രീതി മാറ്റി കസ്റ്റംസ്... തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും ക്ലീന്‍ ചിറ്റ് നല്‍കാതെ അന്വേഷണ സംഘം രീതി മാറ്റുന്നു; ചൊവ്വാഴ്ച വീണ്ടും ഹാജരാകാന്‍ പറയുമ്പോള്‍ ശിവശങ്കര്‍ കസ്റ്റഡിയിലേക്കെന്ന ആശങ്ക പടരുന്നു; ഒളിവ് കാലത്ത് സ്വപ്ന രഹസ്യ നമ്പരിലേക്ക് വിളിച്ച വിളികള്‍ നിര്‍ണായകമാകുന്നു

തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് കസ്റ്റംസോ ഇഡിയോ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. അതിനിടെ കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചു എന്നാണ് സൂചന. സ്വര്‍ണക്കടത്തിലും ഈന്തപ്പഴം ഇടപാടിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു പങ്കുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. ശിവശങ്കറിനെ കസ്റ്റഡിയിലെടുക്കാന്‍ കസ്റ്റംസ് നിയമോപദേശം തേടിയെന്നും സൂചന. അദ്ദേഹത്തോടു മറ്റന്നാള്‍ വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഐ.എ.എസ്. ഉദ്യോഗസ്ഥനായതിനാല്‍ കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയാലേ അറസ്റ്റിലേക്കു കടക്കൂ.
തെളിവുകള്‍ ഒത്തുനോക്കാനായി ശിവശങ്കറിനെയും സ്വപ്‌നയേയും രണ്ടിടത്തായി ഒരേസമയം ചോദ്യംചെയ്തു. ഇന്നലെ രാവിലെ പത്തോടെ ശിവശങ്കര്‍ കസ്റ്റംസ് ഓഫീസില്‍ ഹാജരായി. പത്തരയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വപ്‌നയെ ചോദ്യംചെയ്യാന്‍ കാക്കനാട് സബ് ജയിലിലെത്തി. ചോദ്യംചെയ്യലിനുശേഷം രാത്രി പത്തേകാലോടെയാണു ശിവശങ്കറിനെ വിട്ടയച്ചത്. രണ്ടുദിവസമായി ഇതുവരെ 22 മണിക്കൂറിലധികം ചോദ്യംചെയ്തു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ശിവശങ്കറിനു ഗാഢബന്ധമാണുള്ളതെന്നും സ്വര്‍ണക്കടത്തിലും ഈന്തപ്പഴം ഇടപാടിലും അദ്ദേഹത്തിന്റെ ഇടപെടല്‍ പ്രകടമാണെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. കേന്ദ്രനിയമം ലംഘിച്ചാണു നയതന്ത്ര ബാഗേജില്‍ 17000 കിലോഗ്രാം ഈന്തപ്പഴം കൊണ്ടുവന്നത്. എന്നാല്‍, യു.എ.ഇ. കോണ്‍സുലേറ്റ് എത്തിച്ച ഈന്തപ്പഴം സര്‍ക്കാര്‍ വിതരണം ചെയ്യുക മാത്രമാണുണ്ടായതെന്ന നിലപാടില്‍ ശിവശങ്കര്‍ ഉറച്ചുനിന്നു.
കടത്തിയ സ്വര്‍ണം പിടിയിലായപ്പോള്‍ ശിവശങ്കറിനെ സ്വപ്‌ന പലവട്ടം വിളിച്ചിരുന്നു. പിന്നീട് സ്വപ്‌ന ബംഗളരുവിലേക്ക് കടന്നശേഷവും വിളിച്ചു. സ്വപ്‌ന 1.9 ലക്ഷം ഡോളര്‍ വിദേശത്തേക്കു കടത്തിയെന്നും കസ്റ്റംസ് സൂചിപ്പിക്കുന്നു. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ ഇടപാടിലെ കമ്മീഷന്‍ തുകയാണു ഡോളറാക്കി മാറ്റിയതെന്നാണു സൂചന. സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി റമീസിനും ശിവശങ്കറുമായി ബന്ധമുണ്ടായിരുന്നെന്നു കസ്റ്റംസ് കണ്ടെത്തി.
സ്വപ്‌നയുമായുള്ള ദുരൂഹമായ വാട്‌സ് ആപ്പ് ചാറ്റുകളില്‍ അടക്കം ശിവശങ്കരന് വിശദീകരണം നല്‍കാന്‍ സാധിച്ചിട്ടില്ലാത്തതാണ് കുരുക്ക് മുറുകിയത്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ചൊവ്വാഴ്ച്ച വീണ്ടും വിളിച്ചു വരുത്താന്‍ കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്.
സ്വപ്നയുമായുള്ള ബന്ധം, പണമിടപാടിലെ ദുരൂഹത, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി.വേണുഗോപാലുമായി നടത്തിയ ദുരൂഹമായ വാട്‌സാപ് ചാറ്റുകള്‍, ലോക്കറിലെ പണം തുടങ്ങിയ കാര്യങ്ങളില്‍ ശിവശങ്കറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണു കസ്റ്റംസ് വിലയിരുത്തല്‍. സ്വപ്നയെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനു പരിചയപ്പെടുത്തിയതല്ലാതെ മറ്റൊന്നുമറിയില്ലെന്നു ജൂലൈയില്‍ ശിവശങ്കര്‍ നല്‍കിയ മൊഴിക്കു വിരുദ്ധമായിരുന്നു ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി നടത്തിയ വാട്‌സാപ് ചാറ്റുകള്‍.
അതിനിടെ സ്വപ്ന ഒളിവിലായിരിക്കെ ഒരു പ്രത്യേക നമ്പറിലേക്കു നടത്തിയ ഫോണ്‍ വിളികള്‍ അന്വേഷിക്കുകയാണ്. ഒട്ടേറെ കോളുകള്‍ ഈ ഫോണ്‍ നമ്ബറിലേക്കും തിരിച്ചും ഉണ്ടായിട്ടുണ്ട്. ആ സാറിനെയാണ് വിളിച്ചതെന്നാണ് പറയുന്നത്. ഏത് സാറെന്ന് ഉത്തരമില്ല. എന്നാല്‍ ശിവശങ്കറുമായാണ് ഈ ഫോണ്‍ വിളികള്‍ നടത്തിയതെന്നാണു കസ്റ്റംസ് സംശയിക്കുന്നത്. സ്വപ്നയുടെ ഭര്‍ത്താവായ ജയശങ്കറിനോട് ഇതേക്കുറിച്ചു കസ്റ്റംസ് ചോദിച്ചിരുന്നു. ആരോടാണു സംസാരിച്ചതെന്നറിയില്ലെന്നും സ്വപ്നുടെ ഇടപാടുകളെ പറ്റി വിവരമൊന്നുമില്ലെന്നുമാണു അദ്ദേഹത്തിന്റെ മൊഴി. മറ്റു പലരെയും കസ്റ്റംസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇവരുടെ മൊഴികളും ശിവശങ്കറിന്റെ വിശദീകരണങ്ങളും തമ്മില്‍ പൊരുത്തക്കേടുള്ളതായാണു വിവരം. എന്തായാലും ചൊവ്വാഴ്ച കല്ലും നെല്ലും തിരിയും.
"
https://www.facebook.com/Malayalivartha



























