മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്‌തേക്കും... ഇന്നലെ 11 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു ശിവശങ്കറിനെ കസ്റ്റംസ് വിട്ടയച്ചത്....

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്‌തേക്കും. ഹാജരാകാന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടതായാണ് സൂചന. ഇന്നലെ 11 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു ശിവശങ്കറിനെ കസ്റ്റംസ് വിട്ടയച്ചത്.
രാവിലെ 10 മണിയോടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിയ ശിവശങ്കര്‍ രാത്രി വൈകിയാണ് പുറത്തിറങ്ങിയത്. 2017-ല്‍ യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം കേരളത്തിലെത്തിച്ച് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് വിവിധ ഏജന്‍സികളുടെ അന്വേഷണം നടക്കുന്നത്.
17000 കിലോ ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് കേസെടുത്തിരിക്കുന്നത്. ഈന്തപ്പഴം സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികള്‍ക്ക് നല്‍കാന്‍ സാമൂഹ്യനീതി വകുപ്പ് തയാറാക്കിയ പദ്ധതിയില്‍ ചട്ടലംഘനം നടന്നോ എന്നാണ് അന്വേഷണം. എം ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണ് യു എഇ കോണ്‍സുലേറ്റ് വഴി എത്തിയ ഈന്തപ്പഴം സാമൂഹിക ക്ഷേമ വകുപ്പ് വിവിധ അനാഥാലയങ്ങള്‍ക്ക് വിതരണം ചെയ്തതെന്ന് കണ്ടെത്തിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് മൊഴിയെടുക്കല്‍. പദ്ധതി സംബന്ധിച്ച് യുഎഇ കോണ്‍സുലേറ്റുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും ശിവശങ്കറിന്റെ വാക്കാലുള്ള നിര്‍ദേശപ്രകാരമായിരുന്നു നടപടികളെന്നും നേരത്തെ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി അനുപമ മൊഴി നല്‍കിയിരുന്നു.
അതേസമയം, ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ വീണ്ടും മൊഴി. യുണിടാക്കിന് എല്ലാ സഹായവും ചെയ്യാന്‍ ശിവശങ്കര്‍ പറഞ്ഞതായി വടക്കാഞ്ചേരി പദ്ധതിയുടെ ചുമതലയുള്ള വനിത എഞ്ചിനീയര്‍ മൊഴി നല്‍കി.
"
https://www.facebook.com/Malayalivartha



























