വേണ്ടത് ചെയ്യപ്പാ... സ്വപ്നാ സുരേഷ് നല്‍കിയ രഹസ്യമൊഴി പുറത്തുവിട്ടാല്‍ രാഷ്ട്രീയത്തിലെയടക്കം ഉന്നതര്‍ രക്ഷപ്പെടുമെന്ന് കസ്റ്റംസ്; കസ്റ്റഡി ആവശ്യത്തിനുവേണ്ടി അന്വേഷണ സംഘം സമര്‍പ്പിച്ച രഹസ്യമൊഴി നിര്‍ണായകം; വിദേശത്തേക്ക് കറന്‍സി കടത്തിയതിലും സ്വപ്നയ്‌ക്കെതിരെ കേസെടുക്കാന്‍ നീക്കം

സതിര എസ് നായരുടെ രഹസ്യമൊഴി കേരളത്തിലുണ്ടാക്കിയ ഭൂകമ്പം മലയാളികള്‍ക്ക് ഓര്‍മ്മയുണ്ട്. അതുപോലെയാണ് സ്വപ്നയുടെ മൊഴിയുമെന്നാണ് കസ്റ്റംസ് നല്‍കുന്ന സൂചന. അതിനാല്‍ തന്നെ അത് ഉടന്‍ പുറത്ത് വിടരുടെന്നാണ് കസ്റ്റംസ് പറയുന്നത്.
സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്നാ സുരേഷ് നല്‍കിയ രഹസ്യമൊഴി പുറത്തുവിട്ടാല്‍ രാഷ്ട്രീയത്തിലെയടക്കം ഉന്നതര്‍ രക്ഷപ്പെടുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വപ്ന നല്‍കിയ ഹര്‍ജിക്കെതിരേ ഹൈക്കോടതിയില്‍ കസ്റ്റംസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മൊഴി പുറത്തുവിടുന്നതിനെ എതിര്‍ത്തത്. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിച്ചേക്കും.
മൊഴിപ്പകര്‍പ്പ് സ്വപ്നയ്ക്ക് നല്‍കിയാല്‍ കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ഉന്നതവ്യക്തികളിലേക്ക് അതെത്തുമെന്ന് കസ്റ്റംസ് അഭിഭാഷകന്‍ അഡ്വ. കെ. രാംകുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ തെളിവുകളുടെ പട്ടികയില്‍ മൊഴികള്‍ നല്‍കിയിട്ടില്ല. പ്രതിയുടെ കസ്റ്റഡി ആവശ്യത്തിനുവേണ്ടി അന്വേഷണസംഘം സമര്‍പ്പിച്ചതാണീ രഹസ്യമൊഴി. അന്വേഷണത്തിന്റെ ഭാഗമായിത്തന്നെ തുടരുന്ന രേഖകള്‍ ആവശ്യപ്പെടാന്‍ പ്രതിക്ക് നിയമപരമായി അവകാശമില്ല.
ഈ മൊഴി അന്വേഷണസംഘത്തിന് നല്‍കിയപ്പോള്‍ത്തന്നെ ഇത് സീല്‍ ചെയ്ത് സൂക്ഷിക്കണമെന്ന് സ്വപ്ന, മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടിരുന്നതാണ്. അതിന്റെ കാരണങ്ങളിലൊന്ന് തന്റെ ജീവന് ഭീഷണി നേരിടുമെന്ന സ്വപ്നയുടെ ഭയമായിരുന്നു. ഈ സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം അനധികൃതമായി വിദേശത്തേക്ക് കറന്‍സി കടത്തിയ സംഭവത്തിലും സ്വപ്ന സുരേഷിനെതിരെ കേസെടുക്കാന്‍ കസ്റ്റംസ് നീക്കം ആരംഭിച്ചു. രണ്ട് ലക്ഷം ഡോളര്‍ നയതന്ത്ര പരിരക്ഷയോടെ വിദേശത്ത് എത്തിക്കാന്‍ കൂട്ടുനിന്നെന്നാണ് കണ്ടെത്തല്‍. ഇക്കാര്യത്തില്‍ കസ്റ്റംസ് നിയമോപദേശം തേടിയിരുന്നു.
വിദേശനാണയ വിനിമയ ചട്ട പ്രകാരമാകും സ്വപ്ന സുരേഷിനെതിരെ കസ്റ്റംസ് കേസെടുക്കുക. യു എ ഇ കോണ്‍സുലേറ്റിനെ മറയാക്കി വിവിധ ഇടപാടുകള്‍ക്ക് അവിടുത്തെ ഉദ്യോഗസ്ഥരടക്കം വാങ്ങിയ കമ്മീഷന്‍ തുക ഡോളറാക്കി സ്വപ്ന വിദേശത്തെത്തിച്ചെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് ഉന്നത സ്വാധീന ശക്തികളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ മൊഴിപകര്‍പ്പ് നല്‍കാനാകില്ലെന്നും കസ്റ്റംസ് ഇന്നലെ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. സ്വപ്‌ന സുരേഷിന് മൊഴി പകര്‍പ്പ് നല്‍കുന്നത് അന്വേഷണത്തെ തടസപ്പെടുത്താനിടയാക്കുമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. കസ്റ്റംസിന് നല്‍കിയ മൊഴിയുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന നല്‍കിയ ഹര്‍ജിയെ എതിര്‍ത്താണ് കസ്റ്റംസ് കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.
അധികാര കേന്ദ്രങ്ങളില്‍ അപാരമായ സ്വാധീനവും ബന്ധവുമുള്ള വ്യക്തിയാണ് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ്. വിദേശത്തെയടക്കം ഒട്ടേറെ ഉന്നത വ്യക്തികളുമായുള്ള ബന്ധം അവര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തില്‍ സ്വാധീന ശക്തിയുള്ളവരും ഉന്നത സ്ഥാനത്തിരിക്കുന്നവരുമായ വ്യക്തികളെക്കുറിച്ച് മൊഴിയില്‍ പറയുന്നുണ്ട്. കേസുമായി ബന്ധമുള്ള ഉന്നതരിലേക്കും ഉയര്‍ന്ന രാഷ്ട്രീയ പൊതു വ്യക്തികളിലേക്കും എത്തിച്ചേരാനാണ് കസ്റ്റംസ് ശ്രമിക്കുന്നത്. ഇന്ത്യക്കകത്തും പുറത്തുമുള്ളവര്‍ ഇതിലുണ്ട്. കോണ്‍സുലേറ്റിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ദുരുപയോഗം ചെയ്താണ് 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്താന്‍ സ്വപ്നക്ക് കഴിഞ്ഞതെന്നും കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha



























