നിക്ഷേപത്തട്ടിപ്പ് കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് ഓഫീസില്‍ പോലീസ് റെയ്ഡ്; പോപുലര്‍ ഫിനാന്‍സിനെതിരെ ഇതുവരെ 82 പരാതികളാണ് സ്‌റ്റേഷനില്‍ ലഭിച്ചത്

നിക്ഷേപത്തട്ടിപ്പ് കേസില്‍ പോപ്പുലര്‍ ഫിനാന്‍സിന്റെ കോഴിക്കോട്ടെ ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തി. 82 പരാതികളാണ് ഇതുവരെ സ്‌റ്റേഷനില്‍ ലഭിച്ചത്. ഇതില്‍ 20 പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവരികയാണ്. കോഴിക്കോട് പാറോപ്പടിയിലുള്ള ബ്രാഞ്ചിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. നിരവധി രേഖകള്‍ ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ മറ്റ് ബ്രാഞ്ചുകളിലും റെയ്ഡ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ചേവായൂര്‍ സി ഐ ടി പി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. രേഖകള്‍ കണ്ടെത്തുന്നതിനും പരമാവധി ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും സൈബര്‍ സെല്‍ വിദഗ്ധരും സംഘത്തിലുണ്ടായിരുന്നു. പോപ്പുലര്‍ ഫിനാന്‍സിനെതിരേ കോഴിക്കോട് ജില്ലയില്‍ ഏറ്റവും കുടുതല്‍ പരാതികളുള്ളത് ചേവായൂര്‍ സ്‌റ്റേഷനിലാണ്. ചേവായൂര്‍, നടക്കാവ്, കസബ, മാവുര്‍, വടകര പൊലിസ് സ്‌റ്റേഷനുകളിലും പോപ്പുലര്‍ ഫിനാന്‍സിനെതിരേ ഇതിനകം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓരോ പരാതിയിലും വെവ്വേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം. നടക്കാവ് സ്‌റ്റേഷനില്‍ ലഭിച്ച പരാതികളൂടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫിനാന്‍സിന്റെ നടക്കാവ് ശാഖയില്‍ പൊലിസ് പരിശോധന നടത്തിയിരുന്നു. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസ് പരമാവധി തെളിവുകള്‍ ശേഖരിക്കുന്നത്.
https://www.facebook.com/Malayalivartha



























