ഇത് പ്രത്യുപകാരം ; എൽഡിഎഫിന് ആശയ പാപ്പരത്തം.. അഴിമതിക്കാർ ഒരു കൂടാരത്തിൽ ; പരിഹാസവുമായി കെ സുരേന്ദ്രൻ

യു ഡിഎഫിൽ നിന്നും എൽഡിഎഫിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ജോസ്
കെ മാണിയും കൂട്ടരും. ഈ വിഷയം രാഷ്ട്രീയത്തിൽ വൻ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എത്തിയിരിക്കുകയാണ്. സി.പി.എമ്മിന്റെ ആശയപാപ്പരത്തത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. ബാർ കോഴ കേസ് അട്ടിമറിച്ചത് പ്രത്യുപകാരമാണ് ഇപ്പോൾ നടന്നിരിക്കുന്നത് എന്നും കെ സുരേന്ദ്രൻ ആക്ഷേപിച്ചു.. അഴിമതിക്കേസുകൾ വെച്ച് ജോസ് കെ.മാണിയെ ബ്ലാക്ക് മെയിൽ ചെയ്താണ് കൂടെ കൂട്ടിയിരിക്കുന്നത്. എല്ലാ അഴിമതിക്കാരും ഒരേ കൂടാരത്തിലേക്ക് പോകുന്നതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കെ.എം. മാണിക്കെതിരായ അഴിമതി ആരോപണങ്ങളും സമരങ്ങളും മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിയും തൊണ്ടതൊടാതെ വിഴുങ്ങി. കേരള കോൺഗ്രസിന്റെ അഴിമതികളെല്ലാം ഇപ്പോൾ സി.പി.എം. പൂർണമായും ഏറ്റെടുത്തിരിക്കുകയാണ്. എൽഡിഎഫിന്റെ പ്രഖ്യാപിത നയങ്ങൾ കാപട്യമാണെന്ന് തെളിഞ്ഞു. അഴിമതിക്കേസുകൾവെച്ച് ബ്ലാക്ക് മെയിൽ ചെയ്ത് ജോസ് കെ. മാണിയെ കൂടെനിർത്തി.
ബാർകോഴ കേസ് തേച്ച്മായ്ച്ച് കളയാൻ കഴിയില്ല. ശതകോടികളുടെ ഇടപാടാണ് ബാർകോഴ കേസിൽ നടന്നിട്ടുള്ളത്. മാണിയുടെ വീട്ടിൽ നോട്ടെണ്ണൽ യന്ത്രം ഉണ്ടെന്ന് പറഞ്ഞയാളാണ് പിണറായി വിജയൻ. ഇപ്പോൾ സ്വർണക്കടത്തിലും ലൈഫ് മിഷൻ ഇടപാടിലുമെല്ലാം പിണറായി വിജയനും നോട്ടെണ്ണൽ യന്ത്രത്തിന്റെ ആവശ്യമുണ്ട്. അതിനാലാണോ നോട്ടെണ്ണൽ യന്ത്രം കൈവശമുള്ള പാർട്ടിയെ മുന്നണിയിലേക്ക് വിളിച്ചതെന്നും കെ. സുരേന്ദ്രൻ ചോദിച്ചു.
ഇനി പാലാരിവട്ടം കേസ് കൂടി അട്ടിമറിച്ച് മുസ്ലീം ലീഗിനെ കൂടി മുന്നണിയിലെടുക്കുന്നതാകും നല്ലത്. മുസ്ലീം ലീഗിന്റെ അഴിമതി കേസുകൾ അട്ടിമറിച്ച് അവരെ സ്വീകരിക്കുമോ എന്നാണ് കേരളത്തിന് അറിയാനുള്ളത്. എല്ലാ അഴിമതിക്കേസുകളും അട്ടിമറിച്ചത് ഇത്തരത്തിലുള്ള രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്.
ബാർകോഴ കേസ് നിയമസഭാ രേഖകളിലുള്ള അഴിമതി ആരോപണമാണ്. അതിൽ വസ്തുനിഷ്ടമായ അന്വേഷണം നടക്കണം. കേരള സർക്കാർ അന്വേഷിക്കാൻ തയ്യാറായില്ലെങ്കിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം.
