിന് മോഡലായത് നഫീസയും. മാനസികാസ്വാസ്ഥ്യം പിടിപെട്ട് മകളോടൊപ്പം കഴിഞ്ഞിരുന്ന നബീസയ്ക്ക് യക്ഷിയുടെ കാലിന് മാതൃകയായ ഓര്‍മ്മകളൊന്നും അവശേഷിച്ചിരുന്നില്ല.
പാവാട കാലിന്റെ മുട്ടിന്റെ ഭാഗംവരെ ഉയർത്തിവെച്ച് നഫീസ, അന്ന് ശില്പിയുടെ മുന്നിൽ ഇരുന്ന കാര്യം ഓർത്തെടുക്കുകയാണ് ശില്പനിർമാണത്തിന് സഹായികളായിരുന്ന വേലായുധനും പഴനിസ്വാമിയും. അപ്പോഴും അവർ തന്റെ നഗ്നത ഒരുതരത്തിലും വെളിപ്പെടുത്തിയിരുന്നില്ല. ശില്പിക്ക് മുന്നിൽ കാലുകൾ കാണിച്ച് അവർ ഇരുന്നു... ജലസേചന വകുപ്പ് കാനായിയെ സഹായിക്കാനായി നിയോഗിച്ച അഞ്ച് ജോലിക്കാരിൽ ഒരാളായിരുന്നു നഫീസ. മറ്റു രണ്ടുപേർ നേരത്തെ മരിച്ചു.
ഏതൊരു സൃഷ്ടിക്കുപിന്നിലും സർഗവേദനയുണ്ടാകും. എന്നാൽ, മലമ്പുഴയിൽ യക്ഷിയെ രൂപപ്പെടുത്തുമ്പോൾ മറ്റുവേദനകളും ശില്പിക്ക് അനുഭവിക്കേണ്ടി വന്നു. ഉദ്യാനത്തിൽ ഉയരുന്നത് സ്ത്രീയുടെ നഗ്നശില്പമാണെന്ന പ്രചാരണം നാടെങ്ങുമുണ്ടായി. ഒരു ദിവസം വൈകീട്ട് ശില്പത്തിന്റെ അന്നത്തെ പണി പൂർത്തിയാക്കി ഒലവക്കോട്ടെ ലോഡ്ജിലേക്ക് മടങ്ങുമ്പോൾ കാനായി കുഞ്ഞിരാമൻ കയറിയ ബസ് പത്തോളം ചെറുപ്പക്കാർ തടഞ്ഞു. കാനായിയെ ബസിൽനിന്ന് വലിച്ചിറക്കി ക്രൂരമായി മർദിച്ചു. ഉടുക്കാത്ത പെണ്ണിനെ ഉണ്ടാക്കിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ജഡം മലമ്പുഴ ഡാമിൽ പൊങ്ങുമെന്ന് മുന്നറിയിപ്പ് നൽകി.
പ്രതിമനിർമാണത്തിന് സഹായികളായി പണിയെടുക്കുന്നവരെ ഭീഷണിപ്പെടുത്തിക്കൊണ്ട് സദാചാരവാദികളും രംഗത്തെത്തിയതോടെ ശില്പ നിർമ്മാണം ഉപേക്ഷിച്ചു കാനായി മലമ്പുഴ വിട്ടു. തലയില്ലാത്ത യക്ഷിപ്രതിമ കൂറ്റൻ കബന്ധമായി അവശേഷിച്ചു.......
ശില്പം നിർമിക്കാനായി ജലസേചനവകുപ്പ് അനുവദിച്ച കാലാവധി തീർന്നതോടെ കരാർ ഇല്ലാതായി ..പ്രതിഷേധം കെട്ടടങ്ങിയപ്പോൾ ജലസേചന വകുപ്പ് വീണ്ടും കാനായിയെ സമീപിച്ചു ..എങ്ങനെയും ശില്പം പൂർത്തിയാക്കണമെന്നായിരുന്നു കാനായിക്ക്...... അതിനായി എന്ത് വിട്ടുവീഴ്ചക്കും അദ്ദേഹം തയ്യാറായി.. അങ്ങനെ തന്നോടൊപ്പം പണിചെയ്യുന്ന സിമന്റ് പണിക്കാരുടെ തുല്യവേതനമായിരുന്നു കാനായിയ്ക്കും..പലപ്പോഴും അതുപോലും കിട്ടിയില്ല
1969-ൽ ശില്പം പൂർത്തിയാക്കി. 70-ന്റെ ആരംഭത്തിലായിരുന്നു ഉദ്ഘാടനം. സി.എൻ. ശ്രീകണ്ഠൻനായരായിരുന്നു ഉദ്ഘാടകൻ.....അവഹേളനവും ഭീഷണിയും പതുക്കെ പൂച്ചെണ്ടുകളായി മാറു ന്നതാണ് പിന്നെ നമ്മൾ കണ്ടത് ..കാലുകൾ നീട്ടി, മാറിടം ഉയർത്തി, അർധമയക്കത്തിൽ ആകാശനീലിമയിലേക്ക് കണ്ണോടിച്ച്, മുടിയിഴകളിൽ വിരലോടിക്കാനൊരുങ്ങുന്ന യക്ഷി, ഇന്നും മലമ്പുഴയിൽ സന്ദർശകരെ നോക്കി പുഞ്ചിരി പൊഴിക്കുന്നു..
30-ാം വയസ്സിലാണ് കാനായി കുഞ്ഞിരാമൻ യക്ഷിക്ക് പിറവിനൽകിയത്...... കാനായിയുടെ പ്രശസ്തമായ ശില്പങ്ങളും സംഭാവനകളും യക്ഷി (മലമ്പുഴ ഡാം), ശംഖ് (വേളി കടപ്പുറം), ജലകന്യക (ശംഖുമുഖം കടപ്പുറം), അമ്മയും കുഞ്ഞും (പയ്യാമ്പലം, കണ്ണൂർ), മുക്കട പെരുമാൾ (കൊച്ചി), നന്ദി (മലമ്പുഴ,പാലക്കാട്),
തമിഴത്തി പെണ്ണ് (ചോളമണ്ഡലം കലാഗ്രാമം, മദിരാശി), വീണപൂവിന്റെ ശിൽപം, ദുരവസ്ഥയുടെ ശിൽപം (തോന്നക്കൽ ആശാൻ സ്മാരകം), ശ്രീനാരായണ ഗുരു, സുഭാഷ് ചന്ദ്ര ബോസ്, ശ്രീ ചിത്തിര തിരുന്നാൾ, പട്ടം താണുപിള്ള, മന്നത്ത് പത്മനാഭൻ, വിക്രം സാരാഭായി, ഡോ. പല്പു, മാമൻ മാപ്പിള, ഇ.എം.എസ്. നമ്പൂതിരിപ്പാട്, രവീന്ദ്രനാഥ ടാഗോർ തുടങ്ങിയവരുടെ വെങ്കല ശില്പങ്ങൾ (ആൾരൂപങ്ങൾ), കേരള സർക്കാരിന്റെ മിക്കവാറും എല്ലാ പ്രധാന അവാർഡുകളുടെയും രൂപകല്പന എന്നിവയാണ്
https://www.facebook.com/Malayalivartha



























