കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ അട്ടിമറിക്കുന്നു; കേരളത്തിന് താക്കീതുമായി സദാനന്ദഗൗഡ, ഇത്തരം നിലവാരം കുറഞ്ഞ പ്രവർത്തനങ്ങളിൽ നിന്നും പിണറായി വിജയൻ സർക്കാർ പിന്തിരിയണമെന്ന് കേന്ദ്രമന്ത്രി

കേന്ദ്ര സർക്കാർ പദ്ധതികൾ പേരു മാറ്റി കേരളത്തിൽ അവതരിപ്പിക്കുന്നതിനെതിരെ ശക്തമായ താക്കീതു നൽകി കേന്ദ്ര മന്ത്രി സദാനന്ദഗൗഡ. സകല മേഖലയിലും അഴിമതി നിറഞ്ഞ സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. എൻ.ബി ടിവി, നേഷൻ ഫസ്റ്റ് മൂവ്മെന്റുമായി സഹകരിച്ച് സംഘടിപ്പിച്ച കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ സമ്പൂർണ വിവരങ്ങളടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്ര സർക്കാർ പദ്ധതികളെ കേരളത്തിൽ ഇടതുപക്ഷ സർക്കാർ അവതരിപ്പിക്കുന്നത് മൂന്ന് വിധത്തിലാണ്. പദ്ധതികളുടെ പേരുകൾ മാറ്റി കേരളത്തിൽ അവതരിപ്പിക്കുന്നതാണ് ഒന്നാമത്തെ രീതി.
പ്രധാനമന്ത്രി ആവാസ് യോജന എന്ന ഭവന പദ്ധതി കേരളത്തിൽ അവതരിപ്പിക്കുന്നത് ലൈഫ് പദ്ധതി എന്ന പേരിലാണ്. രണ്ടാമത്തെ രീതി പദ്ധതികളുടെ പേരുകളുടെ ചുരുക്കരൂപം പ്രചരിപ്പിക്കുക എന്നതാണ്. പ്രധാനമന്ത്രി കൗശൽ വികാസ് യോജന എന്നതിനെ പി.എം.കെ.വി.വൈ എന്ന് മാത്രം അവതരിപ്പിക്കും. മൂന്നാമത്തേത് പദ്ധതികളെ നടപ്പിൽ വരുത്താതെ അട്ടിമറിക്കലാണ്. ദേശീയ ഇൻഷുറൻസ് പദ്ധതിയായ അയുഷ്മാൻ ഭാരത് കേരളത്തിൽ അവതരിപ്പിക്കാത്തതിനെ ചൂണ്ടിക്കാട്ടിയാണ് മന്ത്രി വിമർശനം ഉന്നയിച്ചത്.
കേന്ദ്ര സർക്കാർ പദ്ധതികൾ കേരളത്തിൽ പേരു മാറ്റി അവതരിപ്പിക്കുന്നതിനെതിരെ നിരവധി പരാതികളാണ് പ്രധാനമന്ത്രിക്ക് ലഭിച്ചിട്ടുള്ളത്. പദ്ധതി ചെലവിനായി നൽകിയ പണമുപയോഗിച്ച് സംസ്ഥാന സർക്കാർ സ്വന്തം പരസ്യങ്ങൾ പ്രചരിപ്പിക്കുന്നത് പ്രതിഷേധാത്മകമാണെന്നും സദാനന്ദഗൗഡ കുറ്റപ്പെടുത്തി. ഇത്തരം നിലവാരം കുറഞ്ഞ പ്രവർത്തനങ്ങളിൽ നിന്നും പിണറായി വിജയൻ സർക്കാർ പിന്തിരിയണമെന്നും കേന്ദ്രമന്ത്രി താക്കീതു നൽകി.
കേന്ദ്ര സർക്കാർ പദ്ധതികളിൽ ജനങ്ങൾക്കുള്ള അജ്ഞാത ചൂഷണം ചെയ്യുന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് പരിപാടിയിൽ സംസാരിച്ച ആർ.എസ്.എസ് പ്രാന്ത സഹകാര്യവാഹ് എം.രാധാകൃഷ്ണൻ പറഞ്ഞു. നരേന്ദ്ര മോദി സർക്കാരിന്റേത് കേവലം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വികസ പദ്ധതികളല്ലെന്നും അടിസ്ഥാന ജനവിഭാഗങ്ങളെ പ്രാപ്തരാക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അദ്ധ്യക്ഷനായ പരിപാടിയിൽ ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ രാധാകൃഷ്ണൻ, എൻ.ബി ടീവി ചീഫ് എഡിറ്റർ ആദർശ് തുളസീധരൻ, നേഷൻ ഫസ്റ്റ് ഓർഗനൈസർ എം.എസ് വിഷ്ണു എന്നിവർ സംസാരിച്ചു.
https://www.facebook.com/Malayalivartha


