ഒരു പാർട്ടിയെയും രാഷ്ട്രീയമായി മുന്നണിയിലെടുക്കുന്നതിന് തടസമില്ല. പക്ഷേ, അഴിമതി കേസുകൾ ഇല്ലാതാക്കരുത്. മധ്യകേരളത്തിൽ കോൺഗ്രസ് കൂടുതൽ ദുർബലമാകുന്നതോടെ എൻ.ഡി.എ. ശക്തമായി മുന്നോട്ടുവരും. ഇനി മധ്യതിരുവിതാംകൂറിലും മധ്യകേരളത്തിലും എൻ.ഡി.എയും എൽ.ഡി.എഫും തമ്മിൽ നേർക്കുനേർ കനത്ത മത്സരമുണ്ടാകുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ദേശീയപാത വികസനം ഉൾപ്പെടെയുള്ള പല കേന്ദ്രപദ്ധതികളും കേരള സർക്കാർ അട്ടിമറിക്കുകയാണെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു. ദേശീയപാത വികസനത്തിൽ മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണ്. 12600 കോടി രൂപ നൽകിയത് കേന്ദ്രസർക്കാരാണ്. എന്നാൽ കേന്ദ്രത്തിന്റെ പല പദ്ധതികളും സ്വന്തം പദ്ധതികളാക്കി മാറ്റാനാണ് കേരള സർക്കാരിന്റെ ശ്രമം. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രിയെക്കുറിച്ച് നല്ലവാക്ക് പറഞ്ഞത് അദ്ദേഹത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണെന്നും അല്ലാതെ പ്രശംസിക്കപ്പെടേണ്ട മനുഷ്യനല്ല പിണറായി വിജയനെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേ സമയംകോൺഗ്രസിലെ ചില കേന്ദ്രങ്ങളിൽ നിന്ന് കടുത്ത അനീതിയാണ് കേരള കോൺഗ്രസ് പാർട്ടി നേരിടേണ്ടി വന്നതെന്ന് ജോസ് കെ.മാണി പറഞ്ഞു.. പാലാ ഉപതിരഞ്ഞെടുപ്പിൽ ചതിക്കപ്പെട്ടെന്ന് പറഞ്ഞ ജോസ്, പി.ജെ.ജോസഫ് തനിക്കെതിരെ കടുത്ത വ്യക്തിഹത്യയാണ് നടത്തിയതെന്നും ജോസ് കെ. മാണി ആരോപിച്ചു. മുന്നണിമാറ്റം പ്രഖ്യാപിച്ചുകൊണ്ട് പാർട്ടി ഓഫീസിൽ ചേർന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എം. മാണി സാറാണ് യു.ഡി.എഫിനെ കെട്ടിപ്പടുത്തത്. ആ പ്രസ്ഥാനത്തിൽ കേരള കോൺഗ്രസിന് തുടരാൻ അർഹതയില്ലെന്നാണ് യു.ഡി.എഫ്. കൺവീനർ എഴുതി വായിച്ചത്. അതുവഴി കഴിഞ്ഞ 38 വർഷക്കാലം യു.ഡി.എഫിനെ അതിന്റെ രൂപീകരണത്തിലും അതിന്റെ ഉയർച്ചയിലും താഴ്ചയിലും വിജയത്തിലും പരാജയത്തിലും ഒപ്പം നിന്ന മാണിസാറിനെയും മാണി സാറിന്റെ രാഷ്ട്രീയത്തെയും ഒപ്പം നിന്ന ജനവിഭാഗത്തേയുമാണ് അപമാനിച്ചത്. കോൺഗ്രസിലെ ചില കേന്ദ്രങ്ങളിൽ നിന്ന് കടുത്ത അനീതിയാണ് കേരള കോൺഗ്രസ് പാർട്ടി നേരിടേണ്ടി വന്നതെന്നും അദ്ദേഹം ആരോപിച്ചു.
പാലായിൽ ഉപതിരഞ്ഞെടുപ്പിലുണ്ടായ ചതി, അതോടൊപ്പം എം.എൽ.എമാർ നിയമസഭക്ക് അകത്ത് നേരിടേണ്ടി വന്ന അപമാനവും അവഗണനയുമെല്ലാം യു.ഡി.എഫ്. നേതൃത്വത്തെ അറിയിച്ചപ്പോൾ ഗൗരവത്തിലെടുക്കുകയോ ചർച്ചക്ക് തയ്യാറാവുകയോ ചെയ്തില്ല. ഞങ്ങൾ ഈ പരാതികൾ പരസ്യപ്പെടുത്തിയിട്ടില്ല. അതിന്റെ ഫോറത്തിൽ അവതരിപ്പിച്ചിട്ടേ ഉളളൂ.
