യൂണിയന്‍ നേതാവിനോട് മാപ്പുപറയണമെന്ന ആവശ്യം അംഗീകരിക്കാനാവാതെ കോഴിക്കോട് മെഡി. കോളജിലെ നഴ്‌സ് ജോലി വിട്ടു

നഴ്സുമാരുടെ അപര്യാപ്തത മൂലം താളം തെറ്റിയ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യൂണിയന്‍ നേതാവിന്റെ ഭീഷണി കാരണം സ്റ്റാഫ് നഴ്‌സ് ജോലിയുപേക്ഷിച്ചു. ആശുപത്രി വികസന സമിതി, സര്‍ജറി വാര്‍ഡ് 15-ല്‍ നിയമിച്ച സ്റ്റാഫ് നഴ്‌സ് അഞ്ജു ജോസിനാണു ജോലി കളയേണ്ടി വന്നത്. സൂപ്രണ്ട് ഓഫിസില്‍ ജോലി ചെയ്യുന്ന യൂണിയന്‍ നേതാവ് വാര്‍ഡില്‍ വന്നപ്പോള്‍ ആളറിയാതെ പെരുമാറിയതാണ് കാരണം.
വാര്‍ഡിലെത്തിയ നേതാവ് നഴ്‌സിനോട് 'ഹെഡ് ഉണ്ടോ' എന്ന് തിരക്കിയപ്പോള്‍ രോഗിയുടെ കൂട്ടിരിപ്പുകാരനാണെന്നു കരുതിയ നഴ്‌സ് 'ഏത് ഹെഡ്' എന്നു തിരിച്ചു ചോദിച്ചുവത്രേ. തന്നെ ബഹുമാനിക്കാതിരുന്നതിനും തര്‍ക്കുത്തരം പറയുകയും ചെയ്‌തെന്ന പേരില്‍ നഴ്‌സിനോടു നേതാവ് തട്ടിക്കയറുകയും ജോലി കഴിഞ്ഞ് ഓഫിസില്‍ വന്ന് തന്നെ കാണണമെന്നു താക്കീത് നല്‍കുകയും ചെയ്തു. ഹെഡ് നഴ്സ് വിവരമറിഞ്ഞപ്പോഴും നേതാവിനെ ചെന്നു കാണാന്‍ ഉപദേശിക്കുകയായിരുന്നു. തുടര്‍ന്നു നഴ്സിങ് സൂപ്രണ്ട്, നഴ്‌സിനെ വിളിപ്പിച്ച് വിശദീകരണം തേടുകയും ചെയ്തു.
ഐഡി കാര്‍ഡ് പോലും ധരിക്കാതെ വന്നതു കൊണ്ടാണ് ജീവനക്കാരനാണെന്നു തിരിച്ചറിയാതിരുന്നതെന്ന് അഞ്ജു പറഞ്ഞു. സഹപ്രവര്‍ത്തകര്‍ പോലും കൂടെ നില്‍ക്കാത്തതില്‍ വേദനയുണ്ട്. നേതാവിനെ ചെന്നു കണ്ട് ജോലിയില്‍ തുടരാന്‍ താല്‍പര്യമില്ലാത്തതിനാല്‍ അഞ്ജു ജോലിയുപേക്ഷിച്ചു പോവുകയായിരുന്നു. ചിലര്‍ക്കു വിധേയപ്പെട്ടു നില്‍ക്കാനാവാത്തതു കൊണ്ടാണു ജോലി ഉപേക്ഷിക്കുന്നതെന്ന് അഞ്ജു പറഞ്ഞു.
https://www.facebook.com/Malayalivartha



























