ഓര്‍മ്മപ്പെടുത്തല്‍ മാത്രം... വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ പുനരന്വേഷണവും കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടിയും ആവശ്യപ്പെട്ട് അമ്മ രംഗത്തെത്തുമ്പോള്‍ ചര്‍ച്ചകള്‍ സജീവം

ബഹുമാനപ്പെട്ട മുഖ്യമന്ത്രി? അങ്ങ് 52 ദിവസങ്ങളുടെ വ്യത്യാസത്തില്‍ വാളയാറില്‍ ആത്മഹത്യ ചെയ്ത രണ്ടു പെണ്‍കുട്ടികളുടെ അമ്മയെ ഇത്ര പെട്ടെന്ന് മറന്നുപോയോ?
രണ്ട് പെണ്‍കുട്ടികള്‍ അടുത്തടുത്ത് മരിച്ചിട്ടും അങ്ങ് അവരുടെ കാര്യത്തില്‍ കനിവ് കാണിക്കാത്തത് എന്തു കൊണ്ടാണ്? സ്വപ്ന സുരേഷിനോട് അങ്ങ് കാണിക്കുന്ന കരുതല്‍ എന്തു കൊണ്ടാണ് വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയോട് കാണിക്കാതിരുന്നത്?
വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ മുഖ്യമന്ത്രിയുടെ മുന്നിലെത്തിച്ച് 2019 ല്‍ കേസൊതുക്കിയ കെ. പി. എം എസ് നേതാവ് പുന്നല ശ്രീകുമാര്‍ എവിടെ?
2019 ഒക്ടോബര്‍ ഒടുവിലാണ് മുഖ്യമന്ത്രിയുടെ നിയമസഭയിലുള്ള ഓഫീസില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ ശ്രീകുമാര്‍ എത്തിച്ചത്. പ്രതിപക്ഷ നേതാക്കള്‍ വാളയാറില്‍ എത്തിയ ദിവസമാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പുന്നലശ്രീകുമാര്‍ അമ്മയെയും കൊണ്ട് തിരുവനന്തപുരത്ത് എത്തിയത്. പിണറായി വിജയനെ കണ്ട ശേഷം പുറത്തിറങ്ങിയ അമ്മ മുഖ്യമന്ത്രിയില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് അമ്മ പറഞ്ഞു. സിബി ഐ അന്വേഷണത്തെ കോടതിയില്‍ എതിര്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ട് വര്‍ഷം ഒന്നായില്ലേ? ഇതിനിടയില്‍ എന്തുണ്ടായി?
ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാത്രമാണ് ആ കുടുംബത്തിനൊപ്പമുള്ളത്. വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ പുനരന്വേഷണവും കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടിയും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പീഡനത്തിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അവരുടെ മാതാപിതാക്കള്‍ സെക്രട്ടറിയേറ്റ് നടയില്‍ നടത്തുന്ന സമരവേദി പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് പുനരന്വേഷണവും അന്വേഷണത്തില്‍ വീഴ്ചവരുത്തിയ ഉദ്യേഗസ്ഥര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയത്.
വിവിധ ഘട്ടങ്ങളില്‍ ഈ കേസ് അട്ടിമറിക്കാനും, പ്രതികളെ രക്ഷപ്പെടുത്താനുമുള്ള ആസൂത്രിതമായ നീക്കങ്ങളാണ് പോലീസ് അന്വേഷണസംഘത്തിന്റേയും, പ്രോസിക്യൂഷന്റേയും ഭാഗത്ത് നിന്ന് ഉണ്ടായത്.പ്രധാനപ്പെട്ട ഒരുകേസിന്റെ അന്വേഷണം ഇത്ര ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും പൊലീസ് സേനയില്‍ തുടരുന്നത് പൊതുസമൂഹത്തിന് തന്നെ ഭീഷണിയാണ്.