കടുത്ത, നീചമായ വ്യക്തിഹത്യയാണ് എനിക്കെതിരെ പി.ജെ.ജോസഫ് നടത്തിയത്. മാണി സാറിന് അസുഖമാണ് എന്ന് അറിഞ്ഞ ഉടൻ തന്നെ ലോക്സഭ ചോദിച്ചു. രാജ്യസഭ ചോദിച്ചു. അതിനുശേഷം പാലാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആരാകണം എന്ന് നിർബന്ധം പിടിച്ചു. പാർട്ടിയുടെ പേരും ചിഹ്നവും ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് പാർട്ടിയുടെ സംസഥാന കമ്മിറ്റി ഓഫീസ് ഏറ്റെടുക്കുമെന്ന് പറഞ്ഞു. മാണി സാറിന്റെ ഭവനം പോലും മ്യൂസിയമാക്കണമെന്ന് പറഞ്ഞു. ഇത് പൊളിറ്റിക്കൽ വൾച്ചറിസമാണ്. ഒരിക്കലും അതേ രീതിയിൽ അദ്ദേഹത്തോട് പ്രതികരിച്ചില്ല.
ഈ ഭിന്നതകൾ ഐക്യ ജനാധിപത്യമുന്നണിയെ ബാധിക്കുന്നതും ദുർബലപ്പെടുത്തുന്നതുമാണ്. കേരള കോൺഗ്രസിനെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴും യുഡിഎഫിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുമ്പോഴും ഒരിക്കൽപോലും ഇതുമായി ബന്ധപ്പെട്ട ചർച്ച നടത്താൻ യുഡിഎഫ് നേതൃത്വം തയ്യാറായില്ല. മറിച്ച് പി.ജെ.ജോസഫിന് മൗനമായി വേണ്ട സഹായവും പിന്തുണയും നൽകി.
കേന്ദ്രത്തിൽ ലോക്സഭയും രാജ്യസഭയും എടുത്താൽ യു.പി.എ.ക്ക് വളരെ നാമമാത്രമായ എംപിമാർ മാത്രമേ ഉളളൂ. അതിൽ രണ്ടുപേർ കേരള കോൺഗ്രസിൽ നിന്നാണ്. ഇത്തരമൊരു അവസ്ഥയിലും കേരള കോൺഗ്രസിനെ ഒരു പഞ്ചായത്തിന്റെ പേരിലാണ് മുന്നണിയിൽ നിന്ന് പുറത്താക്കിയത്. ഇത് ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ, ചരിത്രത്തിൽ തന്നെ ആദ്യമാണ്. യു.ഡി.എഫ് വിടാൻ 2016-ൽ കേരള കോൺഗ്രസ് പാർട്ടി തീരുമാനിച്ചതാണ്. അന്ന് ആ തീരുമാനമെടുത്തപ്പോൾ കോൺഗ്രസിലെ ചില നേതാക്കന്മാരുടെ മുഖ്യശത്രു കേരള കോൺഗ്രസ് ആണെന്ന് മാണിസാർ പറഞ്ഞ വാക്കുകൾ ഇന്നും പ്രസക്തമാണ്.
യുഡിഎഫിൽ നിന്ന് കേരള കോൺഗ്രസിനെ പുറത്താക്കി മൂന്നുമാസം പിന്നിട്ടിട്ടും തങ്ങളെ തിരിച്ചുകൊണ്ടുവരാനുളള ആത്മാർഥമായ ശ്രമം ഉണ്ടായില്ലെന്നും ഒരു ഫോർമുല പോലും മുന്നോട്ടുവെച്ചില്ല ജോസ് കെ മാണി കുററപ്പെടുത്തി. കേരള കോൺഗ്രസ് പ്രസ്ഥാനത്തെ തകർക്കുത എന്ന വ്യക്തമായ അജണ്ടയുടെ ആവർത്തനമാണ് ഇപ്പോഴും നടക്കുന്നത്. അതിന് കീഴിൽ പാർട്ടിയെ അടിയറവ് വെക്കാൻ കഴിയില്ല. ആത്മാഭിമാനം അടിയവറവ് വെച്ച് മുന്നോട്ടുപോകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി
"
https://www.facebook.com/Malayalivartha


