പിന്നോക്ക, ദരിദ്രകുടുംബങ്ങളിലെ രണ്ട് പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ പീഡനത്തിനിരയായി മരിച്ചിട്ടും നീതി തേടി അവരുടെ മാതാപിതാക്കള്‍ക്ക് സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രക്ഷോഭം നടത്തേണ്ടി വന്നത് കേരളത്തിന് തന്നെ അപമാനകരമാണ്. അതിനാല്‍ ഇവരെ ഇനിയും കൂടുതല്‍ പ്രതിഷേധങ്ങളിലേക്ക് തള്ളിവിടാതെ മുഖ്യമന്ത്രിഎന്ന നിലയില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നും കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും, കേസിന്റെ പുനരന്വേഷണവും ഉടന്‍ ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതീരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. കേസില്‍ പ്രതിചേര്‍ത്തപ്പെട്ട മൂന്നു പേരെ പാലക്കാട് പോക്‌സോ കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. മൂന്നാം പ്രതിയെ നേരത്തെ വെറുതെ വിട്ടിരുന്നു. കോടതിക്ക് വേണ്ടത് തെളിവുകളാണ്. തെളിവുണ്ടാക്കേണ്ടത് പോലീസാണ്. അത് മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പാണ്. എന്നിട്ടും മുഖ്യമന്ത്രി എന്തു കൊണ്ടാണ് ഇക്കാര്യത്തില്‍ നിശബ്ദത പുലര്‍ത്തുന്നത്?
സെക്രട്ടേറിയറ്റിന് മുമ്പില്‍ കുട്ടികളുടെ അമ്മ സമരം നടത്തി. എന്തുണ്ടായി? ഒന്നും ഉണ്ടായില്ല. സര്‍ക്കാരിന്റെ പ്രതിനിധിയായി ആരും ഇവരെ വന്ന് കണ്ടില്ല. ആകെ വന്നവര്‍ ചെന്നിത്തലയും ലതികാ സുഭാഷും മാത്രം. സമരത്തിന് ശേഷം ഇവര്‍ ഗവര്‍ണറെ കണ്ടു. അദ്ദേഹം ഒന്നര മണിക്കൂറെടുത്ത് കാര്യങ്ങള്‍ വിശദമായി ചോദിച്ചു മനസിലാക്കി. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്ക് പിണറായി സര്‍ക്കാര്‍ സ്ഥാനകയറ്റം നല്‍കിയ വിവരവും ഗവര്‍ണറോട് പറഞ്ഞു. അദ്ദേഹം ഒപ്പമുണ്ടാകുമെന്ന് ഉറപ്പു നല്‍കി.
മൂത്ത മകളുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കുടുംബത്തിന് നല്‍കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എടുത്തത് 42 ദിവസമാണ്. രണ്ടാമത്തെ കുട്ടി കൂടി ആത്മഹത്യ ചെയ്ത ശേഷമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ആദ്യത്തെ റിപ്പോര്‍ട്ട് യഥാസമയം കിട്ടിയിരുന്നെങ്കില്‍ രണ്ടാമത്തെ കുട്ടിയെങ്കിലും രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് അമ്മ വേദനയോടെ ഓര്‍ത്തു. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയത് തങ്ങള്‍ വിശ്വസിച്ചുപോയത് തെറ്റാണെന്ന് അമ്മ പറഞ്ഞു. എന്നിട്ട് കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കി.
ഓര്‍മ്മ വച്ച നാള്‍ മുതല്‍ സി പി എമ്മുമാരാണ് ഈ കുടുംബം.പ്രതികളില്‍ രണ്ടു പേര്‍ സി പി എമ്മുകാരാണ് .അക്കാര്യം മാധ്യമങ്ങളോട് പറഞ്ഞതാണ് സി പി എമ്മിന് വിഷമമുണ്ടാക്കിയത്. ജില്ലാ ജസ്ജിയായിരുന്ന പി.കെ. ഹനീഫിനെ സര്‍ക്കാര്‍ കമ്മീഷനായി തീരുമാനിച്ചിരുന്നു. പ്രസ്തുത റിപ്പോര്‍ട്ടും സര്‍ക്കാര്‍ മുക്കി .
ഇനിയെങ്കിലും മുഖ്യമന്ത്രി കണ്ണുതുറക്കണം. ഇല്ലെങ്കില്‍ ദൈവം സര്‍ക്കാരിനോട് പൊറുക്കില്ല.
"
https://www.facebook.com/Malayalivartha


























